Revision 62363 of "ജലനാണയങ്ങൾ" on mlwikisource

'''അമ്പഴയ്ക്കാട്ട് ശങ്കരൻ'''


ഇന്ന് കാർമന്റെ പിറന്നാളാണ്‌. മാളുവിന്റെ പഴയ ഡേകെയർ കൂട്ടുകാരി. നാട്ടിൽ പോയി വന്നിട്ട് മാസങ്ങളായെങ്കിലും അവരുടെ വീട്ടിൽ ഇതുവരെ പോയില്ല. പോകണമെന്ന് പറയുമ്പോഴൊക്കെ ലക്ഷ്മി തടയും.


“വിളിച്ചില്ലെങ്കിലും ഒന്ന് പോയി വരുന്നതാണ്‌ മര്യാദ”. ലക്ഷ്മിയോട് പറഞ്ഞു.


“അവർ വിളിച്ചുകാണും. ആ ടേപ്പ് ഒന്ന് തിരിച്ചിടാൻ പറഞ്ഞിട്ട് എത്ര നാളായി.”


നിനക്കത് ചെയ്തുകൂടെ എന്ന് ചോദിക്കുന്നതിന്‌ മുമ്പേ രണ്ടു വട്ടം ആലോചിക്കുന്നത് നല്ലതാണ്‌. സ്വൈര്യവും സുസ്ഥിരവുമായ വിവാഹബന്ധത്തിന്‌ ഓർക്കേണ്ട ചില സംഗതികളുണ്ട്. അതൊന്നും മറക്കാൻ പാടില്ല. അതിലാദ്യത്തേത് ഹോർമോണുകളുടെ ഗതിവിഗതികളാണ്‌.


“നിനക്കറിയാലോ, അവരിതൊക്കെ വളരെ സീരിയസായി എടുക്കുന്നവരാണ്‌. കഴിഞ്ഞ അഞ്ചാറ്‌ വർഷത്തിനിടക്ക് അവരെന്തെങ്കിലും നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ടോ?”


“അത് പറയാൻ വേണ്ടി അങ്ങോട്ട് പോണ്ട. അവരതൊക്കെ മറന്നുകാണും. പിന്നെ ഇതൊക്കെ പറയാൻ പറ്റിയ കാര്യങ്ങളല്ലെ. നാടിനെക്കുറിച്ചുള്ള മതിപ്പ് കളയാൻ.”


ഇന്ത്യയെക്കുറിച്ച് മതിപ്പും ആദരവുമുള്ളവരാണ്‌ ലിൻഡയും ഭർത്താവ് മൈക്കും. അതുപോലെ നല്ല ചരിത്രബോധമുള്ളവരും. അമേരിക്കൻ ജനതയുടെ അമിത ദേശീയ ബോധത്തെക്കുറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറി പാർത്ത ഒരു കുടുംബത്തിലെ കണ്ണിയായിട്ടും ലിൻഡ പറയുന്നത് കേട്ടിട്ടുണ്ട്.


“അവരെല്ലാം നല്ല വിവരം ഉള്ളവരാണ്‌. എല്ലാ നാട്ടിലും നല്ലതും ചീത്തയും ഉണ്ടെന്ന് അവർക്കറിയാം.“


”ഒന്ന് വിളിച്ചിട്ട് പോകുന്നതാണ്‌ നല്ലത്.“


”ഞാൻ ട്രൈ ചെയ്തു. നമ്പറ്‌ മാറീന്നാ തോന്നണെ.“


”എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കണ്ടെ?“


ഷോപ്പിങ്ങിനുള്ള ഒരവസരവും പാഴാക്കരുതെന്ന് നിർബന്ധബുദ്ധിയുള്ളവൾ. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വർണാഭമായ വലിയ മാളുകൾ ഏതു സ്ത്രീയുടേയും ദൗർബ്ബല്യമാണ്‌. മാത്രമല്ല മനുഷ്യചരിത്രത്തിൽ ചൊവ്വക്ക് ശുക്രനേയും മാറിച്ചും പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലല്ലോ.


- മഹിക്ക് അമേരിക്കയിൽ ഏറ്റവും ഇഷ്ടമുള്ളത് എന്താണ്‌?


കമ്പനിയുടെ ഹൈദരാബാദ് ഓഫീസിൽ നിന്നും ഹരീഷും നവീനും വന്നപ്പോൾ ശ്യാമിന്റെ വീട്ടിൽ കൂടിയതാണ്‌.


- ഇൻഡിവിഡ്യൽ പ്രൈവസി


- അപ്പോ ലിബർട്ടി, ഓപ്പർച്യൂനിറ്റി?


നവീൻ ചോദിച്ചു. പൊട്ടിച്ചിരിക്കാനാണ്‌ തോന്നിയത്. അതിഥി നിഷ്കളങ്കനായതുകൊണ്ട് ഒന്ന് ചിരിച്ചതേയുള്ളൂ.


- ഏറ്റവും വെറുക്കുന്നത്?


- ഷോപ്പിങ്ങ് മാളുകൾ


- മാളുകളെ അങ്ങനെ കുറ്റം പറയണ്ട. നടക്കാത്ത ഒരു സമൂഹത്തിന്‌ ദൈവം അനുഗ്രഹിച്ച് നല്കിയതാണ്‌ മാളുകൾ.


മുപ്പതു ശതമാനത്തിലധികം ആളുകൾ അമിതഭാരത്താൽ വലയുന്ന ഒരു രാജ്യത്തെക്കുറിച്ച് ലഹരിയിലാണെങ്കിലും ശ്യാം പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നുന്നു.


”അച്ഛന്റെ പെറന്നാള്‌ എന്നാണമ്മേ?“


ഈ വർഷമാണ്‌ ആദ്യമായി മാളു അത് ശ്രദ്ധിച്ചതെന്ന് തോന്നുന്നു. മറ്റു മൂന്ന് പിറന്നാളും കഴിഞ്ഞിരിക്കുന്നു.


“അച്ഛനോട് തന്നെ ചോദിക്ക്. പിറന്നാള്‌ എന്ന് പറയുമ്പോ ചതുർത്ഥിയല്ലെ നിന്റച്ഛന്‌.”


കുട്ടിക്കാലത്തും, കൗമാരത്തിന്റെ ആദ്യനാളുകളിലും മാത്രമെ പിറന്നാളാഘോഷിച്ചത് ഓർമ്മയിലുള്ളു. നിലവിളക്കിന്‌ മുമ്പിൽ, നീളമുള്ള വാഴയില മുറിച്ച് രണ്ടായി കീറി, കടഭാഗം തിരിച്ചുവെച്ച് അതിന്‌ മുകളിലെ നാക്കിലയിൽ നെയ്യും പരിപ്പും മുതൽ എല്ലാം വിളമ്പുന്ന അമ്മയുടെ അനുഷ്ഠാനത്തിന്റെ നാളുകൾ. വലത്തും ഇടത്തും ഇരിക്കാൻ വാശി പിടിക്കുന്ന കുട്ടികൾ.
ഇപ്പോൾ വ്യത്യസ്തമായ രീതികളാണെന്നേയുള്ളൂ. മധുരമായി ഇംഗിഷ് പാട്ടിനൊത്ത് നൃത്തം വെക്കുന്ന കുട്ടികൾ. ഹാപ്പി ബർത് ഡേ പാടുമ്പ്ഴുള്ള ആഹ്ലാദം. പിന്നെ ബർത് ഡേ വിഷ്. 
അവസാനം പോപ് ദ് ബലൂൺ.


- ബ്ലോ ദ് കൻഡിൽ വിത എ വിഷ്


കഴിഞ്ഞ വർഷം ജിത്തുവിന്റെ പിറന്നാളിന്‌ കേക്ക് മുറിക്കുന്ന സമയം. അക്ഷമയോടെ മാൾ ജിത്തുവിനോട് പറയുന്നു.


- ഐ വിഷ് എവരിബഡി ബിക്കം റിച്ച്.


ജിത്തുവിന്റെ കൂസലില്ലാത്ത വർത്തമാനം കേട്ട് ചുറ്റിം കൂടി നിന്നവർ പൊട്ടിച്ചിരിച്ചു. പിന്നിട് ഒറ്റ ഊതിന്‌ എല്ലാം മെഴുകുതിരികളും അണഞ്ഞു.


“ആർ യു ഡ്രീമിങ്ങ് ഡാഡി”


വേനലിൽ മുറിഞ്ഞ് ഒഴുക്ക് നിന്ന നദി പോലെ ഗൃഹാതുരത്വത്തിന്റെ അലകൾ മുറിഞ്ഞുപോയി.
അച്ഛന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള കഥകൾ കേട്ട് മാളുവിന്‌ മടുത്തതാണ്‌. കാടിവെള്ളം കുടിക്കുന്ന തള്ളപശുവിന്റെ അമ്മിഞ്ഞ നുണയുന്ന കിടാവിന്റെ കഥ ഇനി ജിത്തുവിന്‌ പറഞ്ഞുകൊടുക്കാം.


“ക്യാൻ ഐ ഹാവ് എ പെറ്റ് ഡാഡ്...പ്ലീസ്. ചെറിയ ഡോഗ് മതി. അല്ലെങ്കി ക്യാറ്റ്”


“നിങ്ങളെ മേയ്ക്കാൻ തന്നെ സമയില്ല്യ. പിന്നല്ലെ പട്ടീം, പൂച്ചേം” ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞു.


“നെക്സ്റ്റ് ബെർത് ഡേക്ക് എന്റെ വിഷ് അതാണ്‌” മാളു ഉറപ്പിച്ചു.


എന്തെങ്കിലും മറുപടി കേൾക്കുമെന്ന് പ്രതീക്ഷിച്ച് കുറച്ചുനേരം നിന്നശേഷം ഇവിടെ ആരൊടും ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ അമ്മയെ ചാനലുകളിലെക്കും അച്ഛനെ പകൽസ്വപ്നങ്ങളിലേക്കും വെറുതെ വിട്ട് മാളു മുകളിലേക്ക് പോയി.


അഭിലാഷങ്ങൾ പൂവണിയുന്നതിന്‌ പിറന്നാൾ ദിനത്തിൽ പ്രർത്ഥിക്കുന്നു. സാന്റയോട് കുട്ടികൾ ക്രിസ്തുമസ് കാലത്ത് ആഗ്രഹിക്കുന്ന സമ്മാനങ്ങൾ പറഞ്ഞൾ അത് കിട്ടുമെന്ന് വിശ്വാസം. വിശേഷങ്ങൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ ആഗ്രഹസഫലീകരണത്തിന്‌ ജലത്തിലേക്ക് നാണയങ്ങൾ എറിയും.


കന്നി വിദേശയാത്രയുടെ ലഹരിയിൽ ഡിട്രോയിറ്റിൽ വന്നിറങ്ങിയത് ഇപ്പോഴും ഓർക്കുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ഡൊമെസ്റ്റിക് ടെർമിനലിൽ ഇരിക്കുമ്പോഴാണ്‌ ആദ്യമായി അത് ശ്രദ്ധിക്കുന്നത്. ചെറുതും വലതുമായ വാട്ടർ ഫൌണ്ടനുകളുടെ ജലത്തിനടിയിലെ നാണയങ്ങൾ. തീർത്ഥയാത്രക്കിടയിലെവിടെയോ പുഴയിലേക്കെറിഞ്ഞ നാണയങ്ങൾ തപ്പിയെടുക്കാൻ മുങ്ങാം കുളിയിടുന്ന വയറുന്തിയ കുട്ടികളുടെ നനുത്ത ഓർമ്മ. 


ജലത്തിലേക്കെറിയുന്ന നാണയങ്ങളെക്കുറിച്ച് ഇവിടെയുള്ളവരുടെ വിശ്വാസങ്ങളെന്തെന്ന് അന്ന് അറിയില്ലായിരുന്നു.


രണ്ട് നാണയങ്ങൾ എറിഞ്ഞാൽ വിവാഹം നടക്കും. മൂന്നെറിഞ്ഞാൽ വിവാഹമോചനം. വാട്ടർ ഫൌണ്ടന്‌ മുഖം തിരിഞ്ഞ് നിന്ന് വലത് കൈകൊണ്ട് ഇടതു തോളിലൂടെ എറിഞ്ഞാൽ ഉദ്ദിഷ്ടകാര്യം സാധിക്കും.


ലോകത്തെല്ലായിടത്തും ഇത് കാണുന്നുണ്ട്. മനസ്സിലെ ആശ നിറവേറുന്നതിന്‌ നൂറ്റാണ്ടുകളായി മനുഷ്യൻ അനുവർത്തിക്കുന്ന ഒരു വഴി. ചരിത്രത്തിന്റെ താളുകൾ ക്രിസ്തുവിന്‌ മുമ്പ് അഞ്ഞൂറ്‌ വർഷം വരെ പിന്നോട്ട് മറിച്ച് വേണമെങ്കിൽ ഗ്രീസിലേക്കോ റോമിലേക്കോ പോകാം.
അസ്വസ്ഥത നിറഞ്ഞ മനസ്സിന്റെ അടയാളമാണ്‌ ജലത്തിലേക്കെറിയുന്ന നാണയങ്ങൾ.
ലിൻഡയിലേക്കും അവരുടെ കുടുംബത്തിലേക്കും മനസിനെ മടക്കി അയക്കുന്നതാണ്‌ നല്ലത്. വർഷങ്ങൾക്ക് മുമ്പാണ്‌ ലിൻഡയെ ആദ്യമായി പരിചയപ്പെടുന്നത്. മാളുവിന്റെ ഡേകെയറിൽ വെച്ച്. നിറഞ്ഞ യൗവനം വിട്ടെങ്കിലും മദ്ധ്യവയസിന്റെ നിരാശ ബാധിക്കാത്ത മുഖം. വെളുത്ത സുന്ദരിയായ ഒരു ബ്ലോൺഡ്.


മാളുവിന്‌ അന്ന് ഒരു വയസ് കഴിഞ്ഞിരുന്നു. വീട്ടിലിരുന്നാൽ മോർഗേജ്, കാർലോൺ, ക്രെഡിറ്റ് കാർഡ് എന്നിവയുടെ കടം വന്ന് മുടിഞ്ഞുപോകുമെന്നറിഞ്ഞ് ലക്ഷ്മിയും ജോലിക്ക് പോയിതുടങ്ങിയപ്പോഴാണ്‌ മാളുവിനെ ഡെകെയറിൽ ആക്കിയത്. ഒരർത്ഥത്തിൽ മാളു ഭാഗ്യവതിയാണ്‌. ഒരു വയസുവരെയെങ്കിലും മുഴുവൻ സമയവും അമ്മയോടൊപ്പമായിരുന്നവല്ലോ. കരഞ്ഞ് കരഞ്ഞ് കണ്ണീരിൽ ഉപ്പുവറ്റിയ ആറുമാസം പോലുമാകാത്ത കുഞ്ഞുങ്ങൾ ഇവിടെയുള്ള ഡെകെയറുകളിൽ ഉണ്ട്.


- മഹിയെ എനിക്കറിയാം


പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അവർ പറഞ്ഞു. മഹാദേവനെ മഹിയെന്ന് വിളിക്കാനുള്ള അടുപ്പം എങ്ങിനെ കിട്ടിയെന്ന് ആശ്ചര്യപ്പെട്ടപ്പോൾ അവൾ തുടർന്നു.


- ലക്ഷ്മിയെ ഞാൻ നല്ലവണ്ണം അറിയും അവരാണല്ലോ എന്നും വരാറുള്ളത്.


ഇവളുടെ മകൾ കാർമനെങ്ങിനെ ഒരു ഗോതമ്പുനിറവും കറുത്തമുടിയും എന്നാലോചിച്ച് നിന്നപ്പോൾ അവൾ ശുദ്ധമായ ഇംഗ്ലീഷിൽ പറഞ്ഞു.


- എന്റെ ഭർത്താവ് വെനിസൂലക്കാരനാണ്‌. ഒരു ദിവസം ലക്ഷ്മിയേയും കൂട്ടി വീട്ടിലേക്ക് വരൂ. പുതിയ കുടിയേറ്റക്കാരുടെ ഇടയിലെ ടേഡ് യൂണിയൻ പ്രവർത്തകനാണദ്ദേഹം.


ഉച്ചനീചത്തങ്ങളുടെ ഉണങ്ങാത്ത മുറിവുകൾ കുറച്ചെങ്കിലും അവശേഷിക്കുന്ന ഒരു ചെറിയ നഗരമാണിത്. ഗ്രാമ്യഭാഷക്കും ഗ്രാമസംഗീതത്തിനും പേരുകേട്ട നഗരം. വെളുപ്പും കറുപ്പും ചുവപ്പും മഞ്ഞയും നിറമുള്ള പട്ടങ്ങൾ പറപ്പിക്കാൻ കുഞ്ഞുങ്ങൾക്കോ, കുഞ്ഞുങ്ങളുടെ മനസ്സുള്ളവർക്കെ കഴിയു. വലിയവർക്ക് ഈ നിറമെല്ലാം തൊലിയുടെ നിറം തന്നെയാണ്‌ . ഇന്ത്യയിൽ നിന്നും വന്ന നല്ല കറുത്തനിറമുള്ളവർ പോലും സ്വകാര്യമായി കറുത്തവർഗ്ഗക്കാരെ നിന്ദിക്കുന്നത് കേട്ടിട്ടുണ്ട്. ഡൗൺ ടൗണിനടുത്താണ്‌ കറുത്തവരും ചുവന്നവരും താമസിക്കുന്നതിന്റെ അരികയാണ്‌ വീട് വാങ്ങിയതറിഞ്ഞ് അവിടെയുള്ള നിലവാരം കുറഞ്ഞ സ്കൂളുകളെക്കുറിച്ച് ഓർമിപ്പിച്ചതും ഓർക്കുന്നു. ഇതിനിടയിൽ തെക്കെ അമേരിക്കയിൽനിന്നും ഇണയെ കണ്ടെത്തുകയും ഇന്ത്യയെക്കുറിച്ച് അറിവും ആദരവും ഉള്ള, സോഷ്യലിസം സംസാരിക്കുന്ന ഒരു മദാമയെ കണ്ടുമുട്ടിയപ്പോൾ അതിശയം തോന്നി.


വളരെ ചെറിയ സൗഹൃദവലയത്തിലേക്ക് ലിൻഡയേയും കുടുബത്തേയും കൊണ്ടുവരണമെന്ന് തോന്നിയത് അങ്ങിനെയാണ്‌. ലിൻഡയുടെ വീട് ഡൗൺ ടൗണിനപ്പുറത്ത് ഏറെ മദ്ധ്യവർഗ്ഗക്കാർ താസിക്കുന്ന പ്രദേശത്താണ്‌. നിറങ്ങളുടെ ചേരിതിരിവുകൾ പോലെ വർഗ്ഗപരമായ ചേരിതിരിവുകൾ ഏറെയുള്ള നഗരമാണിത്. നഗരത്തിലും നഗരത്തിന്‌ ചുറ്റും ദരിദ്രർ, പ്രത്യേകിച്ച് കറുത്തവർഗ്ഗക്കാർ. അതിന്‌ ചുറ്റും മദ്ധ്യവർഗ്ഗം. തൊട്ടടുത്ത കൗണ്ടികളിൽ വിശാലമായ പുൽത്തകിടികളും, ഗോൾഫ് കോഴ്സും, കുതിരപന്തികളും നിറഞ്ഞ, രണ്ടും മൂന്നും മില്യൻ ഡോളർ വിലമതിക്കുന്ന വീടുകളിൽ താമസിക്കുന്നവർ.


കുട്ടികളുടെ പിറന്നാളുകൾ സൗഹൃദവലയങ്ങളുടെ ആഴവും വ്യാപ്തിയും വർദ്ധിപ്പിക്കും. അങ്ങിനെ മാളുവിന്റെ പിറന്നാളിനും പിന്നീട് ജിത്തു ജനിച്ചപ്പോൾ രണ്ടുപേരുടെ പിറന്നാളിനും അവരെ ക്ഷണിക്കാൻ തുടങ്ങി. കാർമന്റെയും പിന്നീട് പിറന്ന ജേക്കബ്ബിന്റേയും പിറന്നാളുകൾക്ക് അവരും ക്ഷണിച്ചുകൊണ്ടിരുന്നു.


- ഈ വിക്കെന്റിൽ കാർമന്റെ ബെർത് ഡേയാണ്‌ ലിൻഡ വിളിച്ചിട്ടുണ്ട്.


കഴിഞ്ഞ വർഷത്തെ കാർമന്റെ പിറന്നാളിന്‌ വളരെ മുമ്പ് തന്നെ അവർ വിളിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞാൽ മാളുവിന്‌ അഞ്ചു വയസ് തികയും. കാർമനും മാളുവും തമ്മിൽ രണ്ട് മാസത്തെ വ്യത്യാസമേയുള്ളൂ. ഒരേ ഡേകയറിലാണ്‌ പൊയിരുന്നുവെങ്കിലും ഒരേ സ്കൂളിൽ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.


ഇവിടെ എല്ലാ പിറന്നാളുകളും ഒഴിവ് ദിവസങ്ങളിലാണ്‌ ആഘോഷിക്കുക. യഥാർത്ഥ പിറന്നാൾ ദിനത്തിന്‌ മുമ്പോ പിമ്പോ ഉള്ള ആഴ്ചയുടെ അവസാനം. ഭാഗ്യമുള്ളവർക്ക് പിറന്നാൾ ദിനവും ആഴ്ച്ചയുടെ അവസാനവും ഒന്നായിത്തീരുന്നു.


കഴിഞ്ഞ വർഷം കാർമന്റെ പിറന്നാളും ശനിയാഴ്ച്ചയും ഒന്നായിരുന്നു. നാല്‌ വിമാനം കയറി നാട്ടിലെത്തേണ്ട നീണ്ട യാത്രകൾക്കുപോലും സമയനിഷ്ഠ പാലിക്കാത്ത ലക്ഷ്മിക്ക് പാർട്ടികൾക്ക് ആദ്യമായോ അവസാനമായോ എത്തരുതെന്ന് നിർബ്ബന്ധമുണ്ട്.


ഇരുളുന്നതിന്‌ മുമ്പെ ലിൻഡയുടെ വീട്ടിൽ എത്തിയിരുന്നു. ശ്രദ്ധയോടെ പർചരിക്കുന്ന പുൽത്തകിടിയിലേക്കൊന്ന് വെറുതെ നോക്കി. പുൽത്തകിടിക്ക് ചുറ്റും നല്ല ആകൃതിയിൽ വെട്ടി വൃത്തിയാക്കിയ കുറ്റിച്ചെടികൾ . ഭംഗിയുള്ള പൂക്കളെ നോക്കി ലക്ഷ്മി നെടുവീർപ്പിടുന്നത് കേട്ടു. ഇന്ത്യക്കാരുടെ വീടുകൾ തിരിച്ചറിയാൻ അവരുടെ പുൽത്തകിടികൾ നോക്കിയാൽ മതിയെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. കളകൾ നിറഞ്ഞിരിക്കും.


നേരത്തെ എത്തിയ അധികം പേരും മൈക്കിന്റെയും ലിൻഡയുടേയും അടുത്ത ബന്ധുക്കളാണ്‌ ആളുകൾ വന്നുകോണ്ടിരിക്കുകയും വർത്തമാനങ്ങളുടെ ഇരമ്പൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വർത്തമാന പറയുന്നവരിൽ രാഷ്ട്രീയം പറയുന്നവരുടെ ഇടയിലേക്ക് ചേക്കേറി. ലക്ഷ്മി, സ്വന്തം കുട്ടികളെക്കുറിച്ചും വസ്ത്രങ്ങളെക്കുറിച്ച് പറയുന്നവരുടെ ഇടയിലേക്കും.


- തെക്കു നിന്ന് പൊളിഞ്ഞ വേലിക്കിടയിലൂടെ വരുന്നവരെക്കുറിച്ച് മാത്രമെ എല്ലാവർക്കും പരാതിയുള്ളൂ. അത് കൂടിയാൽ മുപ്പത് ശതമാനം. വടക്കുനിന്നും, ആകാശത്തിലൂടേയും, കടലലിലൂടേയും വന്ന് സ്ഥിരതാമസമക്കിയവരെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല.


പ്രസിഡൻഷ്യൽ ഇലക്ഷൻ, ക്ലൈമറ്റ് ചെയ്ജ്, അൽ ഗോർ, മൈക്കിൾ മോർ തുടങ്ങി സകലമാന വിഷയങ്ങളും കഴിഞ്ഞ് കുടിയേറ്റത്തിൽ എത്തി നില്ക്കുകയാണ്‌. വൈനും, വിസ്കിയും, ക്യുബൻ സിഗാറും ചർച്ചകൾക്ക് എരിവും പുളിയും പകർന്നു.


ഇഷ്ടമുള്ള വിഷയമായതുകൊണ്ടും മൈക്കിളിന്റെ ആവേശം കണ്ടും ചർച്ചകളിൽ പങ്കെടുക്കാതെ തരമില്ലെന്നായി. ഇത്തരം പാർട്ടികളിൽ സിനിമയും സ്പോർട്സുമാണ്‌ വിഷയങ്ങളാവാറ്‌. മൈക്കിളിന്റെ പാർട്ടികൾ വ്യത്യസ്തമാവുമെന്നുള്ളതുകൊണ്ട് കാർമന്റെ പിറന്നാളാഘോഷം എന്നും ഇഷ്ടമായിരുന്നു.


- ഞങ്ങൾ വെനിസൂലയിലേക്ക് തിരിച്ച് പോയാലൊ എന്ന് ആലോചിക്കുകയാണ്‌. മഹി നാട്ടിലേക്ക് തിരിച്ച് പോകുന്ന കാര്യം ഇപ്പോഴും ആലോചിക്കുന്നുണ്ടോ?
മൈക്കിന്‌ നല്ല ഓർമ്മശക്തിയാണ്‌. കാർമന്റെ രണ്ടാം പിറന്നാളിന്റെ പാർട്ടിക്ക് പറഞ്ഞതാണ്‌.
- അതിന്‌ വെനിസൂലയും ഇന്ത്യയും ഒരു പോലെയാണോ. അവിടെ ജനാധിപത്യ്മുണ്ടോ?


ലിൻഡയുടെ ഓഫീസിൽ നിന്നും വന്നവരിൽ ആരോ ഒരാൾ ചോദിച്ചു.
- ഞാൻ വിചാരിച്ചത് ഷാവേസ് തെരഞ്ഞെടുപ്പിൽ ജയിച്ചാണ്‌ പ്രസിഡന്റായത് എന്നാണ്‌.
മൈക്ക് അയാളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. ജനാധിപത്യ കാർഡ് അധികം ചെലവാകാത്ത സമയമാണ്‌.


ജീവസ്സുറ്റ ചർച്ചകൾ സമയം അപഹരിച്ചുകൊണ്ടിരുന്നു.


പുറത്ത് തട്ടി വിളിക്കുന്ന ലിൻഡയെ എന്തിനാണെന്നറിയാതെ കുഴങ്ങുന്ന മുഖവുമായി നോക്കി. ലക്ഷ്മി അവരുടെ പിന്നിലുണ്ട്.


- വരു പറയാം


അവരുടെ പിന്നാലെ നടന്ന് കിടപ്പുമുറിയിലെത്തി. അരണ്ട വെളിച്ചത്തിൽ ഒരു കെട്ട് എഴുത്തുകളും കുറച്ച് ഫോട്ടോകളും അവരെടുത്തു. പിന്നെ ലൈറ്റ് ഓൺ ചെയ്തു. 


- ഇറ്റ് ഈസ് ഓകെ. ഇരിക്കു.


ഇരുവരും മടിച്ചുനിന്നപ്പോൾ ലിൻഡ പറഞ്ഞു.


- കഴിഞ്ഞ നലഞ്ചുവർഷമായി ഈ കുട്ടിയുറ്റെ വിദ്യാഭ്യാസത്തിനായി എല്ലാ മാസവും ഞാൻ അമ്പത് ഡോളർ അയക്കുമായിരുന്നു. നാലുമാസം മുമ്പ് അയച്ചത് തിരിച്ചുവന്നു. പിന്നെ ഒരിക്കൽ കൂടി ഞാൻ അയച്ചു. അതും തിരിച്ചുവന്നു. പിന്നീട് ഞാൻ അയച്ചില്ല.


ഫോട്ടോകൾ കൈമാറികൊണ്ട് ലിൻഡ പറഞ്ഞു.


- നല്ല ഐശ്വര്യമുള്ള കുട്ടി. മാളുവിനേക്കാളും കുറച്ചുകൂടി പ്രായമുണ്ടെന്ന് തോന്നുന്നു. എന്ത ഈ കൂട്ടീടെ പേര്‌?


ലക്ഷി ചോദിച്ചു.


- ചാന്ദ്നി. അവൾക്കിപ്പോ എട്ടു വയസ്സായി. വടക്കെ ഇന്ത്യയിലെ ഈ അഡ്രസ്സിലേക്കാണ്‌ ഞാൻ പണമയക്കാറ്‌.


അഡ്രസ് കൈമാറിക്കൊണ്ട് അവർ തുടർന്നു.


- ഇതൊരു നോൺ പ്രോഫിറ്റ് ഏജൻസിയുരെ അഡ്രസ്സാണ്‌. അവളുടെ കത്തുകൾ വായിച്ചാൽ കരിച്ചിൽ വരും. എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് പോകുമ്പോൾ അവളെ കാണണമെന്നത് എന്റെ ആഗ്രഹമാണ്‌. രണ്ടാഴ്ച്ച മഹി ഇന്ത്യയിലേക്ക് പോകുന്നുണ്ടല്ലോ


വർത്തമാനങ്ങിൾക്കിടയിൽ ഹൈദരാബാദ് യാത്രയെക്കുറിച്ച് ലക്ഷ്മി പറഞ്ഞിരിക്കുന്നു. അഡ്രസ് നോക്കിയപ്പോൾ ദില്ലിക്കും മീററ്റിനും ഇടക്കുള്ള ഒരു സ്ഥലമാണതെന്ന് മനസ്സിലായി.


- ബുദ്ധിമുട്ടുക്കുകയാണെന്നറിയാം. ഇന്ത്യയിൽനിന്നുള്ളവരിൽ നിങ്ങളുമായി മാത്രമെ ഇത്ര അടുപ്പമുള്ളൂ എന്നറിയാലോ. ഈ യാത്രയിൽ അവിടെ പോയി ഒന്നന്വേഷിക്കണം.


ആകെ രണ്ടാഴ്ച്ചയാണുള്ളത്. ആദ്യത്തെയും അവസാനത്തെയും വീക്കെന്റുകൾ യാത്രക്ക് വേണം. പിന്നെ ഇടയിലെ വീക്കെന്റിൽ നാട്ടിലേക്ക് പോകണമെന്ന് കരുതിയതാണ്‌. അമ്മയോട് എന്തെങ്കിലും തൊടുന്യായം പറയേണ്ടിവരും.


- ഇപ്പോ ഒന്നും പറയണ്ട. ആലോചിച്ച് പറഞ്ഞാൽ മതി.


- അതിനെന്താ മഹി പോയി അന്വേഷിക്കും


ലക്ഷ്മിയുടെ മനസ്സിൽ യഥാർത്ഥത്തിൽ എന്താണെന്ന് ഇപ്പോൾ ഉറപ്പിക്കാൻ കഴിയില്ല.


- എന്താ വേണ്ടത് ലക്ഷി?


തിരിച്ചുവരുമ്പോൾ കാറിൽ കയറിയ ഉടനെ ചോദിച്ചു. മഹിക്കെന്താ ഭ്രാന്തുണ്ടോ, വെറുതെ കാശും സമയവും കളയാമെന്നല്ലാതെ എന്ന് പറയുമെന്നാണ്‌ കരുതിയത്.


- ഒന്ന് പോയി വന്നോളൂ. ആ കുട്ടീടെ മുഖം കണ്ടപ്പൊ ഞാൻ മാളുനെ ഓർത്തു.


സ്നേഹത്തിന്റെ ആഴം അളക്കാൻ കഴിയില്ലെന്ന അറിവിന്‌ തെളിമ കൂടി വരികയാണ്‌. 
അങ്ങിനെയാണ്‌ യാത്രക്കിടയിൽ ഒരു ദിവസം ദില്ലിയിൽ പോകാൻ തീരുമാനിക്കുന്നത്.


“പോകണമെന്ന് തന്നെയാണോ തീരുമാനം?”


കനവുകളിൽ നിന്നും ഞെട്ടിയുണർന്നു.


“പിറന്നാൾ ആഘോഷം കഴിഞ്ഞ ആഴ്ച്ച ആയിരുന്നുവോ, അതോ ഈ ആഴ്ച്ചയാണോ എന്നറിയില്ല. അവരുടെ വീടായതുകൊണ്ട് വിളിക്കാതെ പോയാലും കുഴപ്പമില്ല. എന്തായാലും ഒന്ന് പോയി നോക്കാം.”


“ഇത്തിരി നേരത്തെ ഇറങ്ങണം. എന്തെങ്കിലും വാങ്ങണ്ടെ?”


ടിവിയിൽ സിനിമകൾക്കിടയിലെ ന്യൂസിനുള്ള ഇന്റെർവൽ ആണ്‌. കുട്ടികൾക്കുള്ള ഭക്ഷണം റെഡിയാക്കാൻ ലക്ഷ്മി അടുക്കളയിലേക്ക് പോയി. പകൽ വെളിച്ചത്തിൽ കണ്ണുകളടച്ച് സ്വപ്നങ്ങളിൽ മനസ്സുറപ്പിച്ചു.


ദില്ലിയിൽ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. അവരെയെല്ലം ഒന്ന് കണ്ട് ചായ കുടിച്ച് പിരിഞ്ഞാൽ ഒരു മാസം കടന്നുപോകുന്നതറിയില്ല. അതുകൊണ്ട് അവിടെ ഒപ്പം പഠിച്ചവരുടെ അഡ്രസ് തപ്പിയെടുത്തു. ക്ലാസിൽ പതിനാർ പേർ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും അടുപ്പമുള്ളവർ മൂന്ന് പേരാണ്‌. മധുരമായ് ഗസൽ പാടുന്ന ഉദയ് ശർമ, മഞ്ഞുകാലം ഏറെ ഇഷ്ടപ്പെടുന്ന വിവേക് ചതുർവേദി. രാത്രിക്ക് ദൈർഘ്യം കൂടുമ്പോൾ മന:സുഖം കൂടുമത്രെ. മനഷ്യന്‌ സ്വസ്ഥമായി ഉറക്കം കിട്ടുകയും ശരീരം അല്പം തടിക്കുന്ന കാലം. യൗവനത്തിൽ നിന്നും മദ്ധ്യവയസ്സിലേക്ക് കടന്ന വിവേകിന്റെ ഇപ്പോഴത്തെ അഭിപ്രായം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കൗതുകം തോന്നി. പിന്നെ ഇന്ദിരാഗാന്ധിയുടെ വധത്തിന്റെ നാളുകളിൽ ഉന്മൂലനം ചെയ്യപ്പെട്ട ഒരു കുടുംബത്തിലെ, ഹോസ്റ്റലിൽ താമസിക്കുന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ട, നെഞ്ചിൽ നെരിപ്പോട് കത്തുന്ന കുൽദീപ് സിങ്ങും.


മൂന്നുപേരേയും എയർപ്പോർട്ടിൽ കണ്ടപ്പോൾ ആഹ്ലാദം തോന്നി. ലിൻഡ തന്ന അഡ്രസ് വിവേകിന്റെ വീടിനടുത്താണ്‌. അച്ഛന്‌ റെയിൽവേയിൽ ആയിരുന്നു ജോലി. മകനും അവിടെത്തന്നെ. ഈ കൊച്ചു നഗരത്തിന്‌ വലിയ മാറ്റമൊന്നും ഇല്ല. അങ്ങിങ്ങ് കുറച്ച് കെട്ടിടങ്ങൾ വന്നുവെന്നല്ലാതെ. ഐടിയുടെ ഭൂതം ഒന്ന് ആവേശിച്ചാൽ മതി. എല്ലാം പെട്ടെന്ന് മാറും. പക്ഷെ അതിന്‌ അല്പം ഭാഗ്യവും കൂടി വേണമെന്ന് മാത്രം.


കോളേജും, റെയിൽവെ സ്റ്റേഷനും, തട്ടുകടകളും, ചൂടുള്ള ചായയും, സമോസയും, പക്കുവടയും, പുളിവെള്ളവും, പിന്നെ കനലിൽ ചുട്ടെടുത്ത റൊട്ടിയും സബ്ജിയും, നീളമുള്ള അധികം എരിവില്ലാത്ത പച്ചമുളകും. ഹൈദരാബാദ് ഓഫീസിലെ ടെൻഷനിൽനിന്നും മനസ്സിന്‌ ഉണർവ് നല്കിയ ദിവസ്മായിരുന്നു അവ.


- ആരാം കരോ ദോസ്ത്, ഡോണ്ട് വറി. നമുക്ക് അന്വേഷിക്കാം. എന്റെ ഒരു കസിൽ ഇവിടെ പോലീസ് സ്റ്റേഷനിലുണ്ട്.


വിവരങ്ങൾ പറഞ്ഞപ്പോൾ വിവേക് പറഞ്ഞു. ഇവിടെ പഠിക്കുന്ന കാലത്ത് ഒരിക്കൽ ആ സ്റ്റേഷനിൽ പോയത് ഇപ്പോഴും ഓർമ്മയിലുണ്ട്. റെയിൽവെ സീസൺ ടിക്കറ്റ് നഷ്ടപ്പെട്ടാത് റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു. ബാല്യവും കൗമാരവും സന്ധിക്കുന്ന പ്രായത്തിൽ നാട്ടിലുള്ള പൊലീസ് സ്റ്റേഷനടുത്തുകൂടെ നടന്നുപോകുമ്പോൾ കേട്ട അലറി കരച്ചിലിന്റെ ദു:സ്വപ്നങ്ങൾ വിട്ടു മാറിയിരുന്നില്ല. ആദ്യമായി പൊലീസ് മർദ്ദനം നേരിട്ട് കണ്ടത് ഇവിടെവെച്ചാണ്‌. പോക്കറ്റടിച്ച് പിടിക്കപ്പെട്ട നിർഭാഗ്യവാനായ ഒരു ചെറുപ്പക്കാരൻ. അന്ന് ദേഹമാകെ ദു:ഖവും ദേഷ്യവും പെരുത്തുകയറി. മനുഷ്യാവകാശക്കാർ ഇത്രയേറെ സജീവമല്ലാത്ത കാലം. ഇനി ഉണ്ടായാലും വലിയ കാര്യമൊന്നും ഉണ്ടെന്ന് തോന്നുന്നുല്ല.


വേണ്ടപ്പെട്ടവർ ഉണ്ടെങ്കിൽ പൊലീസ് സ്റ്റേഷനുകൾ മാതൃകാ കേന്ദ്രങ്ങളാണ്‌.


- ദെയറിസ് ഗുഡ് ന്യൂസ് ആൻഡ് ദെയറിസ് ബാഡ് ന്യൂസ്. ആക്ച്യലി നോ ഗുഡ് ന്യൂസ്, ഓൺലി ബാഡ് ന്യൂസ്.


ധാരാളം ഇഗ്ലീഷ് സിനിമകൾ കണ്ടതിന്റെ ഹാങ്ങോവറിൽ പകുതി തമാശയായും, പകുതി കാര്യമായും വിവേകിന്റെ കസിൻ പറഞ്ഞുതുടങ്ങി.


- നാലഞ്ചുമാസം മുമ്പാണ്‌ അവരുടെ ഓഫീസ് പൂട്ടിച്ചത്. ഇപ്പൊ എല്ലാവരും അകത്താണ്‌. അതിന്റെ ലീഡർ മാത്രം വിദേശത്തേക്ക് കടന്നു കളഞ്ഞു. അവ്ര് നോൺ പ്രോഫിറ്റ് അല്ല. ടെറിബിൾ ഹൈ പ്രോഫിറ്റ് ആണ്‌.


ദില്ലിയിൽ കേൾക്കുന്ന ഹിന്ദിയും ഈ നാടൻ ഹിന്ദിയും തമ്മിൽ വ്യത്യാസമുണ്ട്. എങ്കിലും മൻസ്സിലാവും.


- കുട്ടികളെ പഠിപ്പിക്കുന്നതിനെന്ന് പറഞ്ഞ് സായ്പ്പമാരെ പറ്റിച്ചാണ്‌ തുടക്കം നമ്മളെയൊക്കെ പറ്റിച്ച് അവരും കുറെ കുന്നുകൂട്ടിയിട്ടുണ്ടല്ലോ.


ലിൻഡയെ ഓർത്തപ്പോൾ എല്ലാവരും അങ്ങിനെയല്ലെന്ന് പറയണമെന്ന് തോന്നി. അയാളുടെ കഥ പറയുന്ന രസച്ചരട് മുറിക്കണമെന്ന് തോന്നിയില്ല.


- പിന്നീട് കള്ളപ്പണം, കുഴൽ പണം അങ്ങിനെ പലതും. അതീ സ്റ്റേഷനിലെ എല്ലാവർക്കും അറിയാമായിരുന്നു. ഇവിടെ പലർക്കും കിമ്പളവും കിട്ടുമായിരുന്നു. അടുത്തകാലത്തായി മയക്കുമരുന്നും കൊച്ചു പെൺക്കുട്ടികളെ വിദേശത്തേക്ക് കടത്തലും തുടങ്ങി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബഗ്ലാദേശും ആണ്‌ അവരുടെ പ്രധാന റൂട്ട്.


അമ്പരന്ന മുഖമായി നില്ക്കുന്ന വിവേകിനെ നോക്കിയപ്പോൾ ഈ നാട്ടുകാരനായ അയാൾക്ക് പോലും സംഗതിയുടെ ആഴവും പരപ്പും അപ്പോഴാണ്‌ മനസ്സിലാകുന്നതെന്ന് തോന്നി.


- കൊച്ചുപെൺക്കുട്ടികളെ കാണാതായി തുടങ്ങിയപ്പോൾ നാട്ടുകാർ ഇളകി. എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും മന:സുഖത്തോടെ ടോർച്ചർ ചെയ്തിട്ടുള്ളത് ഇവരെയാണ്‌.
പ്രതികളുടെ ഫോട്ടോ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.


- ഇവരെ പിടിക്കുന്ന സമയത്ത് ഉണ്ടായിരുന്ന കുട്ടികളെ അടുത്തുള്ള ഓർഫനേജിൽ കൊണ്ടാക്കി. മുന്നാല്‌ കൊല്ലമായി പണമയക്കുന്നു എന്നല്ലെ പറഞ്ഞത്. ഈ കുട്ടി അവിടെ ഉണ്ടാകാൻ വഴിയില്ല. ഈ കുട്ടിയെ കണ്ടതായി ഓർക്കുന്നുമില്ല.


ചാന്ദ്നിയുടെ ഫോട്ടോ നോക്കികൊണ്ട് അയാൾ പറഞ്ഞു. 


ഒന്നോ രണ്ടോ വെടിയുണ്ടകൾകൊണ്ടോ പെട്ടെന്നുള്ള ഹൃദയാഘാതംകൊണ്ടോ നിമിഷങ്ങൾക്കകം ജീവിതം വെടിയുന്നവർ എത്ര ഭാഗ്യവാന്മാരാണ്‌. എന്നാൽ ചാന്ദ്നി ഇപ്പോൾ എവിടെയായിരിക്കുമെന്നും എങ്ങിനെയായിരിക്കുമെന്നും ഓർക്കാൻ ഭയം തോന്നി.


മാളുവിനേയും ചാന്ദ്നിയേയും താരതമ്യം ചെയ്യുന്ന വിഹ്വലമായ മനസ്സിനെ നിയന്ത്രിക്കാനാകാതെ, മൈക്കിനോടും ലിൻഡയോടും എന്ത് പറയണമെന്നറിയാതെ ഉഴറിയ നരകയാത്രയായിരുന്നു തിരിച്ചുള്ള യാത്ര. തിരിച്ചെത്തിയാൽ ഹാങ്ങോവറും ജെറ്റ്ലാഗും ഒരാഴ്ച്ച കളയുമെന്നുള്ളതുകൊണ്ട് ലൈറ്റ് ബീർ മാത്രമെ വിമാനയാത്രയിൽ കഴിക്കാറുള്ളു. എന്നാൽ യാത്രയിൽ സുന്ദരിയായ എയർ ഹോസ്റ്റസ് മുഖം കറുപ്പിച്ചിട്ടും തുടരെ തുടരെ വിസ്കി കഴിച്ചുകൊണ്ടിരുന്നു.


“എന്തൊരു ഇരിപ്പാണത്. മണി രണ്ട് കഴിഞ്ഞു. ഇന്ന് പല്ലുകൂടി തേച്ചിട്ടില്ലാ അല്ലെ?”


ലക്ഷ്മിയുടെ പരിഭവം കുട്ടികളുടെ ഭക്ഷണം കൊടുത്തതും ടിവിയിലെ സിനിമ കഴിഞ്ഞതും അറിയിച്ചു. ഇനി സിനിമ വൈകുന്നേരമെ ഉള്ളു.


ഇന്ന് അലാസ്കയിൽ സൂര്യൻ അസ്തമിക്കാത്ത ദിവസമാണ്‌. എന്നാൽ ലിൻഡയുടെ സ്വപ്നങ്ങൾ അസ്തമിക്കുന്ന ദിവസവും. ഇരുളുന്നതിനുമുമ്പെ പുറപ്പെട്ടു. വഴിയിൽ ലോകത്തിലെ ഏറ്റവും വലിയ സുപ്പർമാർട്ടിന്റെ സെന്ററിൽ എത്തയപ്പോൾ ലക്ഷ്മി മാത്രമെ ഇറങ്ങിയുള്ളു. ബാക് സീറ്റിലെ ഡിവിഡി പ്ലേയറിൽനിന്നും സ്പൻജ് ബാബ് സ്ക്വയർ പാന്റിന്റെ അലർച്ച തുടർച്ചയായി കേട്ടുകൊണ്ടിരുന്നു. അമ്മ ഇറങ്ങിപ്പോയത് കുട്ടികൾ അറിഞ്ഞിട്ടില്ല. ഷോപ്പിങ്ങ് അവസാനിപ്പിച്ച് ലക്ഷ്മി വേഗം പുറത്തുവന്നപ്പോൾ അത്ഭുതം തോന്നി. 


വാതിൽ മുട്ടി വിളിച്ചപ്പോൾ ലിൻഡയുടെ അനുജത്തിയാണ്‌ തുറന്നത്. ഡിന്നർ ടൈമിലെ കാളും, പ്രതീക്ഷിക്കാത്ത അതിഥികളും ഇവിടെ മര്യാദയുടെ ഭാഗമല്ല.


“വരൂ, അകത്തിരിക്കാം”


“മൈക്കും ലിൻഡയും.....?”


“അവർ വെനിസൂലയിലേക്ക് തിരിച്ചുപോയല്ലോ. മൈക്കിന്റെ ഡാഡി മരിച്ചു. അതിന്റെ ആവശ്യത്തിനാണ്‌ പോയത്. മൈക്കിന്റെ വയസ്സായ അമ്മ മാത്രമെ അവിടെ ഉള്ളു. അവരവിടെ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചു. കാർമനെ അവിടെ സ്കൂളിൽ ചേർത്തു.“


ഒരു നിമിഷം സന്തോഷിക്കണോ ദു:ഖിക്കണോ എന്നറിയാതെ മനസ്സ് തുടിച്ചു.


”ഇനിയെപ്പഴാ വരാ?‘


“ഈ വീട് ഞങ്ങള്‌ വാങ്ങിച്ചു. അതിന്റെ രജിസ്ട്രേഷന്‌ രണ്ടാഴ്ച്ച കഴിഞ്ഞ് മൈക്കെ വരുന്നുണ്ട്. മൈക്കിനോട് എന്തെങ്കിലും പറയണോ? ലിൻഡയും കുട്ടികളും വരുന്നുണ്ടാകില്ല.”


മൈക്കിനോട് പറയണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. ചാന്ദ്നിയെക്കുറിച്ച് അവർ അറിയാതിരിക്കുന്നതാണ്‌ നല്ലത്.


“നിങ്ങളെ ഡിന്നർ ടൈമിൽ ബുദ്ധിമുട്ടിക്കുന്നില്ല. ഞങ്ങള്‌ പോട്ടെ”


തിരിച്ചിറങ്ങുമ്പോൾ ബാക്കിയുണ്ടായിരുന്ന പകൽ വെളിച്ചവും മറഞ്ഞിരുന്നു.


“ഇവിടെ ഒന്ന് നിർത്താമോ? അഞ്ചുമിനിറ്റ് മതി”


നീലയും വെള്ളയും നിറഞ്ഞ മാളിന്റെ വലിയ ബോർഡ് കണ്ട് ലക്ഷ്മി പറഞ്ഞു


“നിനക്കെന്താണ്‌ ലക്ഷ്മി, ഇപ്പൊ തന്നെ ഇവിടെ കേറിയല്ലേയുള്ളു. നാളെ ഓഫീസിൽ പോണ്ടെ?”


വെറുതെ പറയാമെന്നല്ലാതെ കാര്യമൊന്നുമില്ല. അഞ്ച് മിനിറ്റ് മണിക്കൂറുകളാകുമെന്ന് അറിയാഞ്ഞിട്ടല്ല. ഹോർമോണുകളുടെ രൗദ്രഭാവവും കിടപ്പുമുറിയിലെ പട്ടിണിയും ഓർത്ത് വണ്ടി മാളിലേക്ക് തിരിച്ചു. ഷോപ്പിങ്ങും ഫാസ്റ്റ് ഫൂഡും കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും അർദ്ധരാത്രിയോടടുത്തിരുന്നു. കാറിൽ കയറിയപ്പോഴേക്കും കുട്ടികൾ ഉറങ്ങി.


“നാട്ടിൽ സ്മാർട്ട് സിറ്റി വരുന്നണ്ടത്രെ. നമുക്കൊന്ന് ട്രൈ ചെയ്താലോ?”


മൗനത്തിന്റെ ദൈർഘ്യം മനസ്സ് കലുഷമാക്കുന്നതറിഞ്ഞ് ലക്ഷ്മിയോടെ ചോദിച്ചു.
“മഹിക്കെന്താ വട്ടുണ്ടോ?”


പാതി മയക്കത്തിൽ നിന്നും ഉണർത്തിയതിന്റെ നീരസത്തിൽ അവൾ പിലമ്പി. ആകാശത്തിലിരുന്ന് അപ്പോഴും ചൊവ്വയും ശുക്രനും ചിരിക്കുന്നുണ്ടായിരുന്നു.

*  
  
(പുഴ ഓൺലൈൻ മാഗസീനിൽ പ്രസിദ്ധീകരിച്ചത്) 



'''നീലിമ''' 

'''അമ്പഴയ്ക്കാട്ട് ശങ്കരൻ'''

നീലിമ നഗരത്തിൽ അറിയപ്പെടുന്നവളാണ്‌. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അവളുടെ വലിയ വീടിന്റെ ഗെയ്റ്റിനരികെ മതിലിന്മേൽ ചെമ്പുതകിടിൽ അവളുടെ പേര്‌ എഴുതിവെച്ചിരിക്കുന്നു. വലിയ വീടാണെന്ന് എഴുതിയിരുന്നുവെങ്കിലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല.

ടാറിട്ട റോഡിൽനിന്നും സിമന്റ് ചെയ്ത മുറ്റത്തേക്ക് കയറാം. ശ്രദ്ധയോടെ പരിചരിക്കുന്ന വലിയ മുറ്റം. പൂന്തോട്ടത്തിൽ വിവിധ തരം പൂക്കൾ. പനിനീരും സൂര്യകാന്തിയും തിരിച്ചറിഞ്ഞു. മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും കണ്ടു ശീലിച്ച കണ്ണുകൾക്ക് മറ്റുള്ളവ തിരിച്ചറിയാനായില്ല.

വീടിന്റെ പ്ലാൻ നീലിമയുടേതായിരിക്കും. അവളുടെ സ്വപ്നങ്ങളിൽ എല്ലായ്പ്പോഴും ഒരു നല്ല വീടുണ്ടായിരുന്നു. ആധുനിക സൗകര്യങ്ങളും തറവാടിത്തവും നിറഞ്ഞ ഒരു വീട്.

- ഒരായിരം സ്വപ്നങ്ങളിൽ ആദ്യത്തേതൊരു വീട്. സ്വപ്നങ്ങളിൽ സ്വപ്നം സാക്ഷാത്ക്കരിക്കിമ്പോഴേക്കും ഉണരുന്നു നീരജ്. ദൈവം എന്തൊരു പിശുക്കനാണ്‌. പക്ഷെ ഒരിക്കൽ എല്ലാം യാഥാർത്ഥ്യമാകും.

അവളെഴുതാറുള്ള വരികൾക്ക് ദു:ഖത്തിന്റെ നേർത്ത ഈണമുണ്ട്. പ്രത്യാശയുടെ കിരണവും.

കോളിങ്ങ് ബെല്ലിന്റെ വിരലമർത്തുന്നതിനുമുമ്പെ വാതിൽ തുറന്നു. ഈ കുട്ടിയെ ഇതിനുമുമ്പ് കണ്ടിട്ടില്ല. ഇവളെക്കുറിച്ച് നീലിമ എഴുതിയതായി ഓർക്കുന്നുമില്ല. തിരക്കിനിടയിൽ എഴുതാൻ വിട്ടുപോയതായിരിക്കും.

“ചേച്ചി വന്നില്ല. ഫോൺ ചെയ്തു പറഞ്ഞിരുന്നു. ഇപ്പൊ വരും.“

ഈ പാവാടക്കാരിയുടെ സംഭ്രമങ്ങൾ നിറഞ്ഞുതുളുമ്പുന്നത് കാണാൻ ഭംഗിയുണ്ട്.

”ഇരിക്കു“

അകത്തു കടക്കുമ്പോൾ വിശാലമായ സ്വീകരണമുറി പരിചയിക്കുകയായിരുന്നു. വൈകിയാലും സരമില്ല നീലിമ, നീ ഭാഗ്യവതിയാണ്‌.

”കുട്ടീടെ പേരെന്താ“

”മായ“

”നീലിമേടെ ആരെങ്കിലുമാണോ?“

”അല്ല ചേച്ചീടെ സഹായത്തിന്‌ നിക്കാ“

കുറച്ചുകൂടി ചോദ്യങ്ങൾ വേണമെങ്കിലും ചോദിക്കാം. അപരിചരിതരോട് സ്വകാര്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ല.

”കുടിക്കാനെന്തെങ്കിലും..?“

”കുറച്ചു തണുത്ത വെള്ളം. ഏറെ നടന്നു.“

വെള്ളമെടുക്കാൻ മായ അകത്തേക്ക് പോയി. പകലറുതിയിലും കാറ്റാടിമരത്തിന്റെ മർമ്മരം മാത്രം ബാക്കിയായി. 

നീലിമയുടെ സാന്നിദ്ധ്യം മനസ്സിലുണരുന്നു. ഒരു തണുത്ത പ്രഭാതത്തിൽ വളരെ യാത്ര ചെയ്ത് സ്കൂളിൽ എത്തിയതായിരുന്നു. രാത്രിയിലെ വായനയും വെളുപ്പിനുള്ള യാത്രയും ശരീരത്തെ തളർത്തിയിരുന്നു. ക്ഷീണം കൊണ്ട് ഡെസ്കിൽ തല ചായ്ച്ച് ഉറങ്ങൈയതറിഞ്ഞില്ല. യാത്ര ചെയ്യുമ്പോഴും ഇടവേളകളിൽ ഉലാത്തുമ്പോഴും ആരെയും ശ്രദ്ധിക്കാറില്ല. എല്ലാവരുടെയും മുഖം വിളർത്തിരിക്കുമെന്നും ആദ്യമായി വരുന്നവരുടെ ആഹ്ലാദവും അമ്പരപ്പും വേഗം ചത്തൊടുങ്ങുമെന്നും അറിഞ്ഞിരിക്കുന്നു.

- എന്താ സുഖംല്യെ?

ആർക്കും അറിയേണ്ടാത്തത് ഇവളെന്തിൻ അന്വേഷിക്കുന്നു എന്ന അത്ഭുതം അവളും കണ്ടിരിക്കണം.

- സാരല്യ. നേരത്തെ എണിറ്റു. നേരം വൈകിയാ ശീലം അതോണ്ടാ.

- ഇൻവിജിലേറ്ററു വന്നു

പുറത്തേക്കിറങ്ങൈ മുഖം കഴുകി വരുന്നതുവരെ അവൾ കാത്തു നിന്നു.

- എന്താ പേര്‌

- നീലിമ

“ഇതാ വെള്ളം”

മായയുടെ ശബ്ദ്ത്തിന്‌ വീണക്കമ്പികളുടെ സ്വരം. ഓർമകളുടെ പളുങ്കുപാത്രം ഉടഞ്ഞുപോയി.

“സാറിനെന്താ സുഖംല്യെ?”

“എന്തിനാ സാറെന്ന് വിളിക്കണെ. എട്ടാന്ന് വിളിച്ചോളൂ.”

പുറത്തിരുന്ന് നേരം കളയാൻ എഴുന്നേറ്റു. പടിഞ്ഞാറ്‌ ചെമന്നിരിക്കുന്നു. അസ്തമനത്തിന്‌ മുമ്പുള്ള പ്രഭ തൊടിയാകെ നിറഞ്ഞു.

“പാഠിക്കണുണ്ടോ?”

പിന്തുടരുന്ന മായയെ നോക്കി ചോദിച്ചു.

“ഉവ്വ്”

“എത്രേലാ”

“ഒമ്പതില്‌”

“ഞാൻ ചേച്ചിടെ ആരാന്നറിയോ”

“ഇല്ല”

“അതിപ്പൊ എനിക്കും അറിയില്ലല്ലോ”

മായ പൊട്ടിച്ചിരിച്ചു

“ഏട്ടൻ നല്ല തമാശക്കാരനാ”

“മായയുടെ വീടെവിട്യാ”

“തൃശ്ശൂര്‌ അടുത്താ”

“വീട്ടിൽ ആരൊക്കെയുണ്ട്”

“അമ്മേം ഒരനിയനും ഒരനിയത്തീം. അച്ഛൻ മരിച്ചു. കുടിച്ച് കുടിച്ചാ”

എത്രയോ പേരോട് ഇവളിത് പറഞ്ഞിരിക്കും. ഇളം മനസ്സുകൾ വേഗം വാടും. മായയുടെ മുഖമാകെ വിളറിയ കൃത്രിമ പ്രകാശത്തിന്റെ നിഴൽ. നോക്കിയിരിക്കാൻ മടി തോന്നി.

കുചേലൻ വരുന്നുണ്ടെന്നറിഞ്ഞ് കൃഷ്ണൻ രുക്മിണിയോട് ചോദിച്ചു. ഏറ്റവും വലിയ ദു:ഖം ഏതാണ്‌. പുത്രദു:ഖം, വൈധവ്യം, യുദ്ധം തുടങ്ങിയ പലതും രുക്മിണിയുടെ മനസ്സിൽ തെളിഞ്ഞു. അടുവിൽ രുക്മിണി പറഞ്ഞു. ദാരിദ്രദു:ഖം!

ചോദ്യങ്ങൾ പ്രതീക്ഷിച്ച് മായ കാത്തുനിന്നു. ഒടുവിൽ തന്നെ ഒറ്റക്ക് വിട്ട് അവൾ അകത്തേക്ക് പോയി. നിമിഷങ്ങളുടെ പരിചയമേ ഉള്ളുവെങ്കിലും തന്നെ മായ മനസ്സിലാക്കിയെന്നു തോന്നുന്നു.

ഉടഞ്ഞുപോയ പളുങ്കുപാത്രം ചിന്നിചിതിറിയിരുന്നില്ല. അത് അടുക്കിവെക്കാൻ ശ്രമിച്ച് തോട്ടത്തിലിരുന്ന് ഓർമകളുടെ പളുങ്കുകളിൽ മുഴുകി.

അത്ഭുതം കൂറുന്ന മിഴികളുമായി രണ്ടാമതും മറ്റൊരു സ്കൂളിൽ സന്ധിച്ചു. പേരിന്റെ ആദ്യത്തെ മൂന്നക്ഷരം ഒന്നാണെന്ന് അന്നാദ്യമായി ശ്രദ്ധിച്ചു. ഒരു പക്ഷെ ഇനിയും കണ്ടുമുട്ടുമെന്ന അറിവ് കൗതുകം ജനിപ്പിച്ചു. പേര്‌ ചോദിക്കുന്നതിലും അപരചിതർ തമ്മിൽ ആദ്യമായി ചോദിക്കുന്ന ചോദ്യങ്ങളിലും ഒതുങ്ങിപ്പോയ ആദ്യത്തെ കണ്ടുമുട്ടലിൽനിന്നും വ്യത്യസ്തമായിരുന്നു ഇത്തവണ. വഴക്കടിച്ചും പരിഭവിച്ചു ഇണങ്ങിയും പിണങ്ങിയും ജീവിച്ച് പിരിഞ്ഞ് കണ്ടുംട്ടിയവരെപ്പോലെയായി ഇരുവരും.

വളർന്നതു പഠിച്ചതും കുടുംബസഹചര്യങ്ങളും പരസ്പരം അറിഞ്ഞപ്പോൾ സഹാനുഭൂതി നിറഞ്ഞു. നീലിമ ദരിദ്രകുടുംബത്തിൽ ജനിച്ചു. അഛൻ നല്ലവണ്ണം മദ്യപിക്കും. ബോധൗള്ള സമയം കുറവാണ്‌. താന്തോന്നികളായ സഹോദരങ്ങളുടെ സഹായം അവൾ പ്രതീക്ഷിച്ചതേയില്ല. കരഞ്ഞും വാശിയോടെ പഠിച്ചും അവളുടെ ദിനങ്ങൾ കൊഴിഞ്ഞുവീണു.

തനിക്ക് ജീവിതം ഒരു ഭാരമായിരുന്നില്ല. ഇടത്തരക്കാരന്റെ പൊങ്ങച്ചങ്ങൾ നിറയാൻ ഒരു ജോലി അനിവാര്യമാണ്‌. കായികാദ്ധ്വാനത്തിന്റെ മഹിമ ആരോ വരച്ച ലക്ഷ്മണരേഖക്ക് അപ്പുറമാണ്‌. മത്സരപരീക്ഷകൾ തിങ്കൾ തൊഴലായി. അനുഷ്ഠാനം പോലെ അവയെഴുതി ദിനങ്ങൾ തള്ളിനീക്കി.

- അടുത്ത ടെസ്റ്റെവിട്യാ

ഓരോ സ്ഥലങ്ങളിലും കണ്ടുമുട്ടി പിരിയുമ്പോൾ ചോദിക്കുമായിരുന്നു.

- തന്റെ അഡ്രസ് എനിക്ക് തരാമോ?

ഒരിക്കൽ സംശയിച്ച് ചോദിച്ചു. അതിനുള്ള മറുപടി മറുചോദ്യമായിരുന്നു.

- നീരജിന്റെ അഡ്രസ് എനിക്ക് തരാമോ. ഞാൻ ആദ്യം എഴുതാം.

“നീരജേട്ടൻ ആരൊക്കെയുണ്ട്?”

മായയുടെ പാദസരത്തിന്റെ കിലുക്കം മയക്കത്തിൽനിന്നും ഉണർത്തി.

“എല്ലാരുംണ്ട്. അമ്മ അച്ഛൻ, ചേച്ചിമാർ, പിന്നെ നിന്നെ പോലെ കുസൃതിയായ ഒരനിയത്തിയും”

“അതിന്‌ ഞാനിപ്പൊ ന്ത് കുസൃതിയാ കാണിച്ചെ?”

“എന്റെ മുഖത്ത് നോക്കി കളിയാക്കി ചിരിക്കായിരുന്നില്ലെ?”

“എങ്ങിനാ ചിരിക്ക്യാണ്ടെ ഇരിക്ക്യാ. പ്രതിമ പോലെ ഒരൊറ്റ ഇരിപ്പല്ലെ”

മായയുടെ വേദനകൾ ഇത്തരം കൊച്ചു ത്മാശകളിൽ അലിയുന്നുണ്ടാകും.

പുറത്ത് ഇരുൾ പരക്കുന്നതറിഞ്ഞു. സന്ധ്യാവന്ദനങ്ങൾ ശിലിച്ചുതുകൊണ്ടാകാം മായ വീണ്ടും അകത്തേക്ക് പോയി. നിലവിളക്കുമായി തുളസിത്തറയുടെ മുമ്പിൽ വന്നുനിന്ന് തൊഴുന്ന മായയുടെ മുഖമാകെ ശാന്തതയുടെ തെളിമ.

മിഴികൾ അടഞ്ഞുപോകുന്നു. മനസ്സിലൊടുങ്ങിയ സംഭവങ്ങൾ ഓരാന്നായി ഉയർത്തെഴുന്നേല്കുകയാണ്‌. നീലിമ മാസത്തിലൊരിക്കലെങ്കിലും എഴുതുമായിരുന്നു. തന്റെ അലസത അവളുടെ കത്തുകളെ മുടക്കിയില്ല.

കത്തുകളിൽ സ്വകാര്യദു:ഖങ്ങൾ, ദാരിദ്രം, ബന്ധുക്കളുടെ ശാപവാക്കുകൾ, മറുപടി എഴുതാത്തതിലുള്ള പരിഭവങ്ങൾ എല്ലാമുണ്ടാകും. നിസ്സഹായത നിറ്റിയ മനസ്സുമായി മറുപടി എഴുതുക എളുപ്പമല്ല. പരിഭവങ്ങൾ വളരുമ്പോൾ വീർപ്പുമുട്ടൽ ഒഴിയാബാധയാകും. ഒടുവിൽ ഒരു മറുപടി. അവൾക്ക് സന്തോഷമാകാൻ അത് മതിയായിരുന്നു.

മത്സരപ്പരീക്ഷകൾ മധുരങ്ങളായി. പൊയ്യയിലെ വെറ്റിലയും, പഴഞ്ഞിയിലെ അടക്കയും, ഇടുക്കിയിലെ പുകയിലയും വാങ്ങി വാസനചുണ്ണാമ്പ് തേച്ച് മുറുക്കിത്തുപ്പി രസിച്ചു. നീലിമ മൂന്നുംകൂട്ടിയ ചെമപ്പിൽ ചിരിച്ചു. ആ ചിരിയാകെ പടരാൻ അയക്കാവുന്ന എല്ലാ ജോലികൾക്കും അപേക്ഷകൾ അയച്ചുകൊണിരുന്നു.

- ടെസ്റ്റിനുള്ള ഹാൾ ടിക്കറ്റ് വന്നിരിക്കുമല്ലോ. ചേട്ടന്മാർ എന്റെ കൂടെ പോരാൻ കൂട്ടാക്കുന്നില്ല. അവിടെ പോയി എഴുതിയിട്ട് ഒരു കാര്യവും ഇല്ലത്രെ. എപ്പഴാ ഭാഗ്യത്തിന്റെ വരവെന്ന് ആർക്കറിയാം. എനിക്ക് എഴുതണമെന്നുണ്ട്. അച്ഛൻ വന്നിട്ട് ഒരു കാര്യവുമില്ല. വന്നാത്തന്നെ ഞാനച്ഛനെ നോക്കേണ്ടിവരും. നീരജിന്‌ വിരോധം ഇല്ലെങ്കിൽ എന്നേയും കൊണ്ടുപോകണം. എന്റെ കൈയിൽ ഒറ്റ പൈസപോലുമില്ല. നീരജ് കരുതണം“

കത്തിലെ വരികൾ ഇപ്പോഴും ഓർക്കുന്നു. അധികം ഒന്നും ആലോചിക്കാതെ കൊണ്ടുപോകാമെന്ന് ഉറപ്പുകൊടുത്തു.

നഗരം താപംകോണ്ട് വരണ്ടിരുന്നു. ടെസ്റ്റ് കഴിഞ്ഞ് ഉടനെ മുറിയിലേക്ക് മടങ്ങി. ഇഴയുന്ന പാമ്പും, കയറിതീരാത്ത കോണിയും, ഭാരമില്ലാതെ ശരീരം ഉയർന്ന് പറക്കുന്നതും അന്ത്യയാമങ്ങളിൽ ഉറക്കം കെടുത്തിയിരുന്നു. താഴ്ന്ന് പറക്കാൻ ആഗ്രഹിച്ചാലും ഉയർന്നുയർന്നുപോകും. സ്വപ്നങ്ങളിൽ ഉയർന്നു പറക്കുമ്പോൾ മേഘങ്ങൾ മാലാഖമാരായി. മലയുടെ ഉയരങ്ങളും താഴവാരങ്ങളുടെ ആഴവും ഈറൻ സ്വപ്നങ്ങളെ പുളകമണിയിച്ചു. ഹോട്ടൽ മുറിയിലെ അരണ്ട വെളിച്ചത്തിൽ നീലിമയുടെ നിമ്നോന്നതങ്ങളിൽ കയറിയിറങ്ങി. വെയിലേക്കാതെ വെളുത്തപോയ ശരീരഭഗങ്ങളിൽ നഖക്ഷതങ്ങൾ നിറഞ്ഞു.

ഇടക്കൊന്ന് ഉണർന്നപ്പോൾ പുറത്ത് മഴ പെയ്യുകയാണ്‌. പുറത്തെ മഴയുടെ താളത്തിൽ പൊഴിഞ്ഞുപോയ ആലിപ്പഴങ്ങൾ മയക്കമായി ശരീരത്തിൽ ചേക്കേറി.

പ്രഭാതത്തിൽ നഗരവാസികളുടെ ആശ്വാസം നിറഞ്ഞ മുഖമാണ്‌ കണികണ്ടത്. ഭൂമി പുതുമഴയിൽ കുതിർന്നു. പൊടിപാറിയ അന്തരീക്ഷം പൊടിയൊഴിഞ്ഞ് ശുദ്ധമായി. പത്രക്കാരനും പാൽക്കാരനും നേരം വൈകിയിട്ടോ എന്തോ ആരേയും ശ്രദ്ധിക്കാതെ സൈക്കളോടിച്ചുപോയി. അതിരാവിലെ തണുത്ത വെള്ളത്തിൽ കുളിച്ച തമിഴത്തികൾ മുല്ലപ്പൂവിന്‌ വിലപേശിക്കൊണ്ടിരുന്നു. കണവന്റെ തലയിൽ ഒരു കുടം തണുത്ത വെള്ളം കോരിയൊഴിച്ചതിന്റെ ആഹ്ലാദം അവരുടെ കണ്ണുകളിലുണ്ട്. മഴപെയ്ത് തണുത്ത ഭൂമിയുടെ ആലസ്യവും.

നിലിമ ഹോട്ടൽ മുറിയിലെ വലിയ കണ്ണാടിക്ക് മുന്നിൽ സ്വപ്നം കാണുന്നതറിഞ്ഞു. തണ്ണീരിന്റെ കുളിരും നഖക്ഷതങ്ങളുടെ നീറ്റവും അവളെ ഉന്മാദിനിയാക്കി.

“ഏട്ടാ..”

മേഘങ്ങളിലെ മാലാഖമാർ മനസ്സിനെ ഭുമിയിലേക്കെ തിരിച്ചയച്ചു.

“എന്താ മായേ”

“നേരം ഇരുട്ടി. അകത്തിരിക്കാം”

“ചേച്ചി വന്നില്ലല്ലോ?”

“ഉം”

“എന്തെങ്കിലും തിരക്കുണ്ടായിരിക്കും ല്ലെ”

തോട്ടത്തിലെ പുല്ലിലൂറിയ ബാഷ്പബിന്ദുക്കൾ ഷർട്ട് നനച്ചു. പുറത്ത് തണുപ്പ് തട്ടുന്നതറിഞ്ഞ് എഴുന്നേറ്റു.

“ഞാനെപ്പഴാ കിടന്നത്?”

“അറിയില്ല. ഞാൻ പോകുമ്പോ ഇരിക്ക്യായിരുന്നു. വരുമ്പോ കിടക്കേം”

മായ മന:പൂർവം ചിരിയടക്കിയതാണ്‌. തന്റെ ചോദ്യങ്ങൾ ഒരരക്കിറുക്കന്റെ മട്ടിലായിരിക്കുന്നു.

“ചൂടുള്ള ചായേണ്ട്. തരട്ടെ”

സോഫയിൽ ചാരിയിരുന്ന് മൂളി. സ്വീകരണമുറിയിലെ വർണ്ണവിന്യാസങ്ങൾ ഹൃദിസ്ഥമാക്കിക്കൊണ്ട് ചൂടുള്ള ചായ രുചിച്ചിറക്കി.

“മായ പോയി പഠിച്ചോളു. ചേച്ചി വന്നാൽ വിളിക്കാം”

ഓർമകൾ ഒഴുകി നടക്കുകയാണ്‌. മെഴുകി നേദിച്ചാലും ഫലമുണ്ടാകും. ചാണകം കൂട്ടി മെഴുകി കൈടക്കത്തോടെ ഓർമകളെ ആവാഹിച്ചു.

ടെസ്റ്റ് കഴിഞ്ഞ് തിരിച്ചെത്തിയ നീലിമയെ ശാപവാക്കുകളാണ്‌ എതിരേറ്റത്. കൂട്ടുകാരിയല്ല എതോ ആൺചെറുക്കനാണ്‌ അവളോടൊപ്പം ടെസ്റ്റെഴുതാൻ പോയതെന്ന് അവർ അറിഞ്ഞു. അവനെതേടി അവളുടെ ചേട്ടന്മാർ നാലുപാടും അലഞ്ഞു. കുടുംബാന്തരീക്ഷം കലങ്ങിമറിഞ്ഞു.

പിന്നിട് മാസങ്ങളോളം നീലിമ കത്തെഴുതിയില്ല. തന്റെ കത്തുകളിൽ പലതും അവളുടെ കൈയിൽ കിട്ടിയതുമില്ല. ഒരിക്കൽ, അവളെ അന്വേഷിച്ച് വീട്ടിൽ ചെല്ലുമെന്ന എഴുതിയപ്പോൾ മാത്രം തിരിച്ചെഴുതി.

- ഞാനിനി ഒരു ടെസ്റ്റും എഴുതുന്നില്ല. എന്നെ അന്വേഷിച്ച് ഇവിടെ വരരുത്. ചേട്ടന്മാർ നീരജിനെ കാത്തിരിപ്പാണ്‌.

കൊഴിഞ്ഞുപോയ നലഞ്ചു വർഷങ്ങൾ തന്റെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ടെസ്റ്റുകളെഴുതുകയും ഫലത്തിനായി കാത്തിരിക്കുകയും ചെയ്തു. റാങ്ക് ലിസ്റ്റുകൾ വരികയും കാൻസലാവുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങിനെ ഒരു ദിവസം.....

ക്യൂവിൽ നില്ക്കുന്ന എല്ലാവരുടെ മുഖഭാവവും ഒരു പോലെയാണ്‌. തന്റെ മുഖം കാണാൻ കഴിയില്ലെന്നതുകൊണ്ട് എതിരെയുള്ളവരുടെ മുഖത്തേക്ക് നോക്കുകയായിരുന്നു. അവരുടെ ഇടയിൽ നീലിമയുടെ മുഖം. നിമിഷങ്ങൾ വേണ്ടിവന്നു മന:സ്സാന്നിദ്ധ്യം വീണ്ടെടുക്കാൻ. പിന്നെ ചിരിയായി. മാറിനിന്ന് സംസാരിക്കാൻ മാടിവിളിച്ചു.

- ഇപ്പൊ ദാ പണി

- ന്താ മോശണ്ടോ. നല്ല വരുമാനാ

നീലിമ ഗൗരവത്തിലായിരുന്നു.

- അപ്പൊ..... നീലിമ നിങ്ങളെ സഹായിക്കാം......

- അത് ഞാൻ തന്നെ

നഗരത്തിനെ പ്രധാന കവലകളിൽ കാണാറുള്ള ഒരു പരസ്യബോർഡ് ശ്രദ്ധിച്ചിരുന്നു. നീലിമ നിങ്ങളെ സഹായിക്കാം. ഇലക്ട്രിസിറ്റി ബില്ലുകൾ, വാട്ടർബില്ലുകൾ തുടങ്ങൈയവ കൃത്യമായി അടച്ചുകിട്ടുന്നതിന്‌ സമീപിക്കുക.

വീടുകളിൽ കയറി നീലിമ ബില്ലുകൾ ശേഖരിക്കും. അപ്ലിക്കേഷൻ ഫോമുകൾ പൂരിപ്പിച്ചുകൊടുക്കും. അങ്ങിനെ ചില്ലറ പണികൾ പലതും.

- നീരജനറിയോ. എനിക്കിപ്പോൾ നല്ല വരുമാനമുണ്ട്. വീട്ടിൽ സ്വസ്ഥതയുണ്ട്.

സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ കുഴങ്ങി. അസാധാരണമായ ആത്മവിശ്വാസം അവളുടെ മുഖത്ത് തെളിയുന്നതറിഞ്ഞു. അവൾ കത്തുകളെഴുതിതുടങ്ങി. താൻ മറുപടി അയയ്ക്കാതേയും.

വരുമാനം വർദ്ധിച്ചപ്പോൾ അവൾ ഒരു ടൈലറിങ്ങ് സ്കൂൾ തുടങ്ങി. നീലിമയുടെ സഹായ സേവനങ്ങൾ മറ്റു സുന്ദരികളായ പെൺകുട്ടികളെ ഏല്പിച്ചു. ഒരു ചെറിയ മുറി വാടകയ്ക്കെടുത്തു. ഫോൺ കണക്ഷൻ കിട്ടി.

നീലിമ ഫേബ്രിക്സ് ഉത്ഘാടനം ചെയ്തത് ഒരു സിനിമാനടി ആയിരുന്നു. നീലിമ നഗരത്തിൽ അറിയപ്പെടാൻ തുടങ്ങിയിരുന്നു. അവളുടെ കത്തുകളിൽ പ്രേമവായ്പിന്റെ അനുരണനങ്ങൾ ഇല്ലാതെയായി.

- നീരജിന്‌ എന്തുകൊണ്ട് ഒരു ബിസിനസ്സ് തുടങ്ങിക്കൂടാ. ഇപ്പോ എനിക്ക് നഗരത്തിലെ ബാങ്കുമാനേജർമാരെ പരിചയമുണ്ട്. ഞാൻ വിചാരിച്ചാൽ ഒരു ലോണെടുത്ത് തരാൻ കഴിയും. നോക്കു നീരജ്, സ്ത്രീകൾക്ക് പരിമിതികൾ ഏറെ ഉണ്ടെങ്കിലും എന്റെ വളർച്ചയിൽ അത് തടസ്സമായിട്ടില്ല. എന്നെ സഹായിച്ചവരും ഞാൻ സഹായിച്ചവരും ഈ നഗരത്തിൽ ധാരാളമുണ്ട്.

ഒരിക്കൽ അവളെഴുതി. മറുപടി എഴുതിയില്ല. നീലിമ അവളുടെ ജീവിതം മറന്നിരുന്നു. ഒരിക്കൽ അത് ഓർമിപ്പിച്ചു. ഇതെല്ലാം നോക്കി നടത്താമെങ്കിൽ ജീവിതം തുടങ്ങാമെന്ന് അവളെഴുതി. തന്റെ ദു:രഭിമാനം മാത്രം തികഞ്ഞുനിന്നു. നീലിമയെ കാണാൻ പോകാതെയായി.

നീലിമയുടെ കത്തുകൾ വന്നുകൊണ്ടിരുന്നു. നീലിമ മെഡിക്കൽസിന്റെ ഉത്ഘാടനത്തിന്‌ പോകണമെന്ന് തോന്നിയില്ല. തുടങ്ങാൻ പോകുന്ന ഒരു മരുന്നുകമ്പനിയുടെ പ്രോജക്റ്റ് റിപ്പോർട്ട് അവൾ അയച്ചുതന്നു.

“ഏട്ടനെന്താ ഇരുട്ടത്ത് ഇരിക്കണെ?”

- വെളിച്ചം ണ്ടായിട്ടെന്താ. അകം നിറയെ ഇരുട്ടാ.

പറയണമെന്ന് തോന്നി. കാറിന്റെ ഹോൺ കേട്ടാണ്‌ മായ വന്നതെന്ന് അറിഞ്ഞത് അവൾ ഗെയ്റ്റ് തുറക്കാൻ പോയപ്പോഴാണ്‌.

“കുറെ നേരമായോ നീരജ് വന്നിട്ട്?”

“ഉവ്വ്. നിനക്ക് തിരക്കാണ്‌ അല്ലെ?”

“സോറി നീരജ്. ഒഴിവാക്കാൻ കഴിയാത്ത ഒരു ഗസ്റ്റ് വന്നുപെട്ടു. അതോണ്ടാ”

തന്റെ മുഖഭാവം ദേഷ്യമാണെന്ന് അവൾ തെറ്റിദ്ധരിച്ചിരിക്കുന്നു. നിർവികാരത എന്താണെന്ന് അറിയാനുള്ള കഴിവ് അവൾക്ക് നഷ്ടപ്പെട്ടിരിക്കണം.

“സാരല്യ. ഞാൻ വെറുതെ ചോദിച്ചന്നേയുള്ളു.”

അവളുടെ കണ്ണുകൾ നനയുന്നതറിഞ്ഞ് പറഞ്ഞു.

അവളുടെ സത്ക്കാരങ്ങളിൽ സന്തോഷിക്കാനായില്ല. പരിഭവം ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെടുത്താനുമായില്ല.

നീലിമ അവളുടെ പുതിയ കമ്പനിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. പുറത്ത് ഇരുട്ട് വളരുന്നതറിഞ്ഞ് പോകാനെഴുന്നേറ്റപ്പോൾ അവൾ ചോദിച്ചു.

“എന്തിനാ കാണണംന്ന് പറഞ്ഞത്?”

- നിനക്കറിയോ നീലിമേ, ഈ അലച്ചില്‌ തുടങ്ങീട്ട് എത്ര കാലായി. സുരക്ഷിതമായ ഒരു ജോലി, ഇനി അത് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. നിന്റെ പുതിയ കമ്പനീല്‌ എന്തെങ്കിലും ഒരു ജോലി...

പറയാൻ അഗ്രഹിച്ചെങ്കിലും പറഞ്ഞതിങ്ങനെയാണ്‌.

“ഒന്നുമില്ല നിന്നെ ഒന്ന് കാണാൻ. മായയെവിടെ”

“അവളുറങ്ങി. നീരജിനിന്ന് പോണോ. ഒരൂസം ഇവിടെയായാൽ ഒന്നും വരാനില്ല.“

ആലിപ്പഴം പൊഴിച്ച പുതുമഴയുടെ താളം മനസ്സിലുറങ്ങികിടപ്പുണ്ട്. അതൊന്നും ഉണരാൻ പാടില്ല.

”വേണ്ട നീലിമേ, നിക്ക് പോണം“

എഴുന്നേറ്റ് നടന്നുകൊണ്ട് പറഞ്ഞു.

”നിക്കു നീരജ്, ഞാൻ കൊണ്ടുവിടാം“

നടക്കില്ലിറങ്ങി തിരിഞ്ഞുനോക്കിയപ്പോൾ അവൾ പറഞ്ഞു.

”നിനക്ക് ബുദ്ധിമുട്ടാകും. ഇരുളിൽ ഓരോന്നാലോചിച്ച് നടക്കുന്നത് ഒരു രസാ“

ഗേറ്റ് ചാരി നിരത്തിലിറങ്ങി. മൂടൽമഞ്ഞ് നഗരമാകെ മൂടിയിരിക്കുന്നു. വിജനമായ റോഡിൽ തനിയെ നടക്കുമ്പോൾ നഗരം ഉറങ്ങിയതറിഞ്ഞു.

*

(പുഴ ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ചത്) 

'''അലയന്നുവർ അന്വേഷിക്കുന്നവർ''' 

'''അമ്പഴയ്ക്കാട്ട് ശങ്കരൻ'''



ഒരു ഒഴിവുദിനംകൂടി അവന്റെ മുന്നിൽ ചോദ്യങ്ങളുമായി എത്തി. നീ എന്തു അസംബന്ധങ്ങളാണ്‌ ഇന്ന് ചെയ്യാൻ പോകുന്നത്.


തലയിണ ചുമരിൽ ചാരി പത്രത്തിലെ തലക്കെട്ടുകളിൽ കണ്ണ്‌ ഓടിച്ചു. പതിവ് വാർത്തകളിൽ നിന്ന് ഒരു മോചനം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവസാന പേജും കഴിഞ്ഞപ്പോൾ അരിച്ചിറങ്ങുന്ന വെളിച്ചത്തെ മറയ്ക്കാൻ മുഖം പേപ്പർകൊണ്ട് മൂടി. പിന്നെ സാവാധാനം കണ്ണടച്ചു.


തുളസ്സിയുടെ പാദചലനം കരുണൻ അറിയുന്നുണ്ടായിരുന്നു.


“ഇന്ന് എന്ത് ഭ്രാന്താ തോന്നണെ എട്ടാ?”


മുഖത്തുനിന്ന് പേപ്പർ വലിച്ചുനീക്കി ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു. ഗ്ലാസിലെ ചുടുചായയിലായിരുന്നു അവന്റെ കണ്ണ്‌.


“അടി കൊള്ളണ്ടങ്കി പോയ്ക്കോ നീ ഇവിടന്ന്.”


കഴിഞ്ഞ ഞായറാഴ്ച്ച അവൻ ഓർക്കാൻ ശ്രമിച്ചു. കാലത്ത് ഇറങ്ങി വടക്കോട്ട് ആദ്യം ബസ് കണ്ടതുകൊണ്ട് അതിൽ കയറി. ബസ്സ് യാത്ര ഒരു പുഴയോരത്ത് അവസീനിച്ചു. അത് അങ്ങിനെതന്നെ അവസാനിക്കുമെന്ന് അവനറിയാമായിരുന്നു.


ഇനി ചുട്ടുപഴുത്ത മണലിൽ കുറെ നടക്കുമെന്നും, തളർന്ന്, പുഴയോരത്തെ തണലിൽ കുറെ നേരം കിടക്കുമെന്നും ബസ്സിലിരുന്നുകൊണ്ട് ഉറപ്പിക്കും. തണുത്ത കാറ്റ് വീശുമ്പോൾ അവൻ തന്റെ വിശപ്പും ദാഹവും അറിയുന്നു.


തന്റെ സ്വഭാവത്തിന്റെ സവിശേഷതകളെ, വൈചിത്ര്യങ്ങളെ കരുണൻ എന്നും വിശകലനം ചെയ്യാൻ ശ്രമിക്കുമായിരുന്നു. തന്റെ വ്യ്ക്തിത്വത്തിന്റെ ദൗർബ്ബല്യങ്ങളും മനസ്സിന്റെ പ്രേരണകളും അവനറിയാമായിരുന്നു.


പുഴയോരത്തെ എല്ലാ വീടുകളിൽനിന്നും പഴയിലേക്കിറങ്ങാനുള്ള ചവിട്ടുപടികളുണ്ട്.ദാഹത്തിന്‌ വെള്ളം ചോദിച്ചു ചെല്ലുന്ന വീട് ഒരു പഴയ സഹപാഠിയുടേതൊ, പണ്ട് പഠിപ്പിച്ച വിദ്യാർത്ഥിയുടേതോ ആകുമെന്ന് അവൻ ആശിക്കുന്നു. തണുത്ത ജലം തരുന്നതോടൊപ്പം ഊണിനുള്ള ക്ഷണം ജിട്ടുമെന്ന പ്രതിക്ഷകുടി ആകുമ്പോൾ കരുണന്‌ കിറുക്കാണെന്ന് ആളുകൾ പറഞ്ഞുതുടങ്ങും.


ഉച്ചതിരിയുന്നതോടെ മണലിനും കാറ്റിനും ചൂടുപിടിക്കും. മാറാൻ വസ്ത്രങ്ങളില്ലെന്ന് ഓർക്കാതെ, ഓർമയുണ്ടെങ്കിലും, അവൻ പുഴയിലേക്കിറങ്ങും.


കരയിലുള്ള ഏതെങ്കിലും വീട്ടിലെ ഒരു പെൺകുട്ടി ഉച്ചയുറക്കം കഴിഞ്ഞ് മരചുവട്ടിൽ ഉലാത്തുന്നുണ്ടെന്നും അവൾ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവനുതോന്നും. തന്റെ ചിന്തകൾ തെറ്റെന്ന് ബോദ്ധ്യപ്പെടാതിരിക്കാൻ അവൻ തിരിഞ്ഞു നോക്കുകയേയില്ല. ഇതിനിടയിൽ മൂളിപ്പാട്ടുകൾ പാടുകയും വളരെനേരം വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുകയും ചെയ്യും.
തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ മനസ്സിലെ ശന്തത അവനറിയുന്നു. അടുത്ത ദിവസങ്ങളിൽ അതശാന്തമാകുമെന്ന് അവനറിയാം. എന്നാലും അവനിപ്പോൾ സ്വസ്ഥതയുണ്ട്.
ചായകുടി കഴിഞ്ഞ് അവൻ ഒരിക്കൽ കൂടി പേപ്പർകൊണ്ട് തന്റെ മുഖം മറച്ചു. ഒരു നുള്ളു വെളിച്ചം പോലും കാണാതിരിക്കാൻ കണ്ണടച്ചു. അതിനുമുമ്പുള്ള ഞായറാഴ്ച്ച അവൻ ഓർക്കുകയായിരുന്നു.
മഴ തോർന്ന പ്രഭാതങ്ങൾ ഇല്ലാതായിരുന്നു. വെയിലിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. ഉറക്കം മതിയാകാതെ പല്ലുപോലും തേക്കാതെ അനിയത്തി തന്ന ചായ കുടിച്ച് ഇരുണ്ട മാനം നോക്കി ഇറങ്ങി നടന്നു.


പാടത്തിന്റെ വർമ്പിലെത്തിയാൽ ആദ്യം ഓർക്കുക അമ്മാവനെ ആയിരിക്കും. ഏറെ നടക്കണം അമ്മാവൻ നടത്തിയിരുന്ന കൃഷിസ്ഥലത്തെത്താൻ. അമ്മാവൻ പോയതോടെ ആ സ്ഥലവും കരുണന്റെ കൈകൊണ്ട് വില്ക്കേണ്ടി വന്നു. 


എന്തെങ്കിലും ഒന്ന് നട്ടു വളർത്തി കായ്ക്കാൻ കരുണൻ ഒന്നു ചെയ്തില്ല. പണ്ടായിരുന്നെങ്കിൽ ഒരാവേശത്തിന്റെ പിൻബലത്തിൽ എന്തെങ്കിലും ചെയ്തേനെ. ഇന്ന് സമസ്തവും കെട്ടടങ്ങിയിരിക്കുന്നു.


അവൻ ചിതക്ക് തീ കൊളുത്താൻ മാത്രം വിധിക്കപ്പെട്ടവനാണ്‌. വളരെ ചെറുപ്പത്തിൽ അച്ഛന്റെ, പിന്നീട് അമ്മാവന്റെ, ഇനീ....


കാലിൽ ചളിയില്ലാതെ, ദേഹം വിയർക്കാതെ കരുണൻ അമ്മാവനെ കണ്ടിട്ടില്ല. കൃഷിയിറക്കുന്നതിന്‌ മുമ്പുള്ള പരാധീനതകൾ, പിന്നെ നനച്ച് വളർത്തേണ്ട ബാദ്ധ്യതയും അതിന്റെ ചിന്തകളും. കൃഷി നന്നായ വർഷം ഉത്സവമാണ്‌. അപൂർവ്വമായേ അതുണ്ടാകാറുള്ളു. അങ്ങിനെ ഒരു അപൂർവ്വതയിലാണ്‌ കരുണന്‌ ഒരു അരഞ്ഞാണം കിട്ടിയതത്രെ!


ഉഴുതുമറിച്ച മണ്ണിന്റെ ഗന്ധം കാറ്റിൽ ഉണ്ടായിരുന്നു. അടുത്തെവിടയോ ഒരു വീട്ടിൽ നിന്നും കാലികളുടെ നീണ്ട കരച്ചിലും വന്നെത്തി. കുറച്ചകലെനിന്ന് ട്രാക്ടറിന്റെ ശബ്ദവും കൂടിയായപ്പോൾ എല്ലാം മുഴുവനായതുപോലെ തോന്നി.


അമ്മാവന്റെ നിലത്തിന്‌ ചുറ്റും അവൻ നടന്നു. അവസാനിപ്പിച്ചതെല്ലാം വീണ്ടും ആരംഭിക്കണമെന്ന് അവന്‌ തോന്നി. ഒന്നും ആഗ്രഹിക്കാതെ ഒന്നിനെയും കാത്തുനില്ക്കാതെ തുടങ്ങണം.


പൊലികൂട്ടിയ വളപ്പിലേക്ക് അവൻ കയറി. നിഴല്പാകിയ മണലിൽ നീണ്ടുനിവർന്ന് കിടന്നു. ട്രക്ടറിന്റെ അസുരശബ്ദം നാദസ്വരമായി. ഇനി സ്വപ്നങ്ങളുടെ വരവായി. സ്വപ്നങ്ങൾ കാണാനാണ്‌ അവൻ ഉറങ്ങുന്നത് തന്നെ പ്രേമിക്കുന്ന പെണ്ണോ നല്ല് ഒരു വീടോ അവന്റെ സ്വപ്നങ്ങളിൽ വന്നില്ല. അരുതെന്ന് കരുതുന്നവരുമായി അവൻ സ്വപ്നങ്ങളിൽ രമിച്ചു. ഇനി അവരെ കാണുമ്പോൾ തന്നെ മനസ്സിലിരുപ്പ് അവരറിഞ്ഞതായി അവനു തോന്നും. മുഖത്ത് നോക്കാതെ അവൻ മുഖം കുനിച്ച് നടക്കും.


ഇതിനിടയിൽ കരുണൻ ഉറങ്ങിപ്പോയി. സുര്യൻ ഉയർന്നതും ട്രാക്ടറിന്റെ സ്വരം നിന്നതും അവനറിഞ്ഞില്ല. തുളസിയുടെ പദചലനം പോലെ എന്തോ ഒന്ന് അവനെ ഉണർത്തി.


“കരുണനല്ലെ ഇത്. ഇതെന്താ ഇവിടെ കിടക്കുന്നത്.?”


മുട്ടിനുതാഴെ മണ്ണുനിറഞ്ഞ്, ദേഹമാസകലം ചളികൊണ്ട് പുള്ളികൾ വീണ്‌, ചിരിച്ചുനില്ക്കുന്ന ആ മുഖം നല്ല പരിചയം ഉണ്ട്. 


“ആ തൊപ്പിയൊന്ന് എടുക്കാമോ?”


അയാൽ പൊട്ടിചിരിച്ചു. “നീ ആള്‌ കൊള്ളമല്ലോടാ.”


തൊപ്പീയെടുത്ത് അയാൾ തലമുടിയിഴകളിൽ വിരലുകളോടിച്ചു. 


“മോഹനൻ അല്ലെ?”


“അപ്പോ പരിചയംണ്ട്”


“നിന്നെ മറക്കാൻ പറ്റ്വോ”


“ലോണെടുത്ത് ഒരു ട്രാക്ടർ വാങ്ങി. ഒരനിയൻ ഗൾഫിലാ. പെര പുതുക്കി പണിതു. ഇപ്പോ സുഖാണ്‌.“ മോഹനൻ ചോദിക്കാതെ തന്നെ പറയുകയായിരുന്നു. ”നീ എന്തു ചെയ്യുന്നു?“


”ഒന്നു ആയില്ല. വെറുതെ നടക്കുന്നു.“


കൂട്ടുകാർക്കിടയിൽ സംതൃപ്തി നിറഞ്ഞ ഒരു മുഖം തേടിതുടങ്ങിയിട്ട് നാളുകളേറെയായി.


”ഞാൻ ചോറ്‌ കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് പങ്കുവെയ്ക്കാം“


ഔപചാരികതയില്ലാതെ പൊതി തുറന്ന് അയാൾ ക്ഷണിച്ചു. മോഹനന്റെ മുഖത്ത് കരുണയോ സഹതാപമോ അവൻ കണ്ടില്ല. വാത്സല്യം നിറഞ്ഞ അമ്മാവന്റെ മുഖം അയാളിലേക്ക് വ്യാപിക്കുന്നതായി അവന്‌ തോന്നി. അയാൾ നട്ടുവളർത്തിയ പച്ചക്കറികൾ ഊണിൽ സമൃദ്ധമായി ഉണ്ടായിരിക്കുമെന്ന് കരുണനറിയാം ഒരു നിമിഷം അവനൊരു മൃഗമായി. അവന്റെ വായിൽ അവനറിയാതെ വെള്ളമൂറി. തികട്ടിവന്ന വെറുപ്പ് ദേഹമാസകലം ഇഴയുന്ന അട്ടയായി. ഗ്ലാസെടുക്കാൻ വന്ന അനിയത്തി ഒലിച്ചിറങ്ങിയ കണ്ണീര്‌ കണ്ടിട്ടുണ്ടാവില്ല. മുഖം മറച്ച പേപ്പർ അതിനെങ്കിലും കൊള്ളുമെന്ന് കരുണനറിയാം.


ഇന്ന് ഒഴിവ് ദിനമണ്‌. ഇനി എല്ലാ നാളെയും അങ്ങിനെയാണെന്ന് വെറുതെ അവൻ ഓർത്തു. ബോധപൂർവ്വം ചില പ്രവർത്തികളിൽ അവനേർപ്പെട്ടു. താടിയും മുടിയും കത്രികകൊണ്ട് ക്രമപ്പെടുത്തി പല്ലുതേച്ച് കുളിച്ചു. ഒന്നിനും ഒരു തിരക്കില്ലാത്തവനെപ്പോലെ വളരെനേരം കണ്ണാടിക്കു മുന്നിൽ ചിലവഴിച്ചു.


”നീ എപ്പഴ വരാ“


പ്രാതൽ കഴിച്ച് ഇറങ്ങുമ്പോൾ ക്ഷീണിച്ച അമ്മയുടെ സ്വരം അവൻ കേട്ടു. ദൈന്യം നിറഞ്ഞ ആ മുഖത്തേക്ക് നോക്കണമെന്ന് അവന്‌ തോന്നിയില്ല.


ദൂരെയുള്ള നഗരത്തിലേക്ക് പോകുന്ന ബസ്സിൽ കയറി യാത്ര അവസാനിക്കുന്നതു വരെയുള്ള ടിക്കറ്റെടുത്ത് സീറ്റിൽ ചാരിയിരുന്ന് നെടുവീർപ്പിട്ടു.


കരുണൻ ബോധപൂർവ്വം ചിന്തകൾ നെയ്തെടുക്കാൻ തുടങ്ങി. തന്നെത്തന്നെ വിശ്കലനം ചെയ്യാൻ തുടങ്ങിയപ്പോഴാണ്‌ കുഴപ്പങ്ങൾ തുടങ്ങിയത്. ചിന്തകളും ശരീരപ്രേരണകളും അനുസരിച്ചാൽ മതിയായിരുന്നു. ശരീരത്തിൽ നിന്നും മാറി സ്വന്തം നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ ഭ്രാന്ത് പിടിക്കുമെന്നായി. സ്വന്തം വിശകലനങ്ങൾ മതിയാകാതെ മറ്റുള്ളവരെ വിശകലനം ചെയ്ത് വിധിക്കാൻ തുടങ്ങിയപ്പോൾ മൃഗത്തിൽനിന്നും മനുഷ്യനിലേക്കുള്ള ദൂരം കുറഞ്ഞുതുടങ്ങി.


കൂവിവിളിച്ചാർത്ത് ആളെ കൂട്ടുന്ന മീൻ വില്പനക്കാരന്റെ മന:ശാസ്ത്രം കരുണന്‌ മനസ്സിലാകും. എന്നാൽ ആൾക്കൂട്ടത്തിന്റെ ചേഷ്ടകൾ സഹിക്കവയ്യെന്നായി.അപ്പോഴായിരിക്കണം മനസ്സും ദേഹവും അകലാൻ തുടങ്ങിയതെന്ന് അവന്‌ തോന്നി. ശരീരത്തെ വെറുക്കാൻ തുടങ്ങിയാൽ പിന്നെ രക്ഷയില്ലെന്ന് അവനറിയാം.


പ്രതീക്ഷകളും അനുഭവങ്ങളും പൊരുത്തപ്പെടാതായപ്പോൾ കരുണൻ പഴയകരുണനല്ലെന്ന് അമ്മയും അനിയത്തിയും പറഞ്ഞുതുടങ്ങി. വെറെ ആരു എന്ത് പറഞ്ഞാലും അവനൊന്നുമില്ല. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ ശാന്തത കൈവരിക്കാമെന്ന് കരുതി അവൻ പ്രേമിക്കാൻ തുടങ്ങി. ഇഷ്ടപ്പെട്ടവളുടെ ധാർഷ്ട്യ്ം സഹിക്കാൻ കരുണന്റെ അഹന്ത സമ്മതിക്കാറില്ല. അതാണ്‌ ഇതിനൊക്കെ ഇത്രയും വൈകിയതെന്ന് അവനറിയാം.


ഗീതയുടെ ചിന്തകളും തന്റേതും ഒന്നായിരിക്കുമെന്ന് അവനു തോന്നി. അതങ്ങിനെയാണോ എന്ന് അവളോടാവൻ ചോദിച്ചിട്ടില്ല. വ്യവസ്ഥകളില്ലാതെ സ്നേഹിക്കണമെന്ന് അവൾ ആവശ്യപ്പെട്ടപ്പോൾ മുതൽ അവനവളെ പ്രേമിക്കാൻ തുടങ്ങി.


അന്തരീക്ഷത്തിൽ ഈർപ്പം നിറഞ്ഞിരുന്നു. തണുത്ത കാറ്റ് വീശുന്നുണ്ട്. കണ്ണുകൾ ഇറുകെ അടച്ച് തുറന്ന് ഉറക്കത്തെ അകറ്റാൻ ശ്രമിച്ചുനോക്കി. രക്ഷയില്ലെന്നറിഞ്ഞ്, സ്വപ്നങ്ങളിൽ ഗീതയുണ്ടാകരുതെന്ന് പ്രാർത്ഥിച്ച്, അവൻ സാവധാനം കണ്ണുകളടച്ചു. 


മദ്ധ്യാഹ്നമായി.


ചുടുകാറ്റേറ്റ് കണ്ണുതുറന്ന അവൻ താൻ നഗരത്തോട് അടുക്കകയാണെന്ന് മനസ്സിലാക്കി. ഇന്ന് നഗരത്തിലെ പാർക്ക് നേരത്തെ തുറക്കും.വയറുകാഞ്ഞ് അവിടെ ചെന്ന് കിടന്നാൽ വേഗം ഉറക്കം വരും. വൈകുന്നേരമാക്കാൻ എളുപ്പമാണ്‌. 


പാർക്കിലെ ആളൊഴിഞ്ഞ കോണിൽ അവൻ ഉറങ്ങി. നഗരത്തിലെ പുറത്ത്, പഠിക്കുന്ന കാലത്ത് താൻ താമസിച്ച ഗ്രാമവും പരിസരവും അവൻ സ്വപ്നം കണ്ടു. ഒരു നിമിത്തം അവനെ അങ്ങോട്ട് യാത്രയാക്കി. ഗ്രാമത്തിലെ ക്ഷേത്രത്തിലെത്തിയപ്പോഴേക്കും നിറഞ്ഞ സന്ധ്യയായി. ക്ഷേത്രകുളത്തിൽ കാലും മുഖവും കഴുകി വന്നപ്പോഴേക്കും ദീപാരാധനക്ക് നടയടച്ചിരുന്നു. ആളൊഴിഞ്ഞ മതില്കകത്ത് ഒരു വൃദ്ധയും ഒരു പെൺക്കുട്ടിയും മാത്രം. എവിടെയോ വെച്ച് നഷ്ടപ്പെട്ട മുഖം അവന്‌ ഓർമ്മ വരുന്നില്ല. ഓർമ്മിക്കുന്നതുവരെ അവനവളെ പിന്തുടരാനുറച്ചു.


കരിങ്കൽ വിരിച്ച നടപ്പാതയിൽ പൂപ്പൽ പിടിച്ചിരിക്കുന്നു. പാദസരത്തിന്റെയും നാദസ്വരത്തിന്റെയും രാഗം വേർതിരിച്ചെടുക്കാൻ അവൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.


പ്രതീക്ഷിക്കാതെ ചിലരെ വഴിയിൽ കണ്ടുമുട്ടുന്നു. അശോകൻ മുന്നിൽ വന്ന് ചിരിച്ചുനില്ക്കുന്നു. 


“കോളേജ് കഴിഞ്ഞേപ്പിന്നെ നമ്മള്‌ കണ്ടിട്ടില്ല. നിനക്ക് വലിയ മാറ്റം ഒന്നൂല്യ. ” അശോകൻ പറഞ്ഞുതുടങ്ങി. 


ഒരു നിമിഷം വേണ്ടി വന്നു സ്ഥലകാലബോധം തിരിച്ചുകിട്ടാൻ. ഒരു നിമിഷം കരുണന്‌ സംസാരിക്കാൻ കഴിഞ്ഞില്ല. ഒന്നും സംസാരിക്കാതെ ഒപ്പം പ്രദിക്ഷണം വെയ്ക്കുമ്പോൾ ഇത് മൂന്നാമത്തേതെന്ന് മനസ്സിൽ കുറിച്ചിട്ടു. പിന്നെ അവൻ തുടങ്ങി.


“ഇവിടെ വരണമെന്ന് വിചാരിച്ചതല്ല. കാലത്ത് ഇറങ്ങിയതാണ്‌. ഇവിടേയും എത്തിയെന്ന് മാത്രം. കത്തെഴുതൽ എന്നോ നിർത്തിയല്ലോ. നീ ഇവിടെയാണെന്നുപോലും മറന്നുപോയി.”


“അതൊക്കെ അങ്ങിനെയാണ്‌. നമുക്ക് വേറെയെന്തെങ്കിലും പറയാം.”


“സാരിയുടുത്ത് മെല്ലിച്ച ഒരു പെൺകുട്ടി അങ്ങ്ട് പോണ കണ്ടോ. ഒരു വൃദ്ധയോടൊപ്പം. നല്ല മുഖ പരിചയം തോന്നി.


പിരിയുമ്പോൾ അവസാനിക്കാത്തത് കരുണൻ വീണ്ടും തുടങ്ങി.


”നീ ഒർക്കണില്യെ. നമ്മുടെ ജൂനിയറാ. എന്തേ ചോദിക്കാൻ?“


”ആ കുട്ടി ഒന്നിലേ എനിക്ക് വട്ടാണെന്ന് വിചാരിച്ചുകാണും. അല്ലെങ്കിൽ ഒരു വിടനാണെന്ന്. ഞാൻ വരുമ്പോ ഒരു പ്രദിക്ഷണം കഴിഞ്ഞിരുന്നു. ഞാൻ പിന്നാലെ കൂടി. തള്ളയോട് വർത്തമാനം പറയുന്നെണ്ടെങ്കിലും ശ്രദ്ധ എന്നിലാ. ഇടക്ക് ഞാൻ മറികടന്നുപോകാൻ പതുക്കെയായി നടത്തം. അപ്പൊ ഞാനും വിട്ടില്ല.“


”പാവം കുട്ടി. നീ സ്വപ്നത്തിൽ വിചാരിക്കാത്തത് ആ കുട്ടി വിചാരിച്ചു കാണും. ഇവിടെ പലപ്പോഴും അങ്ങിനെയാണ്‌. പെണ്ണ്‌ കാണല്‌ അമ്പലത്തില്‌ വെച്ചാ. ബ്രോക്കർമാരുടെ കളി. ഇപ്പൊ എനിക്കൊരു സംശയം. നിന്റെ ശരിക്കുള്ള ഉദ്ദേശം എന്താ?“


അശോകൻ കളിയാക്കുന്നു. സാരമില്ല. വിഷയം വഴിമുട്ടി നില്ക്കുകയില്ലല്ലോ.


”എനിക്ക് കിറുക്കാണെന്ന് നാട്ടുകാർ നേരത്തെ പറഞ്ഞുതുടങ്ങി. ഇപ്പോ അനിത്തീം അമ്മയും. പക്ഷെ ഇതെന്റെ ബിസിനസ്സ് അല്ല. ദൂരെയുള്ള അമ്പലത്തിൽ വന്നത് ആരെയും കാണാനല്ല, പ്രേമിക്കാനുമല്ല. ഇവിടെ എന്റെ കാമുകി ഉണ്ടായിട്ടുമല്ല. അലയുന്നതിനിടയിൽ ഞാനറിയാതെ വൈകുന്നേരമായി. വെറുതെ വന്നു, വെറും കൈയ്യോടെ പോവേം ചെയ്യും.“


”ഞാൻ വെറുതെ ചോദിച്ചതാ. നാദസ്വരം കേൾക്കാനില്യെ. എതാ രാഗം ന്ന് അറിയോ?“


വിഷയം മാറ്റൽ അശോകന്റെ ആവശ്യമായി.


”നാദസ്വരത്തീന്ന് വരണതൊക്കെ എനിക്ക് ഷണ്മുഖപ്രിയാ. എന്നെക്കൊണ്ടെന്തിനാ ഓരോ മണ്ടത്തരങ്ങള്‌ പറയിക്കണെ.“


”ഒരിക്കല്‌ എനിക്കും അങ്ങനെയായിരുന്നു. വീണേന്ന് വരണതൊക്കെ ധന്യാസി. വയലിനീന്ന് വരണതൊക്കെ സാവേരി. ഇപ്പോ അതാ ഒരു ആശ്വാസം. അതു പോട്ടെ. നീ ഇപ്പൊ എന്തു ചെയ്യുന്നു.?“


”മുപ്പതിനായിരം ഡെപ്പോസിറ്റ് കൊടുത്ത് മുന്നൂറ്‌ രൂപക്ക് പണിയെടുക്കുകയായിരുന്നു. ഒരു ബ്ലേഡ് കമ്പനീല്‌ ഇപ്പൊ അത് പൊളിഞ്ഞു.“


”ഇനീപ്പോ.........“


”ഒന്നും ആലോചിക്കാറില്ല. നീയെന്ത് ചെയ്യുന്നു?“


ആരോടും ചോദിക്കാറില്ല. നാട്യങ്ങളില്ലാത്ത അശോകനോടെ ചോദിക്കാതെ വയ്യ.


”പഠിച്ചത് വില്ക്കുന്നു. പാരലൽ കോളേജിലാ. വീട്ടിലേക്ക് പോരുന്നോ. ഇന്നിവിടെ ആകാം.?"


“വേണ്ട അശോകൻ, ഇനിയൊരിക്കൽ ആകാം. അത് എന്നാണെന്ന് അറിയില്ല. അർദ്ധരാത്രിയായാലും അമ്മ കാത്തിരിക്കും.”


പുറത്തുള്ള ഇരുട്ടിൽ അശോകൻ ഇല്ലാതെയായി. കരുണൻ വീണ്ടു ഒറ്റക്കായി. ഇരുളിന്‌ കനം വെക്കുന്നത് അവനറിഞ്ഞു.




*
(എക്സ്പ്രസ് ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.)