Revision 66509 of "താൾ:സൗന്ദര്യനിരീക്ഷണം.djvu/33" on mlwikisource

<noinclude><pagequality level="1" user="" /><div class="pagetext">{{ന|സൗന്ദര്യനിരീക്ഷണം}}


</noinclude>::::::ആദർശവും  യാഥാർത്ഥ്യവും  

ക്കുന്നത്. ജീവിതവ്യഗ്രതയിൽ മുഴുകിയും  അതിനാൽ ആകൃഷ്ടരായും, വസ്തുക്കൾക്കും  നമുക്കും  ഇടയ്‌‌ക്കുള്ള ഒരു മദ്ധ്യലോകത്തിൽ ജീവിക്കുകയാണ്` നാം  ചെയ്യുന്നത്. എന്നാൽ അപ്പഴപ്പോൾ ഏതോ ഓർമ്മപ്പിശകുകൊണ്ടെന്നപോലെ പ്രകൃതി ജീവിവിതവ്യഗ്രതയിൽനിന്ന് വേർപെട്ടുനില്ക്കുന്ന ചില വ്യക്തികളെ സൃഷ്ടിക്കുന്നു. വേർപെട്ടുനില്ക്കുകയെന്നുവെച്ചാൽ മന:പൂർവമായും  ചിന്തയുടെ ഫലമായും  യുക്തിപൂർവമായും  വേർപെട്ടുനില്ക്കുക എന്നല്ലർത്ഥം. സ്വാഭാവികമായ ഒരു വേർപാടാണത്. ഇന്ദ്രിയങ്ങളുടെയും  ബോധത്തിന്റെയും  ഘടനയിൽത്തന്നെ നിക്ഷിപ്തമായ ഒരു നിസ്സംഗതയാണ്` അത്. അങ്ങനെയുള്ള ഒരാൾ കാണുകയും  കേൾക്കുകയും ചിന്തിക്കുകയും   ചെയ്യുന്നത് അഭൂതപൂർവമായ ഒരു രീതിയിലാണ്`. ഈ നിസ്സംഗത പരിപൂർണ്ണമാണെങ്കിൽ, മനോവ്യാപാരങ്ങളിലോ ഇന്ദ്രിയവ്യാപാരങ്ങളിലോ ജീവിതത്തോട് യാതൊരു ബന്ധവുമില്ലാത്ത ആത്മാവ് നിലകൊള്ളുകയാണെങ്കിൽ, ലോകത്തിൽ ഇതേവരെ പ്രത്യക്ഷപ്പെടാത്തവിധത്തിലുള്ള ഒരു കലാകരന്റെ ആത്മാവായിരിക്കും  അത്. ആ ആത്മാവ് എല്ലാ കലകളിലും  ഒരേസമയത്ത് പ്രാവീണ്യം  സമ്പാദിക്കും; അഥവാ എല്ലാ കലകളെയും  അത് ഒന്നിൽ ലയിപ്പിക്കും. എല്ലാ വസ്തുക്കളെയും  അതാതിന്റെ തനിനിറത്തിൽ അത് കാണും. ബാഹ്യലോകത്തിലെ ആകൃതികളും  നിറങ്ങളും  ശബ്ദങ്ങളും  മാത്രമല്ല, ആഭ്യന്തരജീവിതത്തിലെ ഏറ്റവും  സൂക്ഷ്‌‌മമായ ചലനം  പോലും  അതിനു ഗോചരമായിരിക്കും. പക്ഷെ, ഇങ്ങനെയൊരാത്മാവിനെ സൃഷ്ടിക്കണമെന്നു പ്രകൃതിയോടാവശ്യപ്പെടുന്നത് അതിമോഹമാണ്`. കലാകാരന്മാരായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ആളുകൾക്കുപോലും  ഒരു വശത്തിൽ മാത്രമേ (അതും  ആകസ്മികമായി മാത്രം  ) യാഥാർത്ഥ്യത്തെ മറയ്ക്കുന്ന തിരശ്ശീലയെ പ്രകൃതി നീക്കിയിട്ടുള്ളൂ. ഒരു മാർഗ്ഗത്തിൽ മാത്രമേ മനോവ്യാപാരങ്ങളെ ആവശ്യത്തോടു ബന്ധിപ്പിക്കുവാൻ പ്രകൃതി മറന്നുപോയിട്ടുള്ളൂ. ഓരോ വർഗ്ഗവും  ഓരോഇന്ദ്രിയത്തിന്നനുരൂപമായതുകൊണ്ട് ഏതെങ്കിലുമൊരിന്ദ്രിയംവഴിക്കു മാത്രമാണ്` കലാകാരൻ കലയോട് ബന്ധപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടാണ്` ഭിന്ന കലകളുണ്ടായത്. ഇതുകൊണ്ടുതന്നെയാണ്` പ്രത്യേകവാസനകളുണ്ടായതും." 

:: ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ കലാകാരൻ ഒരത്ഭുതസൃഷ്ടിയാണ്`, ഒരു യാദൃശ്ഛികവ്യക്തിയാണ്`, പ്രകൃതിയുടെ ഓർമ്മപ്പിശകാണ്`, യാഥാർത്ഥ്യത്തെ മൂടുപടംകൂടാതെ കാണുന്ന ഒരു സൂക്ഷ്മദൃഷ്ടിയാണ്`. അയാൾ എപ്പോൾ, എവിടെ, ഏതുരൂപത്തിൽ ആവിർഭവിക്കുമെന്നുള്ളതിന്` യാതൊരു വ്യവസ്ഥയുമില്ലെന്നാണല്ലോ ഈ സിദ്ധാന്തത്തിൽനിന്നു വ്യക്തമാവുന്നത്. എന്നാൽ കലാചരിത്രം  നോക്കിയാൽ , ചില പ്രത്യേക കാലങ്ങളിൽ , സമുദായത്തിന്റെ ചില ഉത്കൃഷ്ടദശകളിൽ , കലാകാരന്മാർ ആവിർഭവി 

::::37 <noinclude><references/></div></noinclude>