Revision 1335958 of "മലയാള കവിതയുടെ അവസ്ഥ" on mlwiki

{{മായ്ക്കുക|}}കവിയുടെ സിദ്ധികൾ ജന്മസിദ്ധമാണ്. കർമ്മസിദ്ധമല്ല. കർമ്മംകൊണ്ട് ജന്മസിദ്ധമായ പ്രതിഭ വളർത്തിയെടുക്കാ മെന്നുമാത്രം. എന്നാൽ ആധുനിക യുഗത്തിൽ; എഴുതുവാനറിയുന്ന ആർക്കും തോന്ന്യാക്ഷരങ്ങളാൽ കവിത സൃഷ്ടിക്കാമെന്ന നിലയിലേക്ക്  കാര്യങ്ങൾ മാറ്റാൻശ്രമിക്കുന്ന പരിതാപകരമായ ഒരവസ്ഥയാണുളളത്.  മറ്റൊരു പണിയുമില്ലെങ്കിൽ കവിയായിക്കളയാം എന്നു കരുതുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ശബ്ദവും അർത്ഥവും താളാത്മകമായും ഹൃദയരഞ്ജകമായും സമ്മേളിക്കുമ്പോൾ മാത്രമേ കവിവിവക്ഷ ഏറ്റവും അഴകാർന്ന ആകാരത്തിൽ അവതരിക്കുകയൂളളൂ എന്ന തിരിച്ചറിവ് ചിലർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതാനുഭവങ്ങളുടെ സജീവവും സുഭഗവും ഭാഷാരൂപവുമായ ഉദ്ഗ്രഥനമാണ് കവിത എന്ന പൊതുതത്വം അംഗികരിക്കാതെ, കഠിനപദങ്ങളാൽ കസർത്ത് കാട്ടുവാൻ ശ്രമിക്കുകയാണ് ഇവർചെയ്യുന്നത്.  മനുഷ്യഹൃദയങ്ങളിൽ ഒരഖണ്ഡനാനുഭൂതി ഉണർത്താൻ പര്യാപ്തമല്ലെങ്കിൽ പിന്നെ കവിത എന്ന തലക്കെട്ട് കൊടുത്തതുകൊണ്ട് കാര്യമില്ലല്ലോ. 

	കവിഹൃദയത്തെ മഥിച്ച ഒരനുഭവം ഉപബോധത്തിലാണ്ടുപോയി അവിടെക്കിടന്ന് പല പരിണാമങ്ങളും സംഭവിച്ച് ഏതോ ഒരസുലഭ നിമിഷത്തിൽ ഭാഷയിലൂടെ പുറത്തുവരുന്നു. ഇതൊരു പ്രതിഭാശാലിയിൽനിന്നുമാത്രമേ സംഭവിക്കൂ.ആദ്യത്തെ അനുഭവത്തിനു സംഭവിച്ച രാസപരിണാമം ചമത്കാരിയാവണമെങ്കിൽ കവി ഭാവനാസമ്പന്നനായിരിക്കണം. സാമാന്യമായി കവിതയെ ഭാവനയുടെ ആവിഷ്‌ക്കാരമെന്ന് നിർവ്വചിക്കാം എന്നു ഷെല്ലിയും, ഭാവനയുടെയും വികാരത്തിന്റെയും ഭാഷ എന്നു ഹാസ്-ലിറ്റും, പ്രതിഭയില്ലെങ്കിൽ കവിതയില്ല എന്നു ഭാരതീയലങ്കാരികന്മാരും വാദിക്കുമ്പോൾ ഭാവനയ്ക്കും പ്രതിഭയ്ക്കും കാവ്യത്തിലുളള പ്രാധാന്യം വെളിപ്പെടുന്നു. മനുഷ്യന്റെ സഹജാവബോധത്താൽ പ്രേരിതമായി അവന്റെയുളളിൽ അവ്യക്തമായി ഉയരുന്ന ഒരു സൗന്ദര്യപ്പൊടിപ്പ് പുറത്തെടുത്ത് താരും തളിരുമണിയിച്ച് ആഹ്ലാദകാരിയായ ഒരു കലാസൃഷ്ടിയായിമാറ്റുന്ന പ്രക്രിയയുടെ പരിണിതഫലമാണ് കാവ്യം എന്നു സാരം. 

	ഹൃദയദ്രവീകരണക്ഷമത ഒരു കവിയുടെ സിദ്ധികളിൽ വളരെ പ്രാധാന്യമർഹിക്കുന്നു. അന്യരുടെ ശോകത്തിൽ പങ്കുചേരാൻ കഴിയുന്നവനു മാത്രമേ കവിതവരൂ. സഹജീവികളോടുളള സഹതാപം തന്മയീഭാവത്തെ സഹായിക്കുന്നു. ഹൃദയം വികാര തരിളിതമാകുമ്പോൾ കവിത നാമ്പെടുക്കുന്നു.  ശക്തമായ ഭാവങ്ങളുടെ കവിഞ്ഞൊഴുകലാണ് കവിത. ഭാവഗംഭീരം ധ്വനി സുഭഗോജ്ജ്വല ഭാവന കവനം എന്ന് മഹാകവി ജി. കാവ്യത്തെ ഒരു കവിതയിൽ പരാമർശിക്കുന്നുണ്ട്. പ്രതിഭോത്ഭവവും ഭാവനാമയവും ഭാവോദ്ദീപകവും ചിന്താബന്ധുരവും താളാത്മകവുമായ കാവ്യത്തിൽ ശബ്ദാർത്ഥങ്ങൾ അവയുടെ സാധാരണ വ്യാപരത്തിനപ്പുറം വേറെ ചിലതുകൂടി നിർവ്വഹിക്കുന്നുണ്ട്. കാവ്യം കലാസുഭഗമാകുമ്പോൾ ശബ്ദാർത്ഥങ്ങൾ ധ്വന്യാത്മകമായി മാറുന്നു.

എന്നാൽ  നവകവികളിൽ ചിലർ യാതൊരു നിയമവും പുലർത്താതെ  കാവ്യസൃഷ്ടിക്കു ശ്രമിക്കുകയാണെങ്കിലും അനുവാചകരുടെ മനസ്സിൽ ഇടംപിടിക്കുവാൻ അവർക്കാകുന്നില്ല. പ്രാരംഭത്തിലുണ്ടാകേണ്ട തെളിമയും പ്രസാദാത്മകത്വത്തിന് തികച്ചും അനുഗുണമായ ലാളിത്യവും ചില യുവ കവികളുടെ പ്രതിപാദ്യത്തിലും പ്രതിപാദനത്തിലും കാണപ്പെടുന്നില്ല എന്ന് അടിവരയിട്ടുതന്നെ പറയേണ്ടിയിരിക്കുന്നു. നല്ല കവിതകളുടെ മുഖമുദ്രയായി എല്ലാവരും എടുത്തുപറയാറുളള ഈ ഗുണങ്ങൾ പാടേയുപേക്ഷിച്ചുകൊണ്ട് അധികകാലം മുന്നോട്ടുപോകുവാൻ എങ്ങനെയാണ് കഴിയുക? ഒരു കവിയെ സംബന്ധിച്ചിടത്തോളം
മുൻപ് സൂചിപ്പിച്ചതുപോലെ, ശബ്ദവും അർത്ഥവും താളാത്മകമായും ഹൃദയരഞ്ജകമായും സമ്മേളിക്കുമ്പോൾ മാത്രമേ കവിവിവക്ഷ ഏറ്റവും അഴകാർന്ന ആകാരത്തിൽ അവതരിക്കുകയൂളളൂ എന്ന സാമാന്യ തത്വം ഹൃദയത്തോടു ചേർ‍ത്തുവയ്ക്കുകയാണാദ്യംവേണ്ടത്.