Revision 66522 of "താൾ:സൗന്ദര്യനിരീക്ഷണം.djvu/21" on mlwikisource<noinclude><pagequality level="1" user="" /><div class="pagetext">{{ന|സൗന്ദര്യനിരീക്ഷണം}}
</noinclude>സ്കൃതവുമായ അംശങ്ങൾ ഉപേക്ഷിച്ച്, സൗന്ദര്യസാരം മാത്രം ആവിഷ്കരിക്കുവാനാണ് കലാകാരൻ ശ്രമിക്കുന്നത്. തന്മൂലം കലാസൗന്ദര്യത്തിന്റെ പ്രതീതി ഏകാഗ്രവും അഭംഗുരവുമായിരിക്കും.
പ്രകൃതിക്കു സൗന്ദര്യം സൃഷ്ടിക്കുക മാത്രമല്ല, ഒഴിച്ചുകൂടാത്ത വേറെ പല ജോലികളുമുണ്ട്. യാദൃച്ഛികമായി മാത്രമേ പ്രകൃതിസൗന്ദര്യം ദ്രഷ്ടവ്യമാകുന്നുള്ളു. വസന്തത്തിലൂടെ പുഞ്ചിരിതൂകുന്ന പ്രകൃതി ചിലപ്പോൾ നഖത്തിലും ദന്തത്തിലും രക്തംപുരണ്ട ഉഗ്രരൂപിണിയായും പ്രത്യക്ഷപ്പെടുന്നു. എന്നാൽ കലാസൃഷ്ടിയിൽ ലക്ഷ്യപ്രാപ്തിയെ മുൻനിറുത്തിയുള്ള ഉപകരണസംവിധാനത്തിൽനിന്നുളവാക്കുന്ന സൗന്ദര്യാവിഷ്കരണമാണ് നാം കാണുന്നത്. കല സോദ്ദേശമാണ്; ആകസ്മികമല്ല. യാതൊരു അനുഭൂതിയിൽനിന്ന് അതു ജന്മമെടുക്കുന്നുവോ ആ അനുഭൂതിയെ സമഗ്രമായി ശേഖരിച്ച്, ഉചിതമായ രൂപത്തിൽ ആവിഷ്കരിച്ച് ഇതരന്മാർക്ക് പകർന്നുകൊടുക്കുകയാണ് അതിന്റെ ലക്ഷ്യം. കലാസൗന്ദര്യത്തെ പ്രകൃതിസൗന്ദര്യത്തിൽനിന്നു വേർതിരിക്കുന്നത് മനുഷ്യന്റെ സർഗ്ഗപരമായ ചിതവൃത്തിയാണ്.
പ്രകൃതിസൗന്ദര്യത്തിന്റെ അനുഭൂതി ഓരോരുത്തനും സ്വകീയമാണ്. അത് അവിടെത്തന്നെ അവസാനിക്കുന്നു. എന്നാൽ കലാസൗന്ദര്യം ഒരുവക പരസ്യപ്പെടുത്തലാണ്. കലാകാരന്റെ അനുഭൂതി കലാമാർഗ്ഗമായി പ്രക്ഷേപിക്കപ്പെട്ട് തത്തുല്യമായ അനുഭൂതി ആസ്വാദകന്റെ അന്തരംഗത്തിലും ഉളവാക്കുന്നു. പ്രക്ഷേപണമില്ലെങ്കിൽ കലയില്ല. കലാകാരൻ മാത്രം ആസ്വദിക്കുവാനാണ് കലാസൃഷ്ടി ചെയ്യുന്നതെന്നുള്ള വാദം അനുഭവത്തിനു യോജിച്ചതല്ല. സ്വകീയമായ അനുഭൂതി ഇതരന്മാരുടെ അന്തരംഗത്തിൽ പകർത്തിക്കഴിയുമ്പോഴാണ് കല ചരിതാർത്ഥമാകുന്നത്. ഒരുവിധത്തിൽ നോക്കിയാൽ ഇത് വെറും പ്രചാരണമാണെന്നു സമ്മതിക്കണം. പക്ഷേ ഈ പ്രചാരണോദ്ദേശ്യമില്ലായിരുന്നുവെങ്കിൽ കലയെന്നൊന്നുണ്ടാകുമായിരുന്നോ എന്ന് ആലോചിക്കേണ്ടതാണ്. കലാകാരന്റെ ഉദ്ദേശ്യം സൗന്ദര്യം സൃഷ്ടിക്കുകയാണെന്നുപോലും പറയാവതല്ല. തന്റെ കൃതി സുന്ദരമാണോ അല്ലയോ എന്ന് അയാൾ സൃഷ്ടിയിലേർപ്പെട്ടിരിക്കുമ്പോൾ ആലോചിക്കാറില്ല. തന്റെ അനുഭൂതിയെ പൂർണ്ണമായും സമ്യക്കായും ആവിഷ്കരിക്കുവാനാണ് അയാളുടെ ഉദ്യമം. അയാളുടെ ശ്രമം ഫലവത്തായെന്നുള്ളതിന്റെ ഒരു മുദ്രയാണ് സൗന്ദര്യം.
കലാസൗന്ദര്യം പ്രതിസൗന്ദര്യത്തിന്റെ അനുകരണമല്ല. കലാസൃഷ്ടിക്കു പ്രേരകമായ അനുഭൂതി പ്രകൃതിയിൽനിന്നു ലഭിച്ചതാണെന്നിരുന്നാൽത്തന്നെയും, അത് കലാരൂപം പ്രാപിക്കുമ്പോൾ അതിൽ നൂതനമായ ഒരംശം കലരുന്നുണ്ട്. കലാകാരൻ അനുഭൂതിക്കു കല്പിക്കുന്ന മൂല്യമാണ് ഈ നൂതനാംശം. പ്രകൃതിയിൽനിന്നുള്ള പ്രചോദനവും കലാകാരന്റെ പ്രത്യാ<noinclude><references/></div></noinclude>All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikisource.org/w/index.php?oldid=66522.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|