Revision 68797 of "ശിവകൈലാസം" on mlwikisource{{മായ്ക്കുക|}}
{{header
| title = ശിവകൈലാസം
| author = പി.ശിവൻകുട്ടിനായർ
| noyear = yes
| genre =
| translator =
| section =
| previous =
| next =
| notes =
}}
<div class="novel">
<poem>
ഭൂമിശാസ്ത്രപരമായി കൈലാസത്തിന്റെ കിടപ്പും അവിടേക്കുള്ള വഴികളും ദൂരവും
ഇന്ഡ്യാ മഹാരാജ്യത്തിന്റെ വടക്കു ഭാഗത്ത് കാശ്മീര് മുതല് ആസ്സാമിന്റെ കിഴക്കു ഭാഗം വരെ സുമാര് 2560 കി.മീ നീളത്തിലും 300 കി.മീ. വീതിയിലും ഹിമാലയ പര്വ്വത നിരകള് പല ഉയരത്തിലും വലുപ്പത്തിലും നിരനിരയായി അഭൌമതേജസ്സോടെ വിരാജിക്കുന്നു. ഇതിന്റെ വടക്കുഭാഗത്ത്, ടിബറ്റിലെ സമതല പ്രദേശങ്ങളും മലനിരകളും നീണ്ടുനിവര്ന്നു കിടക്കുന്നുണ്ട്. കാശ്മീരില് നിന്ന് 968 കി.മീ. വടക്കു കിഴക്ക് മാറി, പടിഞ്ഞാറന് ടിബറ്റില് ഭൂലോകത്തിന്റെ അച്ചുതണ്ടായ കൈലാസഗിരി ശിവശക്തി സാന്നിദ്ധ്യം വിളിച്ചറിയിച്ചുകൊണ്ട് നിലകൊള്ളുന്നു. ഇതിന് സമുദ്രനിരപ്പില് നിന്ന് 6714 മീറ്റര് ഉയരവും 51 കി.മീ. ചുറ്റളവുമുണ്ട്. ഇതിന്റെ തെക്കു ഭാഗത്ത് 26 കി.മീ. അകലെ ലോകത്തിലെ ദിവ്യമായ സരസ്സുകളില് പ്രധാനപ്പെട്ട മാനസസരസ്സ് ശാന്ത സുന്ദരമായി കിടക്കുന്നു. ഇതിന് 86 കി.മീ. ചുറ്റളവും കൂടിയ ആഴം 100 മീറ്ററുമാണ്. ഇതിന് തൊട്ടു പടിഞ്ഞാറുഭാഗത്ത് ഏതാണ്ട് 3 മുതല് 8 കി.മീ. വരെ അകലത്തില് വിശാലമായ രാവണതടാകം 123 കിലോമീറ്റര് ചുറ്റളവില് സ്ഥിതിചെയ്യുന്നു. ഇതിന്റെ ഏറ്റവും കൂടിയ ആഴം 50 മീറ്ററാണ്. ഇതിന്റെ നേരെ തെക്കുഭാഗത്ത് മാന്ധാതാ പര്വ്വതം 7730 മീറ്റര് ഉയരത്തില് വെള്ളത്തലപ്പാവണിഞ്ഞ് തല ഉയര്ത്തി നില്ക്കുന്നു. ബദരീനാഥില് നിന്ന് മാനാപാസ് വഴി കൈലാസത്തിലേക്ക് 380 കി.മീ ദൂരവും, പശുപതി നാഥില് നിന്ന് (നേപ്പാള്) മുക്തിനാഥ്, കോച്ചാര് വഴി 830 കി.മീ. ദൂരവുമുണ്ട്. പലരും ധരിച്ചിരിക്കുന്നത് ഇന്ഡ്യയുടെ വടക്കുഭാഗത്ത്, കിഴക്കു പടിഞ്ഞാറ് നീളത്തില് അതിരുപോലെ കിടക്കുന്ന ഹിമാലയന് പര്വ്വത നിരകളിലെ ഒരു കൊടുമുടിയാണ് കൈലാസമെന്നാണ്. എന്നാല് അത് ശരിയല്ല. എവറസ്റ്, ഗൌരീശങ്കര് എന്നീ ഹിമാലയ കൊടുമുടികളുടെ വടക്കുഭാഗത്ത് ടിബറ്റിലെ സമതലങ്ങളും മലനിരകളുമാണ്. അതിനും വടക്കുഭാഗത്താണ് കൈലാസം. അതായത് അല്മോറയില് നിന്ന് ലിപുലേഖ് വഴി 380 കി.മീറ്ററും, അല്മോറയില് നിന്ന് ഡര്മാ പാസ്സ് വഴി 365 കി.മീറ്ററും, അല്മോറയില് നിന്ന് ഉത്തരധ്രുവ പാസ്സ്വഴി 335 കി.മീറ്ററും, ജ്യോതിമഠില് നിന്ന് ഗുര്ളാനിറ്റി പാസ്സ്വഴി 320 കി. മീറ്ററും ജ്യോതിമഠില് നിന്ന് ഡാര്ജന്നിറ്റി പാസ്സ്വഴി 255 കി. മീറ്ററും ജ്യോതിമഠില് നിന്ന് ഹോട്ടിനിറ്റി പാസ്സ്വഴി 252കി. മീറ്ററും, ഗംഗോത്രിയില് നിന്ന് ജലൂക്കാംഗാ പാസ്സ്വഴി 388 കി.മീറ്ററും, സിംലയില് നിന്ന് ഷിപ്കി പാസ്സ്, ഗാര്ട്ടാര് വഴി 712 കി. മീറ്ററും, സിംലയില്നിന്ന് ഷിപ്കിപാസ്സ് തുലാംഗ് വഴി 757 കി.മീറ്ററും ദൂരമുണ്ട്. ഹിമാലയത്തെ 13 റേഞ്ചുകളായി വിഭജിച്ചിട്ടുണ്ട്. ഇതില് ഒരു റേഞ്ചു മാത്രമാണ് കൈലാസം. കൈലാസത്തിനു ചുറ്റും വേറെയും ധാരാളം മലകളുണ്ട്.
കൈലാസ ദര്ശനപുണ്യം
ഭൂലോകവാസികള്ക്ക്, സൂര്യചന്ദ്ര•ാരെപ്പോലെ നേരില് കാണാന് സാധിക്കുന്ന ഒരു നിത്യസത്യമാണ് കൈലാസം. ലോകത്തിലെ ഏറ്റവും ഉയര്ന്ന കൊടുമുടി എവറസ്റാണല്ലോ? എന്നാല് ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മുട്ടുമടക്കി നമസ്കരിക്കുന്ന ഒരേഒരു ഗിരിശൃംഗം കൈലാസം മാത്രമാണ്. അവിടുത്തെ അത്ഭുത ദൃശ്യങ്ങള് വാചാമഗോചരമല്ല. എന്നാല് ചിലരുടെ ദൃഷ്ടിയില് കൈലാസം സാധാരണ മലകളില് ഒന്നായി തോന്നാം. എന്റെ കൂടെ ഉണ്ടായിരുന്ന ഒരു തീര്ത്ഥാടകന് മടക്കയാത്രയില് പറയുകയുണ്ടായി “കൈലാസം” കാണുന്നതിനായി ഞാനാരേയും പ്രേരിപ്പിക്കുകയില്ല. സാധാരണ ഒരു മലയില് കവിഞ്ഞ് ഞാനൊന്നും അവിടെ കണ്ടില്ല. ബുദ്ധിമുട്ടി പണവും ചിലവാക്കി ഇവിടെവന്നതുകൊണ്ട് യാതൊരു പ്രയോജനവും എനിക്കു തോന്നുന്നില്ല.” ഈ പരാമര്ശം അമ്മയും ഭാര്യയും പെണ്ണാണെന്ന് പറയുന്നതുപോലെ നിരര്ത്ഥകമാണ്. അവര്ക്ക് കൈലാസഗിരിയേയും മറ്റ് മലകളേയും വേര് തിരിച്ചറിയാനുള്ള വിവേകമില്ലെന്ന് കരുതിയാല് മതി! കൈലാസം, സര്വ്വേശ്വരന്റെ കോണ്ക്രീറ്റ് ഹോമാണ്, ലോകജനതയുടെ തറവാടാണത്.
ടിബറ്റിനെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. അതില് പടിഞ്ഞാറന് ടിബറ്റ് ബ്രഹ്മപുത്രയുടെ ഉത്ഭവം മുതല് ലഡാക്ക് വരെ നീണ്ടു കിടക്കുന്നു. എന്നാല് അതിനെ വീണ്ടും 3 പ്രവശ്യകളായി തിരിച്ചിട്ടുണ്ട്. ലഡാക്ക്, ഗുജി, പുരാംങ്ങ്. 1841-ല് ലഡാക്കിനെ കാശ്മീരിനോട് ചേര്ത്തു. കൈലാസമാനസസരസ്സ് പ്രദേശം പടിഞ്ഞാറന് ടിബറ്റിന്റെ തെക്കുകിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്നു. പുരാംഗിന്റെ ഭാഗവും ഇതില് ഉള്പ്പെടുന്നുണ്ട്. ഈ ഭാഗത്തെ “മാനസഖണ്ഡ്” എന്നാണ് വിളിക്കുന്നത്. ഇതിന് കിഴക്ക് പടിഞ്ഞാറ് 320 കി.മീറ്റര് നീളവും, തെക്ക് വടക്ക് 160 കി.മീറ്റര് വീതിയും ഉണ്ട്.
കൈലാസ്, മാന്ധാത, സുരാഗ്, കാന്ഗ്ളിങ്ങ് ഇവയാണ് ഈ ഭാഗത്തെ പ്രധാന പര്വ്വതങ്ങള്. ഗംഗ, ബ്രഹ്മപുത്ര, സരയൂ, സിന്ധു എന്നീ 4 നദികള് ഈ ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്നുണ്ട്. ഇവയിലേക്ക് പല ഭാഗത്തുനിന്നുമായി 32 അരുവികള് വന്നു ചേരുന്നുണ്ട്. കൂടാതെ മാനസ്സിലേക്ക് 13 അരുവികളും, രാക്ഷസ് തടാകത്തിലേക്ക് 8 അരുവികളും വേറെയും വന്ന് ചേരുന്നു. ഇവയില് ഭൂരിഭാഗം അരുവികളിലും വേനല്ക്കാലത്ത് വെള്ളമുണ്ടാകാറില്ല. എന്നാല് ചിലതില് കൂടി മഞ്ഞുരുകി വെള്ളമൊഴുകുന്നതു കാണാം.
കൈലാസത്തിന്നു ചുറ്റും 5 ബുദ്ധവിഹാരങ്ങള് ഉണ്ട്. പടിഞ്ഞാറ് നന്ദി, വടക്ക് ഡിറാപുക്ക്, കിഴക്ക് സുത്തുല്പുക്ക്, തെക്ക് ജഗ്തായും, സിലുഗും. കൈലാസത്തിന്റെ കിഴക്ക് ഭാഗത്ത് “ഗൌരീകുണ്ഡ്” എന്ന തടാകം കോഴിമുട്ടയുടെ ആകൃതിയില് സ്ഥിതിചെയ്യുന്നു. ഇതിന് ഒന്നേകാല് കി.മീറ്റര് നീളവും മുക്കാല് കി.മീറ്റര് വീതിയുമുണ്ട്. ഏറ്റവും കൂടിയ ആഴം 22 മീറ്ററാണ്. മിക്കപ്പോഴും ഇതില് മഞ്ഞുകട്ട നിറഞ്ഞു കിടക്കുന്നത് കാണാം.
കൈലാസത്തിന്റെ തൊട്ട് തെക്ക് ഭാഗത്ത് മാനസസരസ്സും അതിന്റെ പടിഞ്ഞാറ് ഭാഗത്ത് രാക്ഷസ തടാകവും (രാവണതടാകമെന്നും പറയും) അതിന്റെ തെക്ക് ഭാഗത്ത് മാന്ധാതാ പര്വ്വതവും സ്ഥിതിചെയ്യുന്നു.
ബുദ്ധമതക്കാര് 3 പ്രാവശ്യമോ 13 പ്രാവശ്യമോ കൈലാസ പ്രദക്ഷിണം ചെയ്യാറുണ്ട്. സാഷ്ടാംഗദണ്ഡ നമസ്കാര പ്രദക്ഷിണവും ചെയ്യുന്നവരുണ്ട്.
28 ദിവസം കൊണ്ട് മാനസസരോവര പ്രദക്ഷിണവും 15 ദിവസം കൊണ്ട് കൈലാസ പ്രദക്ഷിണവും അവര് ചെയ്യുന്നു. കൈലാസ പ്രദക്ഷിണം മോക്ഷദായകമാണെന്നും, മരിച്ചുപോയ ബന്ധുക്കള്ക്ക് ന•ചെയ്യുമെന്നും അവര് വിശ്വസിക്കുന്നു. ഒരു പ്രാവശ്യം പരിക്രമണം ചെയ്താല് പാപങ്ങളൊക്കെ ഇല്ലാതായി തീരുമെന്നും 10 പ്രാവശ്യത്തെ പ്രദക്ഷിണം കൊണ്ട് ഒരു കല്പകാലത്തെ പാപങ്ങള് ഒഴിഞ്ഞുപോകുമെന്നും 108 തവണ പ്രദക്ഷിണം ചെയ്താല് “നിര്വ്വാണം” പ്രാപിക്കുമെന്നും അവര് വിശ്വസിക്കുന്നു. രോഗികളോ വികലാംഗരോ ആയ പണക്കാര്, അവര്ക്കുവേണ്ടി പണം കൊടുത്ത് മറ്റുള്ളവരെക്കൊണ്ട് പരി ക്രമണം ചെയ്യിക്കുന്ന രീതിയും ഇവിടെ നടപ്പുണ്ട്. ആദ്യത്തെ ബുദ്ധ വിഹാരം എ.ഡി.835 - ല് ഇവിടെ പണികഴിപ്പിച്ചതായി പറയപ്പെടുന്നു. അതിന് മുന്പ് തന്നെ ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു.
കൈലാസത്തിന്റെ പടിഞ്ഞാറു ഭാഗത്ത് എല്ലാകൊല്ലവും മെയ്മാസത്തിലെ പൌര്ണ്ണമി നാളില് ശ്രീബുദ്ധജയന്തി ആഘോഷിക്കുന്നുണ്ട്. ആയിരത്തില്പ്പരം ബുദ്ധസന്യാസിമാര് അവിടെ ഒത്തുകൂടും. പുതിയ ഒരു കൊടിയും കൊടിമരവും അവിടെ അന്ന് സ്ഥാപിക്കാറുണ്ട്.
കൈലാസത്തിന്റെ തെക്കുഭാഗം ഒരു വീടിന്റെ ഭിത്തിപോലെ ലംബമായി വളരെ ഉയരത്തില് നില്ക്കുകയാണ്. അതിന്റെ മുകള് ഭാഗത്ത് ഭൂമിക്ക് സമാന്തരമായി വലിയ പാറകള് നില്ക്കുന്നുണ്ട്. അതിന്റെ മുകളില് കട്ടപിടിച്ചു കിടക്കുന്ന മഞ്ഞുമലകള് സൂര്യപ്രകാശം തട്ടുന്നതോടുകൂടി, ഉരുകി ഒഴുകാന് തുടങ്ങും. കുത്തനെയുള്ള ചരുവില്കൂടി, ഓംകാര ശബ്ദത്തോടെ വലിയ മഞ്ഞുപാളികള് വളരെ വേഗത്തില് ഒലിച്ചിറങ്ങുന്നതുകാണുമ്പോള് ഭയഭക്തി ബഹുമാനത്തോടെ ആരും കൈ കൂപ്പി പോകും!. അപ്പോള് പാറമടക്കുകളില് നിന്ന് കുരുവിക്കൂട്ടങ്ങള് പറന്നുയരുന്നത് വളരെ കൌതുകമുള്ള കാഴ്ചയാണ്. ഇതിന്നും കുറച്ചു കിഴക്കുഭാഗത്തായി ഉയരത്തില് രണ്ട് ചെറിയ തടാകങ്ങള് കാണാം. ഒന്ന് കപാലി, മറ്റേത് കവാല (ടര്ച്ചി എന്നും പറയും), കപാലിക്ക് രുക്ത എന്ന പേരും ഉണ്ട്. ഇതിലെ വെള്ളത്തിന്റെ നിറം കറുപ്പാണ്! ഇതിന് 200 മീറ്റര് വ്യാസമുണ്ട്. അതില് നിന്നും 30 മീറ്റര് താഴെയാണ് “കവാല” യുടെ കിടപ്പ്. അതിന് 400 മീറ്റര് വ്യാസമുണ്ട്. അതിലെ വെള്ളം പാലുപോലെ വെളുത്തതാണ്. ഈ തടാകങ്ങള് രണ്ടും പാറകളാല് ചുറ്റപ്പെട്ടതും മണ്ണുമായി യാതൊരു ബന്ധവും ഇല്ലാത്തതുമാണ്. കവാലയെ കൈലാസത്തിന്റെ താക്കോലായിട്ടാണ് കണക്കാക്കുന്നത്. അതാണ് മാനസസരസ്സിന്റെ സിരാകേന്ദ്രം. രുക്തയില് ഒരുതരം പശയുള്ള മണ്ണ് ചിലഭാഗങ്ങളില് കാണപ്പെടുന്നുണ്ട്. അതിനെ പ്രസാദമായി അവിടം സന്ദര്ശിക്കുന്നവര് എടുത്തുകൊണ്ട് പോകാറുണ്ട്. ഈ രണ്ടു തടാകങ്ങളിലും സാഹസികര്ക്കുമാത്രമേ സന്ദര്ശിക്കാന് പറ്റൂ. ടിബറ്റുകാര് 13 പ്രാവശ്യം കൈലാസ പ്രദക്ഷിണം നടത്തിയാല്, ഈ രണ്ട് തടാകങ്ങള് കൂടി സന്ദര്ശിച്ചാലേ പരിക്രമണം പരിപൂര്ണ്ണമായതായി അവര് കണക്കാക്കുകയുള്ളു. ആയതിനാല് അങ്ങനെയുള്ള തീര്ത്ഥാടകര് അവിടം സന്ദര്ശിക്കാറുണ്ട്.
ഭാരതത്തില് നിന്ന് സ്വാമി പ്രണവാനന്ദജി, മാത്രമേ ആ ഭാഗത്ത് പോയതായി രേഖകളുള്ളു.
ഗംഗാപ്രവാഹത്തില് നിന്നും നോക്കുമ്പോള് കൈലാസത്തിന്റെ തെക്കുഭാഗത്തുള്ള ഒരു കൊടുമുടിയില് വലിയ ഒരു അരയന്നം ഇരിക്കുന്നതായി തോന്നും. തെക്കുഭാഗത്തു തന്നെ തള്ളി നില്ക്കുന്ന മറ്റൊരു കൊടുമുടി കണ്ടാല് ഹനുമാന് സ്വാമി ഇരിക്കുന്നതിനെ ഓര്മ്മിപ്പിക്കും. കൈലാസത്തിന്റെ ചുവട്ടില് തെക്കു ഭാഗത്ത് തലയുയര്ത്തി കിടക്കുന്ന “നിതിന്-യലാക്ക്-ജംഗ്” എന്ന പര്വ്വതം ശിവന്റെ വാഹനമായ നന്ദി കിടക്കുന്ന അതേ രൂപത്തില് തലയുയര്ത്തിക്കിടക്കുന്നത് പോലെ സ്പഷ്ടമായി കാണാം. അതിനുചുറ്റും കൈലാസത്തിന്റെ തെക്കുഭാഗത്തു നിന്നും കിഴക്കുഭാഗത്തുനിന്നും വരുന്ന അരുവികള് കുതിച്ചു പായുന്നത് കാണാന് നല്ല രസമുണ്ട്.
കൈലാസത്തിന്റെ വടക്ക് ഭാഗത്തുള്ള രണ്ട് കൊടുമുടികള് ശിവന്റേയും പാര്വ്വതിയുടേയും രണ്ട് സിംഹാസനങ്ങള് പോലെ ഉയര്ന്ന് നില്ക്കുന്നതുകാണാം. മാനസസരസ്സില് നിന്നും കൈലാസത്തിന്റെ കിഴക്കു ഭാഗത്തേക്കു നോക്കുമ്പോള് രണ്ട് കറുത്ത പൊട്ടുകള് പോലെയുള്ള രണ്ട് കൊടുമുടികള് കാണാം. തെക്കുകിഴക്ക് ഭാഗത്ത് മകുടങ്ങള് വച്ചതുപോലെ മഞ്ഞുമൂടിയ കൊടുമുടികള് നമ്മെ അതിശയിപ്പിക്കും. വൈവിദ്ധ്യമുള്ള പല കാഴ്ചകളും കൈലാസത്തിന് ചുറ്റും നമുക്ക് കാണാം. നിമിഷംപ്രതി നവനവങ്ങളായ കാഴ്ചകളാണ് നമ്മുടെ മുന്നില് അനാവരണം ചെയ്യപ്പെടുന്നത്.
കൈലാസത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തിന് ഈജിപ്തിലെ പിരമിഡുകളുടെ രൂപ സാദൃശ്യമുണ്ട്. ഇങ്ങനെ കൈലാസത്തിന്റെ നാലുപാടും നാം നിരീക്ഷിക്കുമ്പോള്, ആകര്ഷണീയമായ ആകാരഭംഗിയും സൌന്ദര്യവും തലയെടുപ്പും നമ്മെ അമ്പരപ്പിക്കും. അത്രയ്ക്ക് വിവരണാതീതമാണ് കൈലാസത്തിന്റെ ഭാവമാറ്റങ്ങള്.
ടിബറ്റുകാര് ശിശിരകാലത്താണ് കൈലാസ-മാനസസരസ്സ് പരിക്രമണം നടത്തുന്നത്. അന്ന് മാനസസരസ്സും അതിലേക്ക് വരുന്ന നദികളും മഞ്ഞുകട്ടയായി കിടക്കുന്നതിനാല് നടക്കാന് ബുദ്ധിമുട്ടുകള് കുറവാണ്. എന്നാല് വേനല്ക്കാലത്ത് മഞ്ഞുരുകി, നദികളില് വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും, മഴക്കാലത്ത് മഴവെള്ളം പുഴപോലെ കുത്തിയൊലിച്ചു വരുമ്പോഴും അവര് പരിക്രമണം നടത്താറില്ല.
കൈലാസത്തിന്റെ നാല് ഭാഗങ്ങളില് നിന്ന് ഗംഗാ, സിന്ധു, ബ്രഹ്മപുത്ര, സരയൂ എന്നീ 4 നദികള് ഉത്ഭവിക്കുന്നു. ഗംഗാനദി ശിവസുതനായ ഗണപതിയുടെ വായില്നിന്ന് (കൈലാസത്തിന്റെ പടിഞ്ഞാറ് ഭാഗ ത്ത് നിന്ന്) ഉത്ഭവിച്ച് മാനസസരസ്സില് വന്നു ചേര്ന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നതായി കണക്കാക്കുന്നു. ഉത്ഭവസ്ഥാനം ആനയുടെ മുഖം പോ ലെ ഇരിക്കുന്നതിനാല് ഗംഗ ആനവായില് നിന്നും ഉത്ഭവിക്കുന്ന നദിയായി കണക്കാക്കുന്നു. ഇതിന് “സത്ലജ്” എന്നും പേര് പറയുന്നുണ്ട്.
സിന്ധൂനദി ശിവനന്ദനനായ സുബ്രഹ്മണ്യ സ്വാമിയുടെ വാഹനമായ മയിലിന്റെ വായില് നിന്ന് ഉത്ഭവിച്ച് മാനസസരസ്സില് പതിക്കുന്നു. കൈലാസത്തിന്റെ തെക്കുഭാഗത്ത് മയിലിന്റെ ആകൃതിയിലുളള കൊടുമുടിയില് നിന്നും ഉത്ഭവിക്കുന്നതിനാല് ഈ നദിയെ മയില് വായില് നിന്നും ഉത്ഭവിക്കുന്ന നദിയായി കണക്കാക്കുന്നു. ഇതിന് “കാര്നാലി” എന്നും പേരുണ്ട്.
ബ്രഹ്മപുത്രാനദി ഹരിഹരപുത്രനായ ധര്മ്മശാസ്താവിന്റെ വാഹനമായ കുതിരവായില് നിന്നും ഉത്ഭവിക്കുന്നു. കൈലാസത്തിന്റെ കിഴക്കു ഭാഗത്തുള്ള കൊടുമുടി ഒരു കുതിരയുടെ ആകൃതിയില് ഉള്ളതാണ്. കുതിരവായില് നിന്നും ഉത്ഭവിക്കുന്ന ഈ നദിക്ക് “ലോഹിത” എന്നും പേരുണ്ട്.
ശിവപത്നിയായ പാര്വ്വതീദേവിയുടെ വാഹനമായ സിംഹത്തിന്റെ വായില് നിന്നാണ് സരയൂനദി ഉത്ഭവിക്കുന്നത്. കൈലാസത്തി ന്റെ വടക്കു ഭാഗത്തുള്ള ഈ കൊടുമുടി സിംഹത്തിന്റെ രൂപത്തിലായ തിനാല് അതില്നിന്നും ഉത്ഭവിക്കുന്ന ഈ നദിയെ സിത എന്നും ഇന്ഡ്യുസ് എന്നും വിളിക്കുന്നു.
ഗംഗാനദിയിലെ ജലം കുളിര്മയുള്ളതും സ്വര്ണ്ണമണല്ത്തരികള് കലര്ന്നതും ആണ്. സിന്ധു നദീജലം ചൂടുള്ളതും, വെള്ളിമണല്ത്തരികള് കലര്ന്നതുമാണ്. ബ്രഹ്മപുത്രാ നദിയിലെ ജലം കുളിര്മയുള്ളതും വൈഡൂര്യത്തരിമണല് കലര്ന്നതും ആണ്. സരയൂനദീജലം ചൂടുള്ളതും ഡയമണ്ട് മണല്ത്തരികള് കലര്ന്നതുമാണ്. ഗംഗാനദിയിലെ വെള്ളം കുടിച്ചാല് ആനയെപ്പോലെ ശക്തിയുള്ളവരാകുമെന്നും, സിന്ധൂനദി യിലെ വെളളം കുടിച്ചാല് മയിലിനെപ്പോലെ ഭംഗിയുളളവരാകുമെന്നും, ബ്രഹ്മപുത്രാ നദിയിലെ വെള്ളം കുടിച്ചാല് കുതിരയെപ്പോലെ ഊര്ജ്ജസ്വലരാകുമെന്നും, സരയൂ നദിയിലെ വെള്ളം കുടിച്ചാല് സിംഹത്തെപ്പോലെ നായക•ാരാകുമെന്നും ആളുകള് വിശ്വസിക്കുന്നു.
മാനസസരസ്സിലെ മായക്കാഴ്ചകള്
സമുദ്രനിരപ്പില് നിന്നും ഏകദേശം 4750 മീറ്റര് ഉയരത്തില് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായതെന്ന് കേഴ്വിപ്പെട്ട തടാകമായ മാനസസരസ്സ് സ്ഥിതിചെയ്യുന്നു. കൈലാസം, മാന്ധാത എന്നീ പര്വ്വതങ്ങളുടെ ഇടയിലാണ് മാനസസരസ്സിന്റെ സ്ഥാനം. മാനസസരസ്സിലെ ജലത്തിന്ന് മറ്റ് തടാകങ്ങളിലെ ജലത്തെ അപേക്ഷിച്ച് മധുരം കൂടും. ഈ സരസ്സിന്റെ പാര്ശ്വഭാഗങ്ങളില് നിന്നും മദ്ധ്യത്തില് നിന്നും ചൂടുവെള്ളം ഉറന്നു വരുന്നതായി കാണപ്പെടുന്നുണ്ട്. പര്വ്വതങ്ങളുടെ സമീപത്തുനിന്നും അരുവികളിലെ ജലം തണുത്തതാണ്. മഞ്ഞുകാലത്ത് ഓര്ക്കാപ്പുറത്ത് പെട്ടെന്ന് മാനസസരസ്സിലെ വെള്ളം മഞ്ഞായി രൂപപ്പെടും. ഓടിക്കളിച്ചുകൊണ്ടിരുന്ന മത്സ്യങ്ങള് ഒരുനിമിഷം കൊണ്ട് മഞ്ഞിനടിയില് ചത്തു കിടക്കുന്നതായി കാണാം. അതുപോലെ തന്നെ നീന്തിക്കളിച്ചുകൊണ്ടിരുന്ന അരയന്നസദൃശമായ പക്ഷിക്കുഞ്ഞുങ്ങള് മഞ്ഞിന്റെ പിടിയില്പ്പെട്ട് പിടഞ്ഞു ചത്തു കിടക്കുന്ന കാഴ്ച ആരുടെയും കരളലിയിക്കും. ചിലപ്പോള് വെള്ളം കുടിക്കുവാന് വന്ന ആട്ടിന് കുട്ടികള് പോലും മഞ്ഞിനടിയില് ചത്തു മരവിച്ചു കിടക്കുന്നതുകാണാം. മഞ്ഞു വീഴ്ചയുണ്ടാകുന്ന കാലങ്ങളില് ആടുകള് കൂട്ടത്തോടെ ചത്തൊടുങ്ങാറുണ്ട്. ഈ കാലങ്ങളില് കരയില് തിരകള് ആഞ്ഞടിക്കുമെങ്കിലും ജലാശയത്തിന്റെ മദ്ധ്യഭാഗം ശാന്തമായിരിക്കും. അപ്പോള് തടാകത്തിന്റെ തെക്കുഭാഗത്ത് കൈലാസത്തിന്റെ വെള്ളി വെളിച്ചം വിതറുന്ന മകുടങ്ങള് പ്രതിബിംബിക്കുന്നതു കാണാം.
തടാകത്തിന്റെ വടക്ക്കിഴക്ക് ഭാഗത്ത് മാന്ധാതാ പര്വ്വതത്തിന്റെ രാക്ഷസ ശിരാമകുടങ്ങള് സടകുടഞ്ഞെഴുന്നേറ്റു നില്ക്കുന്ന കാഴ്ച, കണ്ണാടിയിലെന്നപോലെ കാണുമ്പോള് ആരും അത്ഭുതപ്പെട്ടുപോകും.
പൌര്ണ്ണമിദിവസം പൂര്ണ്ണചന്ദ്രന് തടാകത്തിലേക്ക് എത്തിനോക്കുമ്പോള്, ആകാശത്തിലെ നക്ഷത്രക്കുഞ്ഞുങ്ങള് തടാകത്തിനകത്ത് മിന്നിമിന്നിതിളങ്ങുന്നതും, കനകപ്രഭ ചൊരിയുന്നതും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. സൂര്യാസ്തമനത്തില് കൈലാസത്തിന്റെ വടക്കുഭാഗത്തുള്ള കൊടുമുടികള് യക്ഷിക്കഥകളിലെ നഗരം പോലെ വര്ണ്ണനാതീതമായി കാണാറുണ്ട്. നമ്മുടെ കണ്മുന്നില് രജത മകുടങ്ങള് തിളങ്ങി നില്ക്കുന്നതു കാണുമ്പോള് ആരും ആനന്ദ തരളിതരായിപ്പോകും. അതേ സമയം മാന്ധാതാ പര്വ്വതമുകളില് അസ്തമയ സൂര്യന്റെ പൊന്കിരണങ്ങള് അഗ്നി ഗോളങ്ങള് സൃഷ്ടിക്കുന്നതും, ചുരുളുചുരുളായി പുകപടലങ്ങള് ആകാശത്തിലേക്ക് ഉയരുന്നതും, അഗ്നിനാളങ്ങള് അംബരചുംബി
കളായി രാക്ഷസീയ നൃത്തം നടത്തുന്നതും കാണുമ്പോള് പണ്ട് ആഞ്ജനേയ സ്വാമി ലങ്കയ്ക്ക് തീവച്ചപ്പോള് ഉയര്ന്ന അഗ്നി ഗോളങ്ങളുടെ സംഹാര താണ്ഡവം ഓര്ത്തുപോയി.
സൂര്യാസ്തമയത്തോടുകൂടി ആ പ്രദേശം മുഴുവനും രാത്രിയുടെ കരാളഹസ്തത്തില് വിറങ്ങലിച്ചു നില്ക്കുന്നതായി തോന്നി. വീണ്ടും സൂര്യോദയത്തില് ബാലസൂര്യരശ്മികള് കൈലാസമാന്ധാതാ പര്വ്വതങ്ങളില് പതിച്ച് രജതരേഖകള് ഉണ്ടാക്കി തടാകത്തില് പ്രതിഫലിപ്പിക്കുന്നത് ഹൃദയാനന്ദകരമാണ്. മറ്റ്ചിലപ്പോള് അസ്മയസൂര്യന് മലമുകളിലെ മഞ്ഞുപാളികളെ കനകപ്രഭയണിയിക്കുമ്പോള് അത് കണ്ണിന് കര്പ്പൂരമായി മാറുന്നത് കാണാം. ചിലകാലങ്ങളില് പര്വ്വതവും, തടാക വും എല്ലാം മഞ്ഞുകൊണ്ട് മൂടിക്കിടക്കും. അപ്പോള് ടെന്റുകളോ വീടു കളോ, കുണ്ടോ കുഴിയോ പര്വ്വതനിരകളോ കായല്പ്പരപ്പുകളോ ഒന്നും തിരിച്ചറിയാന് കഴിയാത്ത അവസ്ഥയായിരിക്കും. അടുത്ത നിമിഷത്തില് മഞ്ഞുമാറി എല്ലാം കാണാന് തുടങ്ങുകയും ചെയ്യും. കൈലാസ മാനസ സരസ്സ് തീരങ്ങള് ഈ ലോകത്ത് ഉള്ള ആരേയും ആകര്ഷിക്കുകയും അത്ഭുതസ്തബ്ധരാക്കുകയും ചെയ്യുന്ന ഒരു പ്രത്യേക മേഖലയാണ്.
രാജഹംസങ്ങളോ സ്വര്ണ്ണത്താമരകളോ എപ്പോഴും എല്ലാവര് ക്കും കാണാന് കഴിയുന്ന കാഴ്ചയല്ല. ചില സമയങ്ങളില് മാത്രമേ രാജ ഹംസങ്ങള് മാനസസരസ്സില് എത്താറുള്ളു. ആയതിനാല് അവയെ കണ്ടതായി അപൂര്വ്വം ചില സഞ്ചാരികള് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു.സ്വര്ണ്ണത്താമരയെപ്പറ്റി ബുദ്ധ•ാരുടെ അദ്ധ്യാത്മിക ഗ്രന്ഥങ്ങളില് പ്രതിപാദിച്ചിട്ടുണ്ട്. അത് ചില പ്രത്യേക കാലാവസ്ഥാ വിശേഷസമയത്ത് കാണുന്ന ഒരു പ്രതിഭാസമാണ്. ചില സഞ്ചാരികള് അവരുടെ കുറിപ്പുകളില് സ്വര്ണ്ണത്താമര വിടര്ന്നു നില്ക്കുന്നത് കണ്ടതായി പറയുന്നുണ്ട്. എന്നാല് മറ്റു ചിലര് ഇത് വെറുമൊരു സങ്കല്പസൃഷ്ടിയാണെന്ന് സമര് ത്ഥിക്കാന് ശ്രമിക്കുന്നത് കാണാം. എന്റെ സന്ദര്ശനസമയത്ത് സ്വര്ണ്ണ ത്താമരകളോ, രാജഹംസങ്ങളോ ഒന്നും തന്നെ എന്റെ ദൃഷ്ടിയില്പ്പെട്ടിട്ടില്ല. അതാണ് സത്യം. എന്നാല് ഹംസങ്ങളുടെ രൂപസാദൃശ്യങ്ങളുള്ള 3 തരം പക്ഷികളെ അവിടെ കാണുകയുണ്ടായി. ഒന്ന് ഒരു മീറ്റര് ഉയരത്തിലുള്ള ഒരുതരം ഹംസങ്ങളാണ്. അതിന്റെ കാലുകള് ഓറഞ്ച് നിറമുള്ളതാണ്. കൊക്കുകള്ക്ക് മഞ്ഞനിറം തലയില് കറുത്ത രണ്ടുവരകള് നീളത്തില് കാണാം. കഴുത്തിന് താഴ്വശവും ചിറകിന്റെ അടിഭാഗവും മറ്റും കറുപ്പാണ്. ശരീരത്തിന്റെ അടിഭാഗവും മുഖവും വെള്ളനിറമാണ്. പെണ് പക്ഷി ആണ്പക്ഷികളെക്കാള് വെളുത്തതാണ്. ടിബറ്റുകാര് ഇവയെ “നയനാംബ” എന്നാണ് വിളിക്കുന്നത്.
“ബ്രാഹ്മണിഹംസ” മെന്ന് വിളിപ്പേരുള്ള മറ്റൊരുതരം പക്ഷിയേയും ഇവിടെ കാണാം. ഇതിന്റെ തലയും ശരീരഭാഗങ്ങളും ലൈറ്റ് ബ്രൌണും വെള്ളയുമാണ്. ശരീരത്തിനടിഭാഗത്തുള്ള തൂവലുകളും വാലും, കാലുകളും, കൊക്കും,കറുത്തതാണ്. ചൂടുവെള്ളം ഉറന്നുവരുന്ന അരുവിയുടെ കരകളിലാണിതിന്റെ വാസം.
മൂന്നാമത്തെ തരം “ചക്രമ” എന്ന പേരോടു കൂടിയ പക്ഷിയാണ്. ഇതിന്റെ തലയും വാലും ലൈറ്റ് ഗ്രേയാണ്. കഴുത്തും, വയറും വെള്ളയാണ്. വാലിന്റെ അറ്റം കറുപ്പാണ്. കാലുകളും ചുണ്ടും പിങ്കുനിറമാണ്.
ഇവ ഏപ്രില് മാസത്തില് മുട്ടകളിടുന്നു. കോഴിമുട്ടയുടെ മൂന്നിരട്ടി വലിപ്പമുള്ള മുട്ടകളാണ്. ടിബറ്റുകാര് ഇത് പെറുക്കി എടുത്ത് വില്ക്കാറുണ്ട്. ഡിസംബര്-ജനുവരി മാസങ്ങളിലാണ് മാനസസരസ്സ് മഞ്ഞുകട്ടയായി മാറുന്നത്. മാന്ധാതാ പര്വ്വത ഭാഗത്തുനിന്നുമടിക്കുന്ന കൊ ടുംകാറ്റ് മാനസസരോവറിനെ ഇളക്കിമറിയ്ക്കും. തിരമാലകള് അലറി ഉയരും. ഇടിവെട്ടുന്നതുപോലുള്ള ഭയങ്കര ശബ്ദങ്ങള് ആ അവസരത്തില് കേള്ക്കാറുണ്ട്.
ജനുവരി ആദ്യവാരങ്ങളിലെ ചില ദിവസങ്ങളില് ശബ്ദകോലാഹലങ്ങള് ഒന്നുമില്ലാതെ നിതാന്ത ശാന്തത മാനസ്സില് തളംകെട്ടിനില്ക്കുന്നതു കാണാം. ഈ ശാന്തത കൈലാസ മാനസസരസ്സ് പരിസരം മുഴുവന് മഞ്ഞിന്റെ പിടിയില് അമരാന് പോകുന്നു എന്നതിന്റെ മുന്നറിയിപ്പാണ്. ആ ദിവസങ്ങളില് പ്രഭാതം പൊട്ടിവിരിയുന്നത് മനോഹാരിത ചാലിച്ചുകൊണ്ടായിരിക്കും. സൂര്യന്റെ ആദ്യകിരണങ്ങള് പുണ്യമലയായ കൈലാസത്തിന്റെ വടക്കു പടിഞ്ഞാറുള്ള കൊടുമുടികളെ സ്വര്ണ്ണവര്ണ്ണമണിയിക്കുമ്പോള് ആകാശത്തിന്റെ നീല മേലാപ്പ് പറഞ്ഞറിയിക്കാന് സാധിക്കാത്ത മാനസികഹര്ഷം പ്രദാനം ചെയ്യുമാറ് കുടപിടിച്ചു നില്ക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. പ്രകാശം പൂത്തിരി കത്തിക്കുന്നതേയുള്ളു. പരന്നിട്ടില്ല. മാനസസരസ്സില് ആ ദൃശ്യങ്ങള് പ്രതിബിംബിക്കുന്നുണ്ട്. ഈ സുന്ദര ദൃശ്യങ്ങള് കാഴ്ചവെയ്ക്കുന്ന അദൃശ്യശക്തികളുടെ കരവിരുതോര്ക്കുമ്പോള് നാം ആനന്ദതുന്ദിലരായി കണ്ണുനീര് വാര്ത്തു പോകും.
ഏതുചിത്രകാരനാണ് ഇത്രയും മനോഹരമായ ദൃശ്യങ്ങള് ഈ ലോകത്ത് വരയ്ക്കാന് കഴിയുക?. ലോകവിധാതാവിനല്ലാതെ മറ്റാര്ക്കും ഇങ്ങനെയുള്ള അത്യപൂര്വ്വ ദൃശ്യങ്ങള് ഒരിക്കലും കാഴ്ചവയ്ക്കുവാന് കഴിയുകയില്ലെന്ന് നിശ്ചയമാണ്. ഒരു നിമിഷം തെളിയുന്ന ചിത്രം, അടുത്ത നിമിഷത്തില് അപ്രത്യക്ഷമായി വീണ്ടും അതിനേക്കാള് ഉജ്ജ്വലമായ ദൃശ്യങ്ങള് അനാവരണം ചെയ്യുകയായി. ഇങ്ങനെ ആയിരമായിരം ദൃശ്യവിരുന്നുകള് നിമിഷംപ്രതി കാഴ്ചവെയ്ക്കുന്നതു കാണുമ്പോള് മനുഷ്യ മനസ്സ് ദേവമനസ്സായി ചിറകടിച്ചുയരുന്നു. ഏത് കഠിനഹൃദയനാണ്, ഏത് നിരീശ്വരവാദിയാണ് പ്രകൃതിയുടെ ഈ ദൃശ്യവിരുന്നില് സംതൃപ്തനായി രോമാഞ്ചകഞ്ചുകമണിയാത്തത്?. ഈ ദൃശ്യസൃഷ്ടികളൊന്നും ഒരിക്ക ലും മനുഷ്യസാധ്യമല്ലെന്ന് മനസ്സിലാക്കുമ്പോഴാണ് നാം അമാനുഷികശക്തിയെ-ദൈവശക്തിയെ-നെഞ്ചിലേറ്റി ആരാധിക്കാന് തുടങ്ങുന്നത്. നീല വിഹായസ്സിനു താഴെ കൈലാസത്തിന്റെ വെള്ളിവെളിച്ചംചാലിച്ച കൊടുമുടികള് ശാന്തസുന്ദരമായി ഉറങ്ങുന്ന മാനസസരസ്സിനെ ഉമ്മ വയ്ക്കുന്നത് കണ്ണാടിയിലെന്ന പോലെ പ്രതിബിംബിക്കുന്നതു കാണുമ്പോള് ഏതു മുടന്തനും ആഹ്ളാദത്തിന്റെ കൊടുമുടിയില് ചാടിക്കയറിപ്പോകും.
സൂര്യന് കിഴക്കെ ചക്രവാളത്തില് തല പൊക്കി പൊക്കി നോക്കുന്നതോടുകൂടി മാനസസരസ്സിന്റെ മുഖം തുടുത്തു തുടങ്ങി. കരയില് നിന്നും ഏതാണ്ട് രണ്ട് കിലോമീറ്ററോളം ചുറ്റിലുമുള്ള വെള്ളപ്പരപ്പുകള് മഞ്ഞുകട്ടകളായി തീർന്നിരിക്കുന്നു. പരിശുദ്ധമായ പാല് അവിടെയൊക്കെ ധാരാളം പരന്നിരിക്കുന്നതിന്റെ വെണ്മ നമുക്ക് കാണാന് കഴിയും. ജലാശയത്തിന്റെ നീലിമയാർന്ന മദ്ധ്യഭാഗത്ത് കൈലാസ്സകൊടുമുടിയില് തട്ടി തങ്കത്തകിടുകള് അനവരതം വാരി വിതറുന്ന സൂര്യപ്രകാശധോരണി പ്രതിബിംബിക്കുന്നതിന്റെ മാസ്മരപ്രഭാവം നൃത്തം അറിയാത്തവരെപ്പോലും നർത്തകരാക്കി മാറ്റാന് കഴിവുള്ളതാക്കുന്നതാണെന്ന് കാണാം.
പ്രകൃതിയുടെ രണ്ടുമുഖങ്ങളാണ് നാം ഇവിടെ കാണുന്നത്. ഒന്ന് യഥാർത്ഥവും മറ്റേത് പ്രതിഛായയും. പ്രതിഛായയെ നാം ജീവിതത്തെ പ്പോലെ യാഥാർത്ഥ്യമാണെന്നു കരുതും. എന്നാല് അത് സത്യമല്ലെന്നും മായക്കാഴ്ചയാണെന്നും വൈകിമാത്രമേ നാം അറിയാറുള്ളു. അപ്പോഴേക്കും ജീവിതം അസ്തമിക്കാറായിട്ടുണ്ടാകും. വൈകിയാണെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കുന്നത് ഒരു നേട്ടം തന്നെയാണ്. അന്ത്യമായ ജീവിതവിജയത്തിന് അത് കളമൊരുക്കും.
ഒരു കൊച്ചുകുട്ടിയാണ് ഈ ദൃശ്യവിരുന്ന് കാണുന്നതെങ്കില്, തീർച്ചയായും മാനസസരസ്സിലെ ഈ മായക്കാഴ്ചകള് മാഞ്ഞുപോകുമ്പോള് പോകരുതേ......മായരുതേ.... എന്നുപറഞ്ഞവന് പൊട്ടിപ്പൊട്ടിക്കരഞ്ഞു നിലവിളിക്കുന്നുണ്ടാകും! അതുപോലെതന്നെയാണ് അറിവുണ്ടെന്ന് നടിക്കുന്ന നമ്മള്, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങള് ദുരന്തങ്ങളാണെന്നു കരുതി സത്യമറിയാതെ തേങ്ങി തേങ്ങി നിലവിളിക്കുന്നത്!. നശ്വരമായ ജീവിതത്തെ നാം അനശ്വരമായി കാണുന്നതിന്റെ പൊള്ളത്തരം മാനസസരസ്സിലെ മായക്കാഴ്ചകളിലൂടെ പ്രകൃതി നമുക്ക് പകർന്നുതരുന്ന ഒരു വലിയ പാഠമാണ്, നാം ഇവിടെ നിന്നും കണ്ടു പഠിക്കേണ്ടത്. എന്നാല് കൈലാസത്തിലെ ദൃശ്യങ്ങളും നേർക്കാഴ്ചകളും സത്യസന്ധവുമാണ്. ഈ നിശ്ശബ്ദ ദൃശ്യങ്ങളിലൂടെ ഈശ്വരന്റെ പുണ്യഹസ്തങ്ങള് നമ്മിലേക്ക് നീളുന്നുണ്ടെന്ന് നാം മനസ്സിലാക്കണം. അദ്ദേഹത്തിന്റെ കരവലയങ്ങളില് നാം സുരക്ഷിതരാണ്. എന്നാല് അഹങ്കാരം കൊണ്ട് ഞാനെന്ന ഭാവം മാനസസരസ്സിലെ വീചികളെപ്പോലെ അലമുറയിട്ടുയരുമ്പോള് എവിടെ സമാധാനം? അവർക്കെങ്ങനെ ഈശ്വരന്റെ ആ അദൃശ്യകരങ്ങള് കാണുവാന് കഴിയും? നിങ്ങള് ഈ പ്രകൃതിദൃശ്യങ്ങളെ സാവധാനം ഒന്ന് നോക്കിക്കാണൂ! പഠിക്കൂ! ചിന്തിക്കൂ! അപ്പോള് മനസ്സിലാ വും നാമൊന്നും ഒന്നുമല്ലെന്നും നമുക്കൊരു ശക്തിവിശേഷവും വമ്പും പറയാനില്ലെന്നും. ഈ കാണുന്ന ചരാചരങ്ങളില് വർത്തിക്കുന്ന ആ ലോക നിയന്താവിനെ തീർച്ചയായും നിങ്ങൾക്ക് ഈ കൈലാസ-മാനസസരോവര് തീരത്ത് ശ്രദ്ധിച്ച് നോക്കിയാല് കാണാന് കഴിയും. അതെ, ആ പാർവ്വതീ പരമേശ്വരൻമാരെത്തന്നെ!
രാവിലെ പത്തുമണിയോടുകൂടി പരിസ്സരം ഉണർന്നുകഴിഞ്ഞു. ആട്ടിടയ•ാരും ആടുകളുമൊക്കെ ഉറക്കമുണർന്നു. അവര് ഈ അത്ഭുത ദൃശ്യങ്ങളൊന്നും കണ്ടില്ല. കണ്ടാൽത്തന്നെ അവർക്കൊന്നും മനസ്സിലാവില്ല. അവർക്ക് വയറാണ് വലുത്. അവര് സാധാരണത്തെപ്പോലെ ആടുമേയ്ക്കാന് ഇറങ്ങിനടന്നു.
രാക്ഷസതടാകത്തിന്റെ സവിശേഷതകള്
സമുദ്രനിരപ്പില് നിന്നും ഏകദേശം 4750 മീറ്റര് ഉയരത്തില് കൈലാസഗിരിയുടെയും മാന്ധാതാപർവ്വതത്തിന്റേയും ഇടയില്
കിടക്കുന്ന മറ്റൊരു തടാകമാണ്, രാക്ഷസതടാകം. ഇതിന് രാവണതടാകമെന്നും ലങ്കാതടാകമെന്നും പേരുകള് ഉണ്ട്. മാനസസരോവരത്തില് നിന്ന് 3 മുതല് 8 കി.മീറ്റര് വരെ പടിഞ്ഞാറുഭാഗത്തായിട്ടാണ് രാക്ഷസതടാകത്തിന്റെ കിടപ്പ്. ലങ്കേശ്വരനായ രാവണന് ശിവഭജനത്തിനായി ഇവിടെ താമസിച്ച് തപസ്സു ചെയ്തിരുന്നതായി പറയപ്പെടുന്നു. രാവിലെ ഈ തടാകത്തില് തിരകള് അലറിയടിച്ചുയരുന്നതു കാണാം. കരയോടടുത്ത് പാറക്കല്ലുകള് അവിടവിടെ പൊങ്ങിനിൽക്കുന്നുണ്ട്. രാത്രിയിലിവിടെ തണുപ്പ് വളരെ കൂടുതലാണ്. എന്നാല് ഈ തടാകത്തിലെ കാഴ്ചകള് വളരെ മനോഹരമാണ്. തെക്ക് ഭാഗത്ത് കിടക്കുന്ന മാന്ധാതാ പർവ്വതത്തിന്റെ കൊടുമുടികളുടെ പ്രതിബിംബത്തെ ഇതിലെ തിരമാലകള് തൊട്ടിലാട്ടിയുറക്കാന് ശ്രമിക്കുന്നത് കാണുമ്പോള് നാം അത്ഭുതപ്പെട്ടുപോകും. അതുപോലെ തന്നെ കൈലാസപർവ്വതത്തിന്റെ ശാന്തസുന്ദരമായ കൊടുമുടികളേയും മറ്റേ കൈകൊണ്ട് ആട്ടിയുറക്കുന്നുണ്ട്. അതും ചേതോഹരം തന്നെ! നീന്തിത്തുടിക്കുന്ന മത്സ്യങ്ങളെ കണ്ണാടിയിലെന്നപ്പോലെ വ്യക്തമായി ഇതില് കാണാന് കഴിയും. രാക്ഷസതടാകത്തിന് 123 കി.മീറ്റര് ചുറ്റളവുണ്ട്. ഈ തടാകത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തു നിന്ന് 4 കി.മീറ്റര് അകലെയായി ഒരു ബുദ്ധവിഹാരമുണ്ട്. രാക്ഷസതടാകത്തിന്റെ കരയിലുള്ള ഒരേയൊരു ബുദ്ധവിഹാരമാണിത്.
ബ്രാഹ്മണികൊക്കുകള് പ്രാന്തപ്രദേശങ്ങളില് ധാരാളം പറന്നുനടക്കുന്നതു കാണാം. കാട്ടുയാക്കുകള് അല്ലലില്ലാതെ തീറ്റ തിന്നു മദിച്ചു നടക്കുന്നതും ഇവിടെ സുലഭമായി കാണാം.
രാക്ഷസതടാകത്തിന്റെ തെക്കു പടിഞ്ഞാറുഭാഗത്ത് രണ്ടു ദ്വീപുകള് ഉണ്ട്. ഒന്ന് ലാച്ചാറ്റോ, മറ്റേത് ടോട്ട്സര് (ടോപ്സര്മ) ലാച്ചാറ്റോ ഒരു ആമയുടെ ആകൃതിയിലുള്ള ദ്വീപാണ്. അതിന് 2 കി.മീറ്റര് ചുറ്റളവ് മാത്രമേയുള്ളു, അത് പാറ നിറഞ്ഞ ഒരു സ്ഥലമാണ്. ഈ ദ്വീപിന്റെ ഉയർന്ന ഭാഗത്ത് വെളുത്ത നിറത്തിലുള്ള ചില കല്ലുകള് കാണുന്നുണ്ട്.
ഈ ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്ത് ഏപ്രില് മാസത്തിന്റെ അവസാനനാളുകളില് അരയന്നങ്ങള് കൂട്ടം കൂട്ടമായി വന്ന് മുട്ടയിടാറുണ്ട്. അത് ശേഖരിക്കാന് വരുന്ന തദ്ദേശവാസികള് ഈ ദ്വീപിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില് ചില മതിലുകള് കെട്ടിയിരിക്കുന്നത് കാണാം.
“ടോപ് സര്മ” എന്ന രണ്ടാമത്തെ ദ്വീപ് മറ്റേ ദ്വീപിനേക്കാള് വലുതാണ്. കിഴക്ക് പടിഞ്ഞാറ് രണ്ട് കിലോമീറ്റര് നീളവും തെക്ക് വടക്ക് ഒന്നര കിലോ മീറ്റര് വീതിയുമുണ്ട്. ഇതില് 1930-ല് ഒരു ലാമ താമസിച്ചിരുന്നു. വീടിന്റെ അവശിഷ്ടങ്ങള് ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്.
മാനസസരസ്സില് നിന്നും രാക്ഷസതടാകത്തിലേക്ക് 10 കിലോമീറ്റര് നീളത്തിലും 12 മുതല് 30 മീറ്റര് വരെ വീതിയിലും ഒരു മീറ്റര് ആഴത്തിലുമുള്ള ഒരു തോട് മഴക്കാലത്ത് ഒഴുകുന്നുതു കാണാം. പണ്ടു കാലത്ത് രാക്ഷസതടാകത്തില് രാക്ഷസ•ാര് അധിവസിച്ചിരുന്നതായി ഇവിടുത്തുകാര് വിശ്വസിച്ചിരുന്നു. ആയതിനാല് ഇതിലെ വെള്ളം ആരും കുടിച്ചിരുന്നില്ല. എന്നാല് ഇപ്പോള് ഈ തടാകം മാനസസരസ്സുമായി ബന്ധപ്പെടാറുള്ളതുകൊണ്ട് ഇതിലെ ജലം ശുദ്ധമാണെന്ന് കണക്കാക്കുന്നു. എന്നാലും ഈ തടാകത്തിലെ ജലത്തിന് നേരിയ ഒരു കറുപ്പു നിറമുണ്ട്.
മാനസസരസ്സിലെ മഹായുദ്ധം
ജനുവരി ആദ്യം മുതല് തന്നെ മാനസസരസ്സ്, മഞ്ഞിന്റെ പിടിയിലേക്ക് ഓരോ നിമിഷവും അമർന്നു കൊണ്ടിരിക്കുന്നതുകാണാം. തടാകത്തിന്റെ അസ്വസ്ഥതകള് നമുക്ക് സ്പഷ്ടമായി കേൾക്കാന് കഴിയും. ദിനംപ്രതി ആ ശബ്ദകോലാഹലങ്ങള് കൂടിക്കൂടി വരും. മഞ്ഞ്കട്ട രൂപപ്പെടുന്നതോടുകൂടി ജലനിരപ്പ് താഴും. മഞ്ഞുകട്ട വിണ്ടുകീറി പൊട്ടിത്തെറിക്കുന്ന ശബ്ദം ഭയാനകമാണ്. ഒരു ദിവസം കൊണ്ടുതന്നെ തടാകത്തിലെ മിക്ക ഭാഗങ്ങളിലും മഞ്ഞുകട്ടകള് പല വലിപ്പത്തില് കഷ്ണങ്ങളായി മാറുന്നതു കാണാം. ചിലപ്പോള് ചില മഞ്ഞുകട്ടകള് തീരത്തോടടുത്തുവന്നുകിടക്കും. മെയ് മാസമാകുമ്പോഴേക്കും സരസ്സിന്റെ മദ്ധ്യഭാഗങ്ങളിലും മഞ്ഞുകട്ടകള് രൂപപ്പെടാന് തുടങ്ങും. ആഴങ്ങളില് നിന്നുള്ള വിഘടിക്കല് ശബ്ദം ആരേയും അമ്പരപ്പിക്കും! ഇങ്ങനെ സംഭവിക്കാന് കാരണം സരസ്സിന്റെ അടിയിലുള്ള ഉഷ്ണജലപ്രവാഹസമ്മർദ്ദമാണ്. ഈ കാലങ്ങളില് മഞ്ഞുപാളികളുടെ മുകളില് കൂടി കായൽപ്പരപ്പില് നടക്കാനിറങ്ങിയാല് വിഘടിച്ചുകിടക്കുന്ന മഞ്ഞുകട്ടകള് മറിഞ്ഞ് അടിയിലുള്ള വെള്ളത്തിലേക്ക് മറിഞ്ഞ് വീണുപോകും.
എന്നാല് രാവണ തടാകത്തില് മഞ്ഞുകട്ടനിറയുമ്പോള് അതിന്റെ മുകളിലൂടെ യാക്കിന്റേയോ കുതിരയുടെയോ പുറത്തുകയറി യാതൊരു പേടിയും കൂടാതെ യാത്രചെയ്യാം. കാരണം മാനസസരസ്സിനെപ്പോലെ ഇതില് മഞ്ഞുപാളികള് കട്ടകളായി രൂപാന്തരം പ്രാപിക്കാറില്ല. (അപൂർവ്വം ചില വർഷങ്ങളില് മഞ്ഞുകട്ടകള് രൂപം പൂണ്ടതായി കണ്ടിട്ടുണ്ട്.) തടാകത്തില് മഞ്ഞുപാളികള് രൂപം കൊള്ളുമ്പോള് നല്ല വെള്ളനിറമായിരിക്കും. എന്നാല് ഒരുമാസത്തിനകം അത് പച്ചനിറം കലർന്ന് നീലിമയായി മാറും.
രാക്ഷസതടാകം, മാനസസരസ്സ് മഞ്ഞുമൂടുന്നതിന് പത്തിരുപത് ദിവസം മുൻപ്തന്നെ മഞ്ഞുപുതച്ചുതുടങ്ങും. മാനസസരസ്സിലെ മഞ്ഞുരുകി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാലേ രാക്ഷസതടാകത്തിലെ മഞ്ഞ് ഉരുകിത്തുടങ്ങുകയുള്ളു. ഇതൊരു പ്രത്യേകതയാണ്. മഞ്ഞുരുകിതുടങ്ങിയാലും രാക്ഷസതടാകത്തില് മഞ്ഞുകട്ടകള് ദിവസങ്ങളോളം അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്നതു കാണാം. മാനസസരസ്സിലെ ജലത്തിനെ അപേക്ഷിച്ച് രാക്ഷസതടാകത്തിലെ വെള്ളത്തിന് തണുപ്പ് കൂടുതലാണ്. കാരണം രാക്ഷസതടാകത്തിന്റെ നാലുപാടും കൂറ്റന് മഞ്ഞുപാളികള് (കനത്ത മഞ്ഞുപാളികള്) പതിയിരിക്കുന്നുണ്ട്. രാക്ഷസതടാകത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില് മഞ്ഞില് സീബ്രാലൈന് തെളിഞ്ഞുകാണുന്നത് ഒരു പ്രത്യേകതയാണ്.
മാനസസരസ്സിന്റെ ആഴം 100 മീറ്റര് ആണെങ്കില് രാക്ഷസതടാകത്തിന്റേത് 50 മീറ്റര് മാത്രമാണ്. മാനസസരസ്സിന്റെ പ്രാന്തപ്രദേശങ്ങളില് 8 ബുദ്ധവിഹാരങ്ങളും ചില വീടുകളുമുണ്ട്. എന്നാല് രാക്ഷസതടാകത്തിന്റെ പടിഞ്ഞാറെ കരയില് ഒരു ബുദ്ധവിഹാരവും പടിഞ്ഞാറുഭാഗത്ത് ഒരു വീടും മാത്രമേയുളളു. മാനസസരസ്സിന്റെ തീരപ്രദേശങ്ങളില് കൂടി സഞ്ചരിക്കാന് പ്രയാസമില്ല. എന്നാല് രാക്ഷസതടാകത്തിന്റെ തീരദേശങ്ങള് സഞ്ചാരയോഗ്യമല്ല. രാക്ഷസതടാകം മാനസസരസ്സിനെപ്പോലെ പ്രത്യക്ഷത്തില് സൌന്ദര്യവതിയാണ്. എന്നാല് മാനസസരസ്സിനെപ്പോലെ ആദ്ധ്യാത്മികത രാക്ഷസിനില്ല. തെക്കുനിന്നും വരുന്ന കാറ്റിനെ തടഞ്ഞുനിർത്താന് മാനസസരസ്സിന്റെ തെക്കു ഭാഗത്ത് വലിയ പർവ്വതങ്ങളില്ല. എന്നാല് രാക്ഷസതടാകത്തിന്റെ തെക്കുഭാഗത്ത് വലിയ മാന്ധാതാ പർവ്വതമുണ്ട്. ആയതിനാല് രാക്ഷസതടാകത്തിന്റെ തീരങ്ങള് കൂടുതല് തണുപ്പുളളതായി മാറുന്നു. ഈ കാരണം കൊണ്ടാണ് രാക്ഷസതടാകത്തില് നേരത്തേ മഞ്ഞ് മൂടുകയും മഞ്ഞുരുകാന് കാലതാമസം ഉണ്ടാവുകയും ചെയ്യുന്നത്. മാനസസരസ്സിന്റെ ഉപരിതലത്തിന് പല പ്രത്യേകതകളും ഉണ്ട്. ഇതിന്റെ തെക്കുഭാഗത്ത് പലയിടങ്ങളിലും കനം കുറഞ്ഞ മഞ്ഞുപാളികള് രൂപംകൊണ്ട് മിന്നിമറയുന്നത് കാണാം. മറ്റു ചില ഭാഗങ്ങളില് വലിയ വലിയ മഞ്ഞുകട്ടകള് ഉരുകാതെ മാസങ്ങളോളം അവിടവിടെയായി കിടക്കുന്നതുകാണാം. പല സ്ഥലങ്ങളിലും കണ്ണാടിപോലെ മുകൾപരപ്പില് മഞ്ഞുപാളികൾകിടക്കുന്നതിനാല് അടിയിലുള്ള മത്സ്യങ്ങളേയും, മണലും കല്ലും മറ്റും സ്പഷ്ടമായി നമുക്ക് കാണുവാന് കഴിയും. ഒരു അക്വേറിയത്തിലെന്നതുപോലെ. ജനുവരി മാസത്തില് മരം കോച്ചുന്ന മഞ്ഞുപാളികള് ജലാശയത്തില് രൂപംകൊണ്ടു വരുമ്പോള് അതിന്റെ നടുവിലുള്ള വെള്ളത്തില് ചില “ബ്രാഹ്മിണിക്കൊക്കുകള്” നീന്തിക്കളിക്കുന്നതു കാണാം. ഉഷ്ണജലപ്രവാഹം ഉള്ളിടത്തുമാത്രമേ ഈ കൊക്കുകളെ കാണുകയുള്ളു. ഇതില് നിന്നും മനസ്സിലാക്കേണ്ടത് മാനസസരസ്സിന്റെ മടിത്തട്ടില് ഉഷ്ണജലസ്രോതസ്സ് ഉണ്ടെന്നുള്ളതാണ്. എന്നാല് അവിടെ നിന്നും 2 കി.മീറ്റര് തെക്കുമാറി മഞ്ഞുകട്ടകൾക്കിടയില് ചത്തു മരവിച്ചു കിടക്കുന്ന ഒരു കൂട്ടം കൊക്കുകളെ കാണാനിടയായി. ഇതില് നിന്നും ആഭാഗത്ത് തണുപ്പ് കൂടുതലായി ഉണ്ടെന്ന് മനസ്സിലാക്കാം. മാനസസരസ്സിന്റെ തെക്കു കിഴക്കുഭാഗത്ത് ധാരാളം മത്സ്യങ്ങള് നീന്തിക്കളിക്കുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള് പെട്ടെന്ന് ജലം മഞ്ഞുകട്ടയായി തീരുകയും ഒരു നിമിഷത്തിനകം ആ മീനുകള് ചത്തുപോവുകയും ചെയ്തു. ചിലപ്പോള് മഞ്ഞുകട്ടകൾക്കിടയില് ചില കുളങ്ങള് രൂപപ്പെട്ടുകിടക്കുന്നതുകാണാം. മഞ്ഞുകട്ടകള് പൊട്ടി വലിയ കഷ്ണങ്ങളായി ചിലപ്പോള് കരയ്ക്കടിഞ്ഞു കിടക്കും. അതില് ചെളിയും മണലും കല്ലുകളും മറ്റും കൂടികലർന്നിരിക്കും. മഞ്ഞുരുകിക്കഴിയുമ്പോള് കല്ലും മണലും മാത്രം കരയ്ക്കു ശേഷിച്ചു കിടക്കുന്നതു കാണാം. ഇങ്ങനെ പല തരത്തിലുള്ള കാഴ്ചകളും മാനസസരസ്സില് കാണാന് കഴിയും. പാലുപോലെ വെളുത്ത മഞ്ഞുപാളികള് പൊട്ടിച്ചിതറി പളുങ്കുമണികള് പോലെ ആകുന്നതും അലിഞ്ഞ് ആ നീല നീരാളത്തില് ലയിക്കുന്നതും കാണികളെ അത്ഭുതസ്തബ്ധരാക്കും.
മാനസസരസ്സിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില് ഒരു മാസം മുൻപ് തന്നെ മഞ്ഞുകട്ടകള് രൂപം കൊള്ളുന്നതിന്റെ ഭാവഭേദങ്ങള് കാണാന് തുടങ്ങും. നീലനിറത്തിലുള്ള കായലില് വലിയ മഞ്ഞുപാളികള് വെള്ളപ്പട്ട് വിരിച്ചതുപോലെ കിടക്കുന്നതിന്റെ രൂപഭംഗി പറഞ്ഞറിയിക്കാന് കഴിയാത്തതാണ്. ഈ വെള്ളപ്പട്ടിന് നീലക്കസവ് ഇട്ടതുപോലെയാണ് മാനസസരസ്സിന്റെ കിടപ്പ്! ആ കായൽപ്പരപ്പില് ഇണപിരിയാത്ത മനോഹര ഹംസങ്ങള് നീന്തിക്കളിക്കുന്നുണ്ട്. അവ കുമിളകള് ഉണ്ടാക്കുന്നത് ആ കമ്പളക്കസവുകളില് പളുങ്കുമണികള് തുന്നിച്ചേർക്കാനാണോ എന്ന് തോന്നും! രാവിലെ അവ തന്റെ വയറ് നിറയ്ക്കാന് നോക്കും, എന്നാല് അതോടൊപ്പം തന്നെ സൂര്യനെ നോക്കി നീന്തിക്കളിച്ചുകൊണ്ടിരിക്കും. ആ സമയത്ത് ധ്യാനത്തിലെന്നതുപോലെ കണ്ണുകള് പകുതി അടച്ചിരിക്കും. ഈ കാഴ്ച ആരേയും ധ്യാനത്തിന്റെ ക്ളാസ്സുകള് പഠിപ്പിക്കാന് പോരുന്നതാണ്. നമ്മുടെ ഋഷീശ്വരൻമാര് ഇവരില് നിന്നാകാം ധ്യാനത്തിന്റെ ആദ്യ പാഠങ്ങള് പഠിച്ചിട്ടുള്ളത്. അവിടവിടെ ചെറിയ മഞ്ഞുപാളികള് തത്തിക്കളിക്കുന്നുണ്ട്. അതിന്റെ മുകളില് ഹംസങ്ങള് ഇണകളോടുകൂടി വന്നിരിക്കുകയും തൂവലുകള് വിടർത്തി ഭംഗികാണുകയും ഇണകൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്.
മഞ്ഞുകട്ടകള് രൂപം കൊള്ളുന്നതിന്റെ കുറച്ചു ദിവസം മുൻപുതന്നെ പ്രകമ്പനങ്ങള് ഉണ്ടാകാന് തുടങ്ങും. രാവിലെ ആറുമണിക്കും പത്തുമണിക്കും ഇടയിലാണ് കൂടുതലും. ചിലപ്പോള് ആനയുടെ ചിന്നം വിളിപോലെയും മറ്റ് ചിലപ്പോള് സിംഹത്തിന്റെ ഗർജ്ജനം പോലെയും വെടിമരുന്നുപുരയ്ക്ക് തീ പിടിച്ചതുപോലെയും, ഇടിവെട്ടുന്നതുപോലെയുമുള്ള ഭയാനക ശബ്ദങ്ങള് ഏത് കഠിനഹൃദയനെയും ഭയവിഹ്വലനാക്കും. ആ ഗംഭീരശബ്ദം കൈലാസപർവ്വതത്തിലും ഗഹ്വരങ്ങളിലും തട്ടി പ്രതിഫലിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദകോലാഹലം ഭാരതയുദ്ധത്തിലെ അക്ഷൌഹിണിപ്പടകളുടെ പടഹധ്വനികളെ ഓർമ്മിപ്പിക്കുന്നവയാണ്. പത്തും നൂറും മീറ്റര് വിസ്തൃതിയുള്ള മഞ്ഞുകട്ടകള് രൂപംകൊള്ളുന്നതിന്റെ ശബ്ദകോലാഹലങ്ങളാണ് നാം ഈ കേൾക്കുന്നത്. ചില സന്ദർഭങ്ങളില് ശ്രുതിമധുരമായ വാദ്യോപകരണങ്ങള് വായിക്കുന്നതിന്റെ ശബ്ദവും കേൾക്കാന് കഴിയും. മറ്റു ചിലപ്പോള് ഹിംസ്രജന്തുക്കളുടെ അലർച്ചയും കുറുക്കന്റെ ഓരിയിടലും കേൾക്കാം.
മാനസസരസ്സ് വിണ്ടുകീറുന്നതിന് എട്ടൊമ്പതു ദിവസം മുമ്പ് വലുതും ചെറുതുമായ മഞ്ഞുപാളികള് അവിടവിടെ തത്തിക്കളിക്കുന്നതുകാണാം. മാനസസരസ്സിന്റെ തെക്കും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലാണ്, കൂടുതലും ഈ കാഴ്ചകള് കാണുന്നത്. ചില ചെറിയ പാളികള് വലിയവയില് തട്ടി ചിതറുന്നതും കാണാം. ചില സന്ധൃകളില് മഞ്ഞു കട്ടകള് കരയിലേക്ക് നീങ്ങി നീങ്ങി വരുന്നതുകാണാം. അപ്പോള് സന്ധ്യാ വെളിച്ചം അതില് തട്ടി പ്രതിഫലിക്കുന്നത് മനോഹാരിത പകരുന്ന കാഴ്ചയാണ്.
ഇങ്ങനെയിരിക്കുന്ന ഒരു സുപ്രഭാതത്തില് സരസ്സ് ഒരു രാത്രികൊണ്ടുതന്നെ, മഞ്ഞുപാളികളാല് മൂടപ്പെട്ടുകിടക്കുന്നതു കാണാം. ഗ്രാമീണരും തീർത്ഥാടകളും ഈ കാഴ്ച ആഹ്ളാദത്തോടെയാണ് നോക്കിക്കാണുന്നത്. ചിലര് കുതിരപ്പുറത്തും മറ്റു ചിലര് യാക്കിന്റെ പുറത്തും കയറി മഞ്ഞുനിറഞ്ഞ ഈ കായൽപ്പരപ്പിലൂടെ സവാരിക്കിറങ്ങും. മറ്റ് ചിലര് കൊടിതോരണങ്ങളുയർത്തി ആഹ്ളാദം പങ്കുവെക്കും!. വേറെ ചിലര് ധൂപങ്ങള് പുകച്ച് ആരാധന നടത്തും. ടിബറ്റുകാര് പൌർണ്ണമിനാളിലോ കറുത്തവാവ് കഴിഞ്ഞ പുതുചന്ദ്രപ്പിറവി ദിവസമോ മാനസസരസ്സ് മഞ്ഞ് മൂടുമെന്നാണ് വിശ്വസിക്കുന്നത്. മേയ് മാസം ആദ്യദിനങ്ങളിലാണ് മാനസസരസ്സ് മൊത്തം മഞ്ഞായി മാറുന്നത്.
ജനങ്ങളെ ഭയചകിതരാക്കിക്കൊണ്ട്, അലറിവിളിച്ചുയർന്ന തിരമാലകള് എവിടെ? ഹിംസ്രജന്തുക്കളെവിടെ? പടഹധ്വനികളെവിടെ? വെള്ളിടിനാദമെവിടെ? ഒന്നും കേൾക്കാനില്ല. തടാകം നിശ്ചലമായി - ശാന്തമായി കിടക്കുന്നു. നിങ്ങള് വിചാരിക്കും മരിച്ചതാണെന്ന്, അല്ല, ഉറങ്ങുകയാണ്. ആ നീലിമയില് പൂർണ്ണചന്ദ്രനും താരങ്ങളും ഉമ്മവയ്ക്കുന്നുണ്ട്. അതാ കൈലാസവും മാന്ധാതാവും തങ്ങളുടെ കൊടുമുടികള് താഴ്ത്തി ചുംബനം നല്കുന്നു. പ്രഭാത സൂര്യന് സ്വർണ്ണചിറകുകള് വീശി അതാ താണുതാണ് വന്ന് ആശ്ളേഷിക്കുന്നു. മാനസസരസ്സ് രോമാഞ്ചകഞ്ചുകമണിഞ്ഞ് നിർവൃതിയില് നിമഗ്നയായി കിടക്കുകയാണ്. അവള് ഉറങ്ങട്ടെ!.
മാനസഖണ്ഡിലെ മറ്റ്ചില വിശേഷങ്ങള് നേപ്പാളും മാനസ്സഖണ്ഡും
നേപ്പാൾകാരും ടിബറ്റ്കാരും തമ്മില് ചില യുദ്ധങ്ങള് കാലാകാലമായി നടന്നു വരികയും ടിബറ്റ് ഒരു കാലഘട്ടത്തില് നേപ്പാളിന്റെ അധീനതയില് ആവുകയും ചെയ്തിരുന്നു. പിന്നീട് അവര് തമ്മില് ചില ഒത്തു തീർപ്പുകള് ഉണ്ടാക്കിയതായും പറയപ്പെടുന്നു. ഇപ്പോള് ടിബറ്റ് ചൈനയുടെ ഭാഗമാണ്.
നാണയം
ഇൻഡ്യന് രൂപയും നേപ്പാളി രൂപയും ടിബറ്റില് പണ്ട് കൈകാര്യം ചെയ്തിരുന്നു. ഇപ്പോള് ചൈനയുടെ ഭാഗമായതിനാല് അത് സാദ്ധ്യമല്ല. കാശ്മീര് പണ്ഡിറ്റ്മാര് ടിബറ്റില് ബുദ്ധമതം പ്രചരിപ്പിക്കാന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര് എ.ഡി.1800 കാലങ്ങളില് ടിബറ്റിലും കാശ്മീരിലും ആധിപത്യം സ്ഥാപിച്ചിരുന്നു.
ഭരണം.
ലാമാമാരാണ് ടിബറ്റിലെ ഭരണം നടത്തിയിരുന്നത്. എന്നാല് ഇപ്പോള് ടിബറ്റ് ചൈനയുടെ അധീനതയില് ആയതിനാല് അവര് ഭരിക്കുന്നു.
കായലുകള്
മാനസഖണ്ഡിലെ മാനസസരസ്സും രാക്ഷസതടാകവുമാണ് ഏറ്റവും വലിയ രണ്ട് ശുദ്ധജലതടാകങ്ങള്!. മാനസസരസ്സ് ആഴം കൂടിയ തടാകമാണ്. എന്നാല് കൂർക്ക്യന്, ചുഗോ, ഡിങ്ങ്, ഷാനി, ഗൌരീകുണ്ഡ്, ന്യാക്ക്, താംലങ്ങ് എന്നീ ചെറിയ ശുദ്ധജലതടാകങ്ങളും ഇവിടെയുണ്ട്. ഷുഷുപ്, ടസിറ്റ്, ഗയാനിമ, ചക്ര എന്നീ ചെറു തടാകങ്ങളിലെ വെള്ളത്തിന് കറുപ്പു നിറം കലർന്നിട്ടുള്ളതായി കാണാം.
കോങ്ങ്യൂ, അർകോർക്ക്, അർഗു എന്നീ ചെറുതടാകങ്ങളിലെ വെള്ളത്തിന് ഉപ്പുരസമാണുള്ളത്.
കാലാവസ്ഥ
ഈ ഭാഗത്ത് തണുപ്പ് കൂടുതലാണ്. എപ്പോഴും കാറ്റുണ്ടാകും. ചിലപ്പോള് വരണ്ട കാലാവസ്ഥയും ഉണ്ടാകാറുണ്ട്. മഴപെയ്യാന് തുടങ്ങിയാല് തകർത്തുപെയ്യും. നവംബര് മുതല് മേയ് മധ്യം വരെ കൊടുങ്കാറ്റുകള് ഉണ്ടാകാറുണ്ട്. ഇവിടെ പ്രകൃതിക്ക് അനുനിമിഷം മാറ്റങ്ങള് വന്നുകൊണ്ടിരിക്കും. ഒന്നും മുൻകൂട്ടി പ്രവചിക്കാന് കഴിയുകയില്ല. പലപ്പോഴും മേഘങ്ങള് മൂടി നിൽക്കും. ഇടിയും മിന്നലും പൊടിപൂരമായിരിക്കും. ചിലപ്പോള് പാറക്കഷ്ണങ്ങള് പോലെ മഞ്ഞുകട്ടകള് ആകാശത്തുനിന്നും വീഴും. പലപ്പോഴും ആളുകളും ജന്തുക്കളും മഞ്ഞുകട്ടകള് വീണ് മരിച്ചു പോയിട്ടുണ്ട്.
ചിലപ്പോള് സൂര്യന് പ്രത്യക്ഷപ്പെടും, അപ്പോള് തന്നെ മഴയും വരും. മലമുകളില് വെയില് തട്ടുമ്പോള് മഞ്ഞുകട്ടകള് വെള്ളിപോലെ തിളങ്ങുന്നത് കാണാം. കൈലാസത്തിന്റെ നെറുകയില് ചില സമയങ്ങളില് സൂര്യന് സ്വർണ്ണ വർണ്ണം ചാർത്തും. സൂര്യന് അസ്തമിക്കാന് തുടങ്ങുമ്പോള് മാന്ധാതാപർവ്വതത്തില് തീ ആളിക്കത്തുന്നതായും പുകപടലങ്ങള് ഉയരുന്നതായും കാണാം. ഋതുക്കളുടെ മാറ്റം ഇവിടെ പ്രത്യേകമായി കാണാന് കഴിയും. മാനസസരസ്സിന്റെ തീരത്ത് തിരകള് തിമർത്തടിക്കുമ്പോള് മദ്ധ്യഭാഗം ശാന്തം!. അവിടെ കൈലാസം പ്രതിഫലിക്കുന്നു. രാത്രിയില് ചന്ദ്രനും നക്ഷത്രങ്ങളും നൃത്തം ചെയ്യുന്നു. വലിയ കാറ്റില്ലെങ്കിലും ചിലപ്പോള് അലറുന്ന തിരമാലകള് കാണാം. തണുത്ത ജലാശയത്തിനടിയില് നിന്ന് ചൂടുവെള്ളം തിളച്ചു വരുന്നതാകാം ഈ തിരമാലകൾക്ക് കാരണം. ആകാശം മേഘങ്ങളില്ലാതെ നീലമേലാപ്പ് അണിഞ്ഞ് തെളിഞ്ഞു നിൽക്കുന്നതായി കാണാം.
മരങ്ങളും സസ്യങ്ങളും
മാനസഖണ്ഡ് ഭാഗത്ത് മരങ്ങളൊന്നും തന്നെ കാണാനില്ല. ടിബറ്റില് പൊതുവെ മരങ്ങള് കുറവാണ്. ഇൻഡ്യയോടടുത്തു കിടക്കുന്ന ചില ഭാഗങ്ങളില് മാത്രമേ മരങ്ങള് ഉള്ളൂ. ചില ചെറിയതരം മുൾച്ചെടികള് (ഒരു മീറ്ററില് താഴെ ഉയരമുള്ളവ) അവിടവിടെ നിൽക്കുന്നതു കാണാം. നിലത്തു പറ്റിച്ചേർന്നുകിടക്കുന്ന ചെറു ലതകളില് പല നിറത്തിലുള്ള പൂക്കള് കാണാം. നമ്മുടെ മുക്കുറ്റിപ്പൂക്കള് പോലെ ചൂടുവെള്ള ഉറവകളുടെ കരകളില് ടിബറ്റുകാര് ഉള്ളിയായി ഉപയോഗിക്കുന്ന ഒരു തരം ചെടി വളർന്നുനില്ക്കുന്നതായി കാണാം. അതിനെ അവര് ജിംബു എന്ന് വിളിക്കുന്നു. കായൽകരകളിലും വെള്ളത്തിലും പലതരത്തിലുള്ള ചെടികള് കാണാം.
കൈലാസത്തില് കാടില്ല, മരങ്ങളില്ല എങ്ങും ഗിരിശൃംഗങ്ങള് മാത്രം.
പുരാവസ്തു ഗവേഷകരുടെ അഭിപ്രായം
വേദകാലത്തിനു മുൻപുതന്നെ കൈലാസം ഉണ്ടായിരുന്നു. അഞ്ചരക്കോടി വർഷത്തെ പഴക്കം കൈലാസത്തിനുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. കൈലാസ ഗിരിശൃംഗങ്ങളുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങള് ഭൂമിക്ക് സമാന്തരമായി ഉയർന്നു നിൽക്കുന്നു. വലിയ പാറക്കല്ലുകളാല് സമൃദ്ധമാണ് കൈലാസം. ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഹിമാലയം നില്ക്കുന്നഭാഗം കടലായിരുന്നെന്നും പിന്നീട് കാലാന്തരത്തില് കടല് മാറി മലകള് ഉയർന്നു വന്നതാണെന്നും ശാസ്ത്രജ്ഞര് പറയുന്നു. അത് തെളിയിക്കാന് പര്യാപ്തമായ ചില ഫോസിലുകള് ഇവിടെനിന്നും ശാസ്ത്രജ്ഞർക്ക് കിട്ടിയിട്ടുണ്ട്. അതുവച്ചുള്ള പരിശോധനയിലാണ് അവര് ഈ നിഗമനത്തില് എത്തിയിട്ടുള്ളത്.
ചൂടുറവകള്
മാനസസരസ്സിന്റെ തെക്കുഭാഗത്ത് സുമാര് 400 മീറ്റര് അകലെ മൂന്ന് ചൂടുറവള് ഉണ്ട്. മാനസസരസ്സിന്റെ മദ്ധ്യഭാഗത്ത് ആഴങ്ങളില് നിന്ന് തിളച്ച വെള്ളപ്രവാഹം ഉള്ളതായി പറയപ്പെടുന്നു. മാനസസരസ്സില് നിന്നും ഏദേശം 70 കി.മീറ്റര് വടക്കുപടിഞ്ഞാറ് മാറി “തീർത്ഥപുരി” എന്ന സ്ഥലത്ത് ധാരാളം ചൂടുറവകള് ഉണ്ട്. ഇവിടെ വച്ചാണ് ശിവന് ഭസ്മാസുരനെ മൂന്നാം തൃക്കണ്ണുകൊണ്ട് ദഹിപ്പിച്ച് ഭസ്മമാക്കി മാറ്റിയത്. ഈ ചൂടുവെള്ളം കുടിക്കുകയും ഈ ഉറവകളില് കുളിക്കുകയും ചെയ്താല് പല മാറാരോഗങ്ങളും ശമിക്കും.
ധാതുക്കള്
ഇവിടെ സ്വർണ്ണനിക്ഷേപം ഉള്ളതായി കണ്ടതിനാല് മാനസസരസ്സിന്റെ പ്രാന്തപ്രദേശങ്ങളില് 1900-ല് ഖനനം നടത്തിയിട്ടുണ്ട്. എന്നാല് കാര്യമായി ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല, കുഴിച്ചവര് വസൂരിരോഗം പിടിപ്പെട്ട് മരിച്ചുപോയതായും പറയപ്പെടുന്നു. ഇവിടെ വസിക്കുന്ന ഈശ്വരന്റെ കോപം മൂലമാണിത് സംഭവിച്ചതെന്ന് ഇന്നാട്ടുകാര് വിശ്വസിക്കുന്നു. മാനസസരസ്സിന്റെ വടക്കുഭാഗത്ത് 5 കി.മീറ്റര് അകലെ വെൺകാര നിക്ഷേപം കണ്ടതിനാല് അന്നത്തെ ഗവൺമെന്റ് അത് കുഴിച്ചെടുക്കാന് തുനിഞ്ഞെങ്കിലും ഫലം പഴയതുതന്നെ ആയതിനാല് നിർത്തിവച്ചു.
എന്നാല് മാനസസസ്സില് നിന്നും 220 കി.മീറ്റര് അകലെ പടിഞ്ഞാറന് ടിബറ്റില് വെൺകാരത്തിന്റെ വലിയ നിക്ഷേപങ്ങളുണ്ട്. അവിടെ ധാരാളം ഖനനം നടക്കുന്നുണ്ട്.
മാനസഖണ്ഡിലെ “ആർകോക്ക്,” “മാജിന്” എന്നീ തടാകങ്ങളില് നിന്ന് ധാരാളം ഉപ്പ് ശേഖരിക്കുന്നുണ്ട്.
സുത്തുൽപുക്ക് ബുദ്ധവിഹാരത്തിന് 5 കി.മീറ്റര് തെക്കുഭാഗത്തുള്ള കുംഗിരി-ബിൽഗിരി എന്ന സ്ഥലത്ത് സർപ്പാകൃതിയിലുള്ള പാറകള് ഉണ്ട്. അവിടെ വെള്ള, ചുവപ്പ്് റോസ്, ഗ്രേ എന്നിങ്ങനെ പല നിറത്തിലുള്ള കല്ലുകള് കാണാം. യുനാനി വൈദ്യ•ാര് ഈ കല്ലുകളെ പൊടിച്ച് മരുന്നായി ഉപയോഗിക്കുന്നു.
മാനസഖണ്ഡിലെ ഗൈനിവ, ചക്ര എന്നീ ചൂടുവെള്ള ഉറവകളുടെ സമീപം ധാരാളം പൊട്ടാഷും, സോഡിയവും ഉള്ളതായി കണ്ടു. ചുണ്ണാമ്പു കല്ലുകള് പുരാംഗ് താഴ്വരയില് ധാരാളമായി കാണാം. തീർത്ഥപുരി തുടങ്ങിയ ചൂടുവെള്ള ഉറവകള് ഉള്ള സ്ഥലങ്ങളില് കാൽസ്യം കാർബണേറ്റ് ധാരാളം കാണപ്പെടുന്നുണ്ട്. ഒരു തരം ഭസ്മം പോലുള്ള ഒരു പൊടി കൈലാസത്തിന്റെ വടക്കുഭാഗത്ത് താഴെ നിന്നും തീർത്ഥാടകര് വിഭൂതി ആയി കൊണ്ടുവരാറുണ്ട്. അതില് കാൽസ്യം സൾഫേറ്റ്, കാൽസ്യം കാർബണേറ്റ്, ചെറിയ തോതില് അലൂമിനിയം എന്നിവ അടങ്ങിയിരിക്കുന്നു. സ്ളേറ്റായി ഉപയോഗിക്കാവുന്ന കറുത്തതും ചാരനിറവുമുള്ളതായ സ്ളാബുകള് പല സ്ഥലത്തുമുണ്ട്. മന്ത്രങ്ങള് എഴുതിവയ്ക്കുവാന് ടിബറ്റുകാര് ഈ സ്ളാബുകള് ഉപയോഗിക്കുന്നു.
സ്വർണ്ണം, വെള്ളി, ചെമ്പ്, ഈയം, ഇരുമ്പ്, കൽക്കരി, ചുണ്ണാമ്പുകല്ലുകള്, സൾഫര്, മെർക്കുറി, മണ്ണെണ്ണ, കല്ലുപ്പ്, എന്നിവ ഈ ഭാഗങ്ങളില് പല സ്ഥലങ്ങളിലായി കാണാന് കഴിയുമെങ്കിലും അവ ഖനനം ചെയ്ത് എടുക്കുന്നതായി കാണുന്നില്ല.
ഇവിടുത്തെ മനുഷ്യര്
മാനസഖണ്ഡില് ആൾതാമസമുണ്ട്. അവര് ആരോഗ്യദൃഢഗാത്രരാണ്. ലാമമാരും ഓഫീസർമാരും നല്ല സംസ്ക്കാര സമ്പന്നരാണ്. ഇവിടെ ജാതിയില്ല. വീടുകള് മൺകട്ടകൾകൊണ്ടും ഇൻഡ്യന് അതിർത്തിയില് നിന്നും കൊണ്ടുവരുന്ന ചെറിയ തടികള് കൊണ്ടുമാണ് നിർമ്മിക്കുന്നത്. മേൽക്കൂര ചെറിയ മരക്കഷ്ണങ്ങള് കൊണ്ടും ചെടികള് കൊണ്ടുമാണ് നിർമ്മിക്കുന്നത്. ബുദ്ധവിഹാരങ്ങള് നല്ല വലുപ്പത്തില് ഉണ്ടാക്കാറുണ്ട്. ജനസംഖ്യയില് പകുതി ആൾക്കാരും ആട്, യാക്ക്, എന്നിവയെ വളർത്തി ജീവിക്കുന്നവരാണ്. അവര് കറുത്ത മേൽക്കൂരയുള്ള - യാക്കിന്റെ രോമം കൊണ്ടുണ്ടാക്കിയ ടെന്റുകളില് താഴ്്വരകൾതോറും ഇവയെ മേയ്ക്കാന് വേണ്ടി മാറിമാറി താമസിക്കുന്നു. ചിലര് ഗുഹകളി ലും താമസിക്കുന്നുണ്ട്.
ആഹാരവും വസ്ത്രവും
ഇവിടെ കൃഷിയൊന്നും കാണുന്നില്ല. മാംസമാണ് ഇവിടുത്തുകാരുടെ ഭക്ഷണം. ചില ഭാഗങ്ങളില് ഇൻഡ്യയില് നിന്നും നേപ്പാളില് നിന്നും കൊണ്ടുവരുന്ന അരിയും ഗോതമ്പും ഉപയോഗിക്കാറുണ്ട്. ചൈനയില് നിന്നും കൊണ്ടുവരുന്ന തേയിലയാണ് ഇവരുടെ ഇഷ്ടപാനീയം. പത്തും നൂറും കപ്പ് ചായവരെ ഒരു ദിവസം ഇവിടത്തുകാര് അകത്താക്കാറുണ്ടെന്ന് പറയുന്നു. കമ്പിളിക്കുപ്പായങ്ങളാണ് ഇവര് ധരിക്കുന്നത്. കാലില് സോക്സും ധരിക്കാറുണ്ട്. ബുദ്ധവിഹാരങ്ങളില് പോകുമ്പോള് പോലും അത് അഴിക്കാറില്ല. തണുപ്പുകാലത്ത് ഇവര് കോട്ടും ട്രൌസ്സറും തൊപ്പിയും ഉപയോഗിക്കുന്നു. അവര് അതാട്ടിന് തോലുകൊണ്ട് ഉണ്ടാക്കുകയാണ്. ആണുങ്ങളും പെണ്ണുങ്ങളും ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. എന്നാല് ലാമമാരും ഓഫീസർമാരും വിലപിടിപ്പുള്ള സിൽക്ക് വസ്ങ്ങ്രള് ധരിക്കാറുണ്ട്.
ആചാരങ്ങള്
മൂത്ത സഹോദരന് വിവാഹം കഴിക്കുന്ന സ്ത്രീയെ ഇളയ സഹോദര•ാരും ഭാര്യയായി സ്വീകരിച്ച് കൂട്ടുകുടുംബമായി താമസിക്കുന്ന രീതിയാണ് അവിടെയുള്ളത്. മൂത്ത സഹോദരനെ ഇളയവര് അനുസരിച്ച് ജീവിക്കുന്നു. ജീവിതസൌകര്യങ്ങള് കുറവായതിനാല് ജനസംഖ്യാ വർദ്ധനവ്ഉണ്ടാകാതിരിക്കാനാണ് ഈ സമ്പ്രദായം സ്വീകരിച്ചിരിക്കുന്നത്. ബാല്യവിവാഹം ഇവിടെ ഇല്ല. ബഹുഭാര്യാത്വവുമില്ല. ബന്ധുക്കളുടെ അനുമതിയോടുകൂടി പ്രായപൂർത്തിയായ വധൂവര•ാര് വിവാഹിതരാകുന്നു. വിവാഹം നടത്തിക്കൊടുക്കുന്നത് സന്യാസിമാരാണ്. വിധവകളെ വീണ്ടും വിവാഹം കഴിക്കുന്നത് ഇവിടെ സാധാരണ സംഭവമാണ്.
സന്യാസിമാരും സന്യാസിനികളും തല മുണ്ഡനം ചെയ്ത് ഒരുതരം വൈലറ്റ്-റെഡ് ഗൌണ് ധരിക്കുന്നു.
ഇറച്ചിക്ക് ആടിനെകൊല്ലുന്നത് ശ്വാസംമുട്ടിച്ചാണ്. ജീവനുള്ള ആടിന്റെ ഒരു തുള്ളി ചോരപോലും പുറത്തുപോകരുതെന്നാണ് അവരുടെ വിശ്വാസം. അങ്ങിനെ കൊന്നാല് അവയുടെ അടുത്ത ജ•ം മനുഷ്യന്റേതാകും പോലും!. വലിയ സന്യാസിമാരോ പണക്കാരോ മരിച്ചാല് ദഹിപ്പിക്കും. എന്നാല് സാധാരണക്കാരോ സാധുസന്യാസിമാരോ മരിച്ചാല് അവരുടെ മൃതദേഹം കൊത്തിയരിഞ്ഞ് പക്ഷികൾക്കോ അടുത്തുള്ള പുഴയിലെ മീനുകള്ക്കോ തിന്നാന് കൊടുക്കും!. ഹിന്ദുക്കളുടെ മരണാന്തര ക്രിയാചടങ്ങുകളാണ് ഇവരും ചെയ്യുന്നത്. ദഹിപ്പിച്ചാല് ആ ചാരവും കളിമണ്ണും കൂടി കൂട്ടികലർത്തി പിരമിഡുപോലെ ഉണ്ടാക്കി സ്മാരകമായി സൂക്ഷിക്കും.
മതം
എ.ഡി.600 നോടടുത്ത് ബുദ്ധമതം ടിബറ്റില് ആരംഭിച്ചു. അത് 17-ാം നൂറ്റാണ്ടുവരെ പടർന്ന് പന്തലിച്ചു. ഇപ്പോഴും ബുദ്ധമതക്കാരാണ് ടിബറ്റില് ഭൂരിഭാഗവും. ജനസംഖ്യയില് നാലിലൊന്ന് ഭാഗം സന്യാസികളോ സന്യാസിനികളോ ആണ്. ഒരു കുടുംബത്തില് നിന്നും ഒരു കുട്ടി യെ എങ്കിലും സന്യാസത്തിന് വിടണമെന്നാണ് അവരുടെ ആചാരം.
കാലാകാലങ്ങളായി പത്തു തരത്തിലുളള ആചാരങ്ങള് ബുദ്ധമതത്തില് പ്രചരിച്ചിട്ടുണ്ട്. സന്യാസിമാര് വിവാഹം കഴിച്ചാല് വലിയ തുക പിഴയായി വിഹാരത്തിന് കൊടുക്കണമെന്നാണ് നിയമം. ചില സന്യാസിനിമാര് കുട്ടികളേയും കൊണ്ട് നടക്കുന്നത് കാണാം. രണ്ടുമൂന്ന് വയസ്സ് പ്രായമുള്ളപ്പോൾത്തന്നെ സന്യാസാശ്രമത്തിലേക്ക് വിടുന്നതിനാല്, പ്രായപൂർത്തിയാകുമ്പോഴുണ്ടാകുന്ന അഭിലാഷങ്ങള് ചില സന്യാസിമാരില് നാമ്പെടുക്കുന്നതിന്റെ തെളിവാണ്, സന്യാസിനിമാരില് ചിലർക്ക് കുട്ടികളുണ്ടാകുന്നത്. അത് വലിയ ഒരു തെറ്റായി കണക്കാക്കാറില്ല.
വിഹാരങ്ങള്
ബുദ്ധമതവിഹാരങ്ങള് എ.ഡി.823-35 കാലത്താണ് ടിബറ്റില് ഉണ്ടായത്. ലാസ്സയില് നിന്ന് സുമാര് 50 കി.മീറ്റര് തെക്കുകിഴക്ക് ഭാഗത്ത് ബ്രഹ്മപുത്രാനദിയുടെ തീരത്ത് “സ്വാമി” യിലാണിത് ആദ്യം ആരംഭിച്ചത്. വിഹാരങ്ങള് വിദ്യാഭ്യാസ കേന്ദ്രങ്ങള് കൂടി ആയിരുന്നു. ഇതു കൂടാതെ വലിയ വലിയ വിഹാരങ്ങള് ടിബറ്റില് വേറെയുമുണ്ട്. അവിടെ പതിനായിരക്കണക്കിന് ബുദ്ധഭിക്ഷുക്കള് താമസിച്ചുവരുന്നു. ടിബറ്റ്, സിക്കിം, ഭൂട്ടാന്, നേപ്പാള്, രാംപൂര് മുതലായ സ്ഥലങ്ങളിലെ വിഹാരങ്ങളില് താമസിച്ച് പഠിക്കുന്നതിനുള്ള സൌകര്യങ്ങളുള്ള യൂണിവേഴ്സിറ്റികള് ഉണ്ട്. അവയ്ക്ക് സ്വന്തമായി വസ്തുവകകളും ഉണ്ട്. അവ കച്ചവടക്കണ്ണുള്ള പുരോഹിത•ാരാണ് നടത്തിക്കൊണ്ട് പോകുന്നത്. ലാസ്സയില് രണ്ടു കോളേജുകളുണ്ട്. ഒന്ന് മെഡിസിന്, മറ്റൊന്ന് ആസ്ട്രോളജിക്ക്.
സന്യാസിമാര് രണ്ടുതരമുണ്ട് ഒന്ന് “ലാമാസ് ”മറ്റേത് “ഡാബാസ് പഠിപ്പുള്ള സന്യാസിമാരാണ് ലാമാസ് എന്നറിയപ്പെടുന്നത്. എന്നാല് സാധാരണ സന്യാസിമാരെ ഡാബാസ് എന്ന് പറയും. വിഹാരങ്ങളില് നല്ല പെയിന്റിംഗ് ചിത്രങ്ങള് വച്ചിട്ടുണ്ട്. ദൈവങ്ങള്, ലാമമാര്, സീനറികള് മുതലായവ. ഇന്ത്യന് സംസ്കാരം ടിബറ്റുകാരെ ആകർഷിക്കുന്നുണ്ട്. ടിബറ്റന് ലൈബ്രറികളില് രണ്ടുവലിയ ട്രാൻസലേഷനുകള് കാണാം.
ഒന്ന് 108 വാള്യങ്ങളിലായി ബുദ്ധദേവന്റെ ഉപദേശങ്ങള് ടിബറ്റ് ഭാഷയില് തർജ്ജിമ ചെയ്തതാണ്. മറ്റൊന്ന് 235 വാള്യങ്ങളിലായി സ്തോത്രങ്ങള് തർജ്ജിമ ചെയ്തു വച്ചിരിക്കുന്നതാണ്. കാവ്യങ്ങള്, തത്വസംഹിതകള്, വ്യാകരണം, ജ്യോതിഷം, തന്ത്രം, മന്ത്രം മുതലായവ ട്രാൻസലേഷനില് ഉൾപ്പെടുന്നു. അതിന്റെ സംസ്കൃതത്തിലുള്ള യഥാർത്ഥ ഗ്രന്ഥങ്ങള് എല്ലാം മുഹമ്മദീയരുടെ ആക്രമണങ്ങളില് നശിച്ചുപോയി.
കലണ്ടര്
കാശ്മീരി പണ്ഡിറ്റ് സോമനാഥാണ് 1027-ല് കാലചക്രജ്യോതിഷ മെന്ന പേരിലുള്ള കാശ്മീരിലെ കലണ്ടര് ടിബറ്റ് ഭാഷയിലേക്ക് തർജ്ജിമ ചെയ്ത് പ്രചരിപ്പിച്ചത്.
12 കൊല്ലത്തിലൊരിക്കല് മാനസസരോവരതീരത്ത്, ഭാരതത്തിലെ കുംഭമേളപോലെ വലിയ ഒരു ഉത്സവം നടത്തിവരുന്നു. ആ സമയത്ത് കൈലാസ മാനസ സരോവര പരിക്രമണം ഒരു പ്രാവശ്യം ചെയ്താല് 13 പ്രാവശ്യം ചെയ്തതിന്റെ ഗുണമുണ്ടാകുമെന്നാണ് വിശ്വാസം. അന്ന് ആ നാട്ടുകാര് ആബാലവൃന്ദവും അതില് പങ്കെടുക്കും. പത്തു പതിനഞ്ചു ദിവസം ആ ഉത്സവം നീണ്ടുനിൽക്കും. സൂര്യന്റെ ഉത്തരായനം തുടങ്ങു ന്നത് ഫെബ്രുവരി മദ്ധ്യത്തോടുകൂടിയാണെന്നാണ് ടിബറ്റുകാര് ഔദ്യോ ഗികമായി കരുതുന്നത്. അന്നാണ് അവര് പുതുവത്സരപ്പിറവിയായി കൊണ്ടാടുന്നത്. എന്നാല് മാനസസരസ്സിന്റെ തെക്ക് ഭാഗത്തുള്ള ടിബറ്റുകാര് ഡിസംബര് മദ്ധ്യമായാണ് പുതുവത്സരപ്പിറവിയായി കണക്കാക്കുന്നത്. മാനസസരസ്സിന്റെ കിഴക്കുഭാഗത്തുള്ള ടിബറ്റുകാര് ജനുവരി മദ്ധ്യത്തിലാണ് പുതുവത്സരപ്പിറവിയായി കൊണ്ടാടുന്നത്. പുതവത്സരപ്പിറവിക്ക് പതിനഞ്ചുദിവസത്തെ ആഘോഷം ഉണ്ടാകും.
ടിബറ്റുകാര് വിഹാരങ്ങളില് പൌർണ്ണമി ദിവസം ശ്രീബുദ്ധനേയും, വെളുത്ത പ്രതിപദദിവസം ദക്ഷിണാമൂർത്തിയേയും, വെളുത്ത തൃതീയയില് ഗുരു പത്മസംഭവനേയും വെളുത്ത അഷ്ടമിക്ക് ദേവിയേയും മാസം തോറും പ്രത്യേകം പൂജിച്ചു വരുന്നു.
മാനിമന്ത്ര
ഇൻഡ്യയിലെ ബ്രാഹ്മണരുടെ പ്രധാന മന്ത്രം ഗായത്രിയാണ്. അതുപോലെ ടിബറ്റുകാരുടെ മന്ത്രമാണ് “മാനിമന്ത്ര”. “ഓം മാണിപത്മം ഹും.” എന്നാണ് ആ മന്ത്രം. മാണി എന്നത് പുരുഷനേയും പത്മ എന്നത് ശക്തിയേയും സൂചിപ്പിക്കുന്നു. ഈ മന്ത്രത്തിന്റെ ആദ്യം ഓം എന്നും അവസാനം ഹും എന്നും ചേർത്ത് ഉച്ചരിക്കുന്നു. ടിബറ്റിലെ ആബാലവൃന്ദം ജനങ്ങളും ഈ മന്ത്രം എപ്പോഴും ജപിച്ചുകൊണ്ടാണ് നടക്കുന്നത്. അതായത് നമ്മള് ഇവിടെ ഓം ശിവശക്തൈക്യരൂപിണ്യേ നമ: എന്ന മന്ത്രം ചൊല്ലുന്നതിന്റെ പൊരുളാണ് അവരുടെ മാനിമന്ത്രത്തിലുള്ളത്. പല കളറുകളില് ഈ മന്ത്രം അവര് എല്ലായിടത്തും എഴുതി വയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് പ്രാവശ്യം അവര് ഈ മന്ത്രം ചൊല്ലാറുണ്ട്.
കൃഷി
കൈലാസ മാനസസരോവര ഭാഗങ്ങളിലെങ്ങും യാതൊരു വിധ കൃഷിയും കാണാനില്ല. വെറും തരിശുനിലങ്ങള് മാത്രം. എന്നാല് വളരെ യകലെയുള്ള പുരാഗ് താഴ്വരകളില് ബാർലി, കടുക്, മുള്ളങ്കി മുതലായവ എ.ഡി.630 മുതല് കൃഷി ചെയ്തുവരുന്നുണ്ട്. മറ്റു ചില സ്ഥലങ്ങളില് 1940 മുതല് ഉരുളക്കിഴങ്ങും കൃഷി ചെയ്യുന്നുണ്ട്. യാക്കിനേയും, കുതിരയേയും കൊണ്ട് നിലമുഴുതാണ് കൃഷിചെയ്യുന്നത്.
ബുദ്ധവർഷം
ക്രിസ്തു വർഷത്തേക്കാള് 544 വർഷം പഴക്കമുണ്ട് ബുദ്ധവർഷത്തിന്. 2011-ലെ ബുദ്ധവർഷം 2011+544=2555 ആണ്.
ജന്തുവർഗ്ഗം
മാനസഖണ്ഡില് കഴുത, യാക്ക്, പുള്ളിപ്പുലി (കുതിരകളെ കൊന്നുതിന്നുന്നത്) മറ്റൊരു തരം പുള്ളിപ്പുലി (അത് ആടിനെ കൊന്ന് രക്തം മാത്രം കുടിക്കുന്ന ഇനമാണ്, അതിന്റെ തൊലി പല വർണ്ണങ്ങളിലുള്ളതാണ്) കറുത്ത കരടി, ബ്രൌണ് കരടി, മനുഷ്യക്കരടി (മനുഷ്യന് നടക്കുന്നതുപോലെ നടക്കുന്നത്), വലിയ ടിബറ്റന് ആട,് നീല ആടുകള്, മാന്, ചെന്നായ്, കുറുക്കന് മുയല്, ചെറിയമാന്, എലി, ഗൌളി എന്നിവയുണ്ട്. അപൂർവ്വമായി ഇവിടെ കസ്തൂരിമാനെ കാണുന്നുണ്ട്. ഇവിടെ തപസ്സനുഷ്ഠിക്കുന്ന ചില ഋഷിമാര് സിംഹത്തെ കണ്ടതായും പറയപ്പെടുന്നു. മാനസസരസ്സിലും രാക്ഷസതടാകത്തിലും മറ്റ് ചില നദികളിലും ധാരാളം മീന് ഉണ്ട്. എന്നാല് ടിബറ്റുകാര് മാംസഭുക്കുകളാണെങ്കിലും മീനിനേയും പക്ഷികളേയും ഭക്ഷിക്കുകയില്ല. (കാരണം അവര് മരിച്ചുകഴിഞ്ഞാല് മൃതദേഹം കൊത്തിയരിഞ്ഞ് പക്ഷികൾക്കും, മീനുകൾക്കും കൊടുക്കാറുണ്ട് ) ആയതിനാല് അവരുടെ പൂർവ്വികരാണ് പക്ഷികളും മീനുകളും എന്ന ഒരു തോന്നല് അവരുടെ ഹൃദയങ്ങളില് സ്ഥാനം പിടിച്ചിട്ടുണ്ട്. സർപ്പങ്ങളേയും തേളിനേയും ഇവിടെ കാണാറില്ല.
വീട്ടുമൃഗങ്ങള്
യാക്ക്, പശു, കാള, കുതിര, കഴുത, ആട്, എന്നിവയെ ടിബറ്റുകാര് വളർത്തുന്നു. ആടുകളും യാക്കുകളുമാണ് ശരിക്കും ടിബറ്റുകാരുടെ കൃഷിയും, ധനവും. ഏഴെട്ടുകൊല്ലം കൂടുമ്പോള് ഇവിടങ്ങളില് വലിയ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. അന്ന് മഞ്ഞ് കൊണ്ട് എല്ലാ ഭാഗവും ദിവസങ്ങളോളം മൂടിക്കിടക്കും. ആട്, യാക്ക്, പട്ടി, കുതിര എന്നിവയെ ടിബറ്റു കാര് വെറും പറമ്പിലാണ് താമസിപ്പിച്ചിരിക്കുന്നത്. മേൽക്കൂര ഉണ്ടാകാറില്ല. മഞ്ഞ് കൂടുമ്പോള് തണുപ്പുകൊണ്ടും മതിയായ ഭക്ഷണം ലഭിക്കാത്തതുകൊണ്ടും അവ കൂട്ടത്തോടെ ചത്തു പോകാറുണ്ട്. അത് കർഷകർക്ക് വലിയ നഷ്ടം ഉണ്ടാക്കാറുണ്ട്.
ചില വീട്ടുകാര് മുട്ടയ്ക്കുവേണ്ടി കോഴിയെ വളർത്താറുണ്ട്. പന്നി, പൂച്ച, എന്നിവയെയും കാണാം. ടിബറ്റിലെ പട്ടികള് വലിയ ശൌര്യമുള്ളവയാണ്. വീട്ടിലും, ആട്ടിടയ•ാരുടെ ടെന്റിലും പട്ടി നല്ല സേവനം കാഴ്ചവയ്ക്കുന്നുണ്ട്. ആയതിനാല് ടിബറ്റുകാർക്ക് പട്ടി ഒഴിച്ചുകൂടാന് വയ്യാത്ത ഒരു ജീവിയാണ്.
യാക്കിനെ വലിയ ഭാരം വഹിക്കാനും, പൂട്ടാനും ഉപയോഗിക്കുന്നു. അതിന് ചൂട് കാലാവസ്ഥ സഹിക്കാന് കഴിയില്ല. എന്നാല് കാളകള് എല്ലാ കാലാവസ്ഥയേയും അതിജീവിക്കുന്നു. അവയേയും ഭാരം വഹിക്കുന്നതിനും, നിലം ഉഴുന്നതിനും ഉപയോഗിക്കുന്നു. യാക്കിനേയും കാളയേയും ഇവിടെ സവാരിക്കായും ഉപയോഗിക്കുന്നുണ്ട്.
ടിബറ്റ് രോമവ്യവസായത്തിന് കേഴ്വികേട്ട സ്ഥലമാണ്. മാനസഖണ്ഡില് നിന്നും മറ്റുമാണ് ഉത്തരേന്ത്യന് മില്ലുകളിലേക്ക് കമ്പിളിയുണ്ടാക്കാന് രോമം എത്തിക്കൊണ്ടിരിക്കുന്നത്. ലോകമാർക്കറ്റില് ടിബറ്റിലെ രോമവ്യവസായം കേഴ്വികേട്ടതാണ്. ഹിമാലയ പർവ്വതനിരകളിലൂടെ ലക്ഷക്കണക്കിന് ആടുകളുടെ പുറത്ത് ടിബറ്റില് നിന്ന് ഇൻഡ്യയിലേക്ക് രോമം, ഉപ്പ് മുതലായവ കൊണ്ടുവരികയും, ഇന്ത്യയില് നിന്ന് ധാന്യങ്ങളും മറ്റ് വീട്ടുസാധനങ്ങളും ടിബറ്റിലേക്കും കൊണ്ടുപോകാറുണ്ട്. ടിബറ്റില് കൂടുതല് ബുദ്ധമതക്കാരാണെങ്കിലും ആഹാരം ഏറിയകൂറും മാംസമാണ്. പാല്, വെണ്ണ എന്നിവ ഇവിടെ ധാരാളം ഉണ്ടാക്കുന്നുണ്ട്. ഉണങ്ങിയ ആട്ടിൻതോലിലാണ് അവര് വെണ്ണ സൂക്ഷിക്കുന്നത്.
ടിബറ്റുകാരുടെ ജോലി
തീർത്ഥാടകര് ഈ ഭാഗങ്ങളിലേക്ക് വരുന്ന കാലങ്ങളില് ടിബറ്റുകാരും, നേപ്പാളികളും കച്ചവടും തുടങ്ങും. കൂടുതലും കമ്പിളി വസ്ത്രങ്ങളാണ് കച്ചവട സാധനം. കമ്പിളി വസ്ത്രനിർമ്മാണം ഇവിടത്തെ ഒരു കുടില് വ്യവസായമാണ്. പുലി, കുറുക്കന്, ആട് എന്നിവയുടെ തോല് ധാരാളമായി ഇവിടെ വിൽക്കുന്നുണ്ട്. ആട്, യാക്ക് എന്നിവയെ വളർത്തലാണ് പ്രധാന തൊഴില്. അതിനെ കാലാകാലങ്ങളില് വിറ്റ് കിട്ടുന്ന പണമാണവരുടെ വരുമാനമാർഗ്ഗം.
ഓം പർവ്വതം
കൈലാസ്സത്തിലേക്ക് പോകുന്ന വഴിയുടെ വലതുഭാഗത്ത് നാഭിധാങ്ങില്, ഓം എന്ന് സംസ്കൃതത്തില് എഴുതിയതുപോലെ മഞ്ഞു കൊണ്ട് രൂപം കൊണ്ട ഒരു പർവ്വതഭാഗം കാണാം. അതിനെ ഓം പർവ്വതം എന്നു വിളിക്കുന്നു.
കൈലാസം സന്ദർശിച്ച മഹാരഥ•ാര്
ശ്രീകൃഷ്ണന്, അർജ്ജുനന്, വ്യാസന്, രാവണന്, ഭസ്മാസുരന് എന്നിവര് കൈലാസത്തില് വന്നിട്ടുള്ളതായി പുരാണങ്ങള് പറയുന്നു. രാമായണം, മഹാഭാരതം എന്നിവയില് ഈ സ്ഥലങ്ങളെപ്പറ്റി പരാമർശമുണ്ട്. ഭാരതം ഭരിച്ചിരുന്ന അശോക ചക്രവർത്തിയുടെ കാലത്ത് അദ്ദേഹം നന്ദിദേവന് എന്ന് പേരായ ഒരു രാജാവിനെ ഈ ഭാഗത്തേക്ക് അയക്കുകയും അദ്ദേഹം ഈ ഭാഗം ഭാരതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തതായി ചരിത്രം പറയുന്നുണ്ട്. അന്ന് അദ്ദേഹം കൈലാസ മാനസസരസ്സ് സന്ദർശിച്ചതായി പറയുന്നു.
7-ാം നൂറ്റാണ്ടില് പല ചൈനീസ് സഞ്ചാരികളും മാനസഖണ്ഡിലൂടെ ഇന്ത്യയില് കടന്ന് നളന്ദ യൂണിവേഴ്സിറ്റിയില് നിന്നും ബുദ്ധമതം അഭ്യസിച്ചതായും, ബുദ്ധമതക്കാരുടെ ആരാധനാലയങ്ങള് സന്ദർശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ജൈന•ാരുടെ ആദ്യ തീർത്ഥങ്കരനായ ആദിത്യവൃഷഭദേവന് കൈലാസത്തിലെ അഷ്ടപാദില് വന്ന് നിർവ്വാണം പ്രാപിച്ചതായി പറയപ്പെടുന്നു.
ആദിശങ്കരാചാര്യരുടെ ഭൌതികശരീരം കൈലാസസാനുക്കളിലാണ് മറവ് ചെയ്തതെന്ന് ചിലര് അഭിപ്രായപ്പെടുന്നുണ്ട്. ശങ്കരാചാര്യര് ക്രിസ്തുവിന് മുൻപ് ജീവിച്ചിരുന്നതായി ചില ഇൻഡ്യന് പണ്ഡിത•ാര് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല് എ.ഡി.8-ാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യരുടെ ജീവിതകാലമെന്ന് ബ്രിട്ടീഷുകാരായ ചില പണ്ഡിത•ാര് പറയുന്നു. (ഹിമാലയത്തിലെ കേദാർനാഥ് ക്ഷേത്രവളപ്പിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ജഗദ്ഗുരു ശ്രീ ആദി ശങ്കരാചാര്യരുടെ ഭൌതിക ശരീരം അടക്കം ചെയ്തതെന്ന് ആലേഖനം ചെയ്തിരിക്കുന്നത് ഞാന് നേരില് കണ്ടിട്ടുണ്ട്.) ഗുരു “പത്മസംഭവന്” കൈലാസം സന്ദർശിച്ചിരുന്നതായി ടിബറ്റുകാര് പറയുന്നുണ്ട്.
എ.ഡി.9-ാം നൂറ്റാണ്ടില് ചൈനയിലെ ചില പ്രകൃതി പഠനക്കാര് ഈ ഭാഗങ്ങളില് സന്ദർശിച്ച് നോട്ടുകള് തയ്യാറാക്കിയതായും മാപ്പുകള് വരച്ചതായും പറയുന്നുണ്ട്.
എ.ഡി.1027-ല് കാശ്മീര് പണ്ഡിറ്റ് സോമനാഥ് ഇവിടം സന്ദർശി ച്ച് കാലചക്രജ്യോതിഷം ടിബറ്റ് ഭാഷയിലേക്ക് പരിവർത്തനം ചെയ്ത് കൊടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലക്ഷ്മീകരായും ധനശ്രീ ചന്ദ്രരാഹുലയും അദ്ദേഹത്തെ അനുഗമിച്ചിരുന്നതായും പറയപ്പെടുന്നു.
എ.ഡി.11-ാം നൂറ്റാണ്ടില് “സിന്ധ മലർപ്പ” എന്ന ടിബറ്റന് കവി കൈലാസത്തെപ്പറ്റി ധാരാളം കവിതകെളഴുതി. കൈലാസപുരാണം എന്ന കൃതി വളരെയധികം ശ്ളാഘിക്കപ്പെടുന്ന ഒന്നാണ്. അദ്ദേഹം തന്റെ ഗുരുവിനോടൊപ്പം കൈലാസപരിക്രമണം നടത്തുകയും പലതും വിശദമായി പഠിക്കുകയും ചെയ്തു. ഗുരു, ലാമാ മലർപ്പയും അദ്ദേഹത്തിന്റെ ഗുരു തിലോപ്പയും മാനസസരസ്സ്, കൈലാസ സാനുക്കളില് സഞ്ചരിച്ചിട്ടുണ്ട്.
വിക്രമശൈല യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായിരുന്ന “ദീപല്കര ശ്രീ ജനന ”എ.ഡി.1042-ല് അദ്ദേഹത്തിന്റെ 61-ാം വയസ്സില് ബുദ്ധമതം പഠിപ്പിക്കാന് ഇവിടെ വന്ന് വളരെക്കാലം താമസിച്ചിരുന്നു. അദ്ദേഹം ടിബറ്റ് ഭാഷയില് പല പുസ്തകങ്ങളും എഴുതുകയും ചെയ്തു. എ.ഡി.1044-ല് അദ്ദേഹം കൈലാസ മാനസസരസ്സ് സന്ദർശിക്കുകയും ഒരാഴ്ച ഒരു ഗുഹയില് താമസിക്കുകയും ചെയ്തു.
ഡിക്കുങ്ങ് വിഹാരത്തിലെ ആദ്യ മഠാധിപതി 13000 ശിഷ്യ•ാരോടുകൂടി എ.ഡി.1513-ല് കൈലാസ സന്ദർശനം നടത്തിയതായി പറയുന്നു. പുരാഗ് താഴ്വരയില് അക്കാലത്ത് വളരെയധികം മഹാത്മാക്കളും, ഭിക്ഷുക്കളും വസിച്ചിരുന്നതായി പറയുന്നു.
എ.ഡി.16-ാം നൂറ്റാണ്ടില് അക്ബര് ചക്രവർത്തി ഗംഗയുടെ ഉത്ഭവം അന്വേഷിക്കാന് ഒരു സംഘത്തെ ഇങ്ങോട്ടയച്ചു. ഇവര് മാനസസരസ്സിനെ ചുറ്റിനടന്ന് കണ്ട് ഒരു മാപ്പുണ്ടാക്കി. അതില് സത്ലജും, ബ്രഹ്മപുത്രയും, മാനസസരസ്സില് നിന്നും , സരയൂനദി രാക്ഷസതടാകത്തില് നിന്നും ഉത്ഭവിക്കുന്നതായും കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എ.ഡി.1626-ല് പോർച്ചുഗീസുകാരനായ ഫാദര് അന്റോണിയോ ഡി അൻഡ്രാടി മാനാപാസ്സിലൂടെ ഇവിടെയെത്തി, ഒരു ക്രിസ്ത്യന് പള്ളി ക്ക് തുടക്കം കുറിച്ചു. എ.ഡി.1627-ല് 4 ജെസ്യൂട്ടുകള് കൂടിവന്നെങ്കിലും ഇപ്പോള് അവിടെ പള്ളിയുടെ അവശിഷ്ടങ്ങള് ഒന്നുംതന്നെ കാണാനില്ല.
രാമചരിതമാനസമെഴുതിയ ഭക്തകവി തുളസീദാസ്, കൈലാസത്തില് വന്നിരുന്നതായി പറയപ്പെടുന്നു. അദ്ദേഹം കൈലാസത്തില് ശിവപാർവ്വതിമാര് ഒരു വലിയ മരച്ചുവട്ടില് ഇരിക്കുന്നതായി വിവരിച്ചിട്ടുണ്ട്.
അൽമോറ തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാ-ബാജ്ബാ അഡർച്ചാഡ് (എ.ഡി.1638-78) കൈലാസ പരിക്രമണത്തിന്ന് വന്നിരുന്ന തീർത്ഥാടകരെ ഉപദ്രവിച്ച ടിബറ്റുകാരെ അടിച്ചമർത്തുകയും അവര് ഏർപ്പെടുത്തിയിരുന്ന നികുതി ഒഴിവാക്കുകയും ചെയ്തു. എന്നാല് പിന്നീ ട് അവര് മേലില് തീർത്ഥാടകരെ ഉപദ്രവിക്കുകയില്ലെന്ന് രാജാവിന് ഉറപ്പുകൊടുത്തതനുസരിച്ച് നികുതി പുന:സ്ഥാപിച്ചുകൊടുത്തു. ഇദ്ദേഹം കൈലാസ തീർത്ഥാടനത്തിന്ന് വരുന്നവർക്ക് ഭക്ഷണവും വസ്ത്രവും നല്കാന് “സത്വർത്ത” എന്ന ഒരു സ്ഥാപനം എ.ഡി.1673-ല് തുടങ്ങുകയും അതിന്റെ ചിലവിലേക്ക് 5 വില്ലേജിലെ റവന്യൂ വരുമാനം നീക്കിവച്ചിരിക്കുന്നതായി ഒരു കരണം ചെമ്പോലയില് എഴുതിവയ്ക്കുകയും ചെയ്തു.
എ.ഡി.1715-ല് “ഡിസിഡറി” എന്ന ഒരു റോമന് കാത്തൊലിക്ക് ഫാദറും കൂട്ടാളി ഫ്രയറിയും കൂടി ഈ ഭാഗത്തേക്ക് വന്നു. അവര് ഗംഗയും, സത്ലജ്ജും, ഇൻഡ്യൂസും, കൈലാസത്തില് നിന്നും മാനസസരസ്സില് നിന്നും കൂടിയാണ് ഉത്ഭവിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.
എ.ഡി.1711-നും 1717-നും ഇടയില് ചൈനീസ് ചക്രവർത്തിയായിരുന്ന “കാങ്ങ്ഹി” കുറേ ലാമമാരേയും മറ്റും ഈ ഭാഗത്തേക്കു സർവ്വെ ചെയ്യുന്നതിനും ടെപ്പോഗ്രാഫിക്കല് വിവരങ്ങള് ശേഖരിക്കുന്നതിനും അയച്ചു. അവര് ഒരു മാപ്പ് തയ്യാറാക്കി.
എ.ഡി.1758-ല് “നാഗോയ് ”വിഹാരത്തിലെ കിംബോസോനം ഗിൽസില് മാനസസരോവരവും കൈലാസവും സന്ദർശിക്കുകയും “കൊച്ചാര് പുരാണം” എന്ന ഒരു പുസ്തകം എഴുതുകയും ചെയ്തു.
എ.ഡി.1770-ല് ലോഡ് വാറന് ഹേസ്റിംഗ്സ് ഒരു ബ്രാഹ്മണനായ ഉദ്യോഗസ്ഥനേയും സഹായികളായി ബോഗിള്, ടർനര് എന്നിവരെയും ടിബറ്റിലേക്കയച്ചു. അവര് മാനസസരസ്സ് സന്ദർശിച്ചു. ഗംഗ, കൈലാസത്തിൽനിന്നും മാനസസരോവരത്തിലേക്കും അവിടെനിന്ന് പുറത്തേക്കും ഒഴുകുന്നതായി രേഖപ്പെടുത്തി. എ.ഡി.1770-നും 80 നും ഇടയില് കൈ രണ്ടും ഉയർത്തിപ്പിടിച്ച ഒരു സന്യാസി, മാനസസരസ്സിനെ 6 ദിവസം കൊണ്ട് വലംവച്ചു. അദ്ദേഹം ഗംഗ, ബ്രഹ്മപുത്ര എന്നിവ മാനസസരസ്സില് നിന്നും, സരയൂ, രാക്ഷസ തടാകത്തില് നിന്നും ഉത്ഭവിക്കുന്നതായി പറഞ്ഞിരിക്കുന്നു.
എ.ഡി.1812-ല് വില്യം മോര് റൂഫ്റ്റ് എന്ന മൃഗ ഡോക്ടര് കൂട്ടുകാരന് ക്യാപ്റ്റന് ഹിയർസേയുമായി ടിബറ്റില് എത്തി. ആ സമയത്ത് ഗംഗയുടെ ഉത്ഭവസ്ഥാനത്തു നിന്നും വെള്ളമൊഴുകുന്നുണ്ടായിരുന്നില്ല.
എ.ഡി.1796-ല് ഹാര്ബല ഗംഗയുടെ ഉത്ഭവസ്ഥാനം സന്ദർശിച്ചപ്പോള് അവിടെ ധാരാളം വെള്ളം ഉള്ളതായി കണ്ടു. അത് അദ്ദേഹം മറികടന്ന് പോയത് ഒരു താല്ക്കാലിക പാലം ഉപയോഗിച്ചായിരുന്നു.
എ.ഡി.1838-ല് മോർറൂഫ്റ്റ് അയാളുടെ സഹായി ആയിരുന്ന ഡബ്സിങ്ങിനാല് കൊല്ലപ്പെട്ടതായി പറയപ്പെടുന്നു. മോര് റൂഫ്റ്റും ഹാർസേയുമാണ് മാനസസരസ്സില് പിന്നീട് എത്തിയ ഇംഗ്ളീഷ്കാര് എന്ന് പറയപ്പെടുന്നു. എ.ഡി.1841-ല് സരോവർസിങ്ങ് പടിഞ്ഞാറന് ടിബറ്റിലൂടെ തക്കിലക്കോട്ട് എത്തി. അവിടെ വച്ച് ടിബറ്റുകാര് അദ്ദേഹത്തെ കൊന്നു. ഇദ്ദേഹത്തിന്റെ ശവകുടീരം ടോയോയില് ഇപ്പോഴും കാണാം.
എ.ഡി.1846 ഒക്ടോബറില് ക്യാപ്റ്റന് ഹെൻട്രി, സ്ട്രച്ചറി, ഡർമാപാസ്സിലൂടെ ടിബറ്റിലെത്തി. അദ്ദേഹം രാക്ഷസ തടാകത്തിലേക്ക് തിരിച്ചു. അതിനുശേഷം ലിപുലേഖ് പാസ്സിലൂടെ തിരിച്ച് പോയി. അദ്ദേഹം ഗംഗയുടെ ഉത്ഭവസ്ഥാനത്ത് ഒരു മീറ്റര് ആഴത്തില് വെള്ളം പതുക്കെ ഒഴുകുന്നതായി കണ്ടത് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി അദ്ദേഹം സത്ലജ്ജിന്റെ പ്രധാന കൈവഴി ഡാർമയാണ്ടി ആയിരിക്കുകയില്ലെന്ന് അതിലെ വെള്ളത്തിന്റെ അളവ് കണ്ടപ്പോള് പറഞ്ഞു.
എ.ഡി.1848-ല് അദ്ദേഹത്തിന്റെ സഹോദരന് റിച്ചാർഡ് സ്ട്രാച്ചിയും വിന്റര് ബോട്ടവും ഈ സ്ഥലം സന്ദർശിച്ചു. അവര് മിലാന്, ജൈനി, മായാണ്ടി എന്നിവിടങ്ങളിലൂടെ രാക്ഷസതടാകക്കരയിലെ ചിൽക്കോമ്പ വരെ എത്തി മിലന് വഴി തിരിച്ചുപോയി. സ്ട്രാച്ചി സഹോദരങ്ങള് മാനസഖണ്ഡിലെ പല ഭൂമിശാസ്ത്ര കാര്യങ്ങളും നമുക്ക് സംഭാവനചെയ്തു.
എ.ഡി.19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില് കാശിയില് നിന്നും തെലു ങ്ക് സ്വാമി എന്ന് പ്രസിദ്ധനായ സിദ്ധന് പല തവണ മാനസസരസ്സ്-കൈലാസ സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ ശരിയായ പേര് ഗണേശ സ്വാമി എന്നാണ്. അദ്ദേഹം വിശാഖപട്ടണത്തില് ജനിച്ച ഒരു ബ്രാഹ്മണനാണ്. അദ്ദേഹം തെലുങ്ക് സ്വാമി എന്നാണറിയപ്പെട്ടിരുന്നത്.
എ.ഡി.1887-ല് അദ്ദേഹം മരിച്ചപ്പോള് അദ്ദേഹത്തിന്ന് 150 വയസ്സ് ഉണ്ടായിരുന്നതായും അതല്ലാ 280 വയസ്സ് ഉണ്ടായിരുന്നതായും ആളുകള് പറയുന്നുണ്ട്.
എ.ഡി.1845-ല് നേപ്പാളികള് മാനസഖണ്ഡം ആക്രമിച്ച് “സിദ്ധിക്കാര്” കോട്ട നശിപ്പിച്ചു.
എ.ഡി.1855 ജൂലായില് അഡോൾഫും, റോബർട്ട് സിലാജിന്റ് വെന്റും മിലാൻവഴി ഡാബാവരെവന്ന് തിരിച്ചുപോയി.വീണ്ടും അവര് സെപ്റ്റംബറില് മിലാൻവഴി തുലാങ്ങിലെത്തി തിരിച്ചുപോയി. അതുകൊ ണ്ട് അവർക്കൊരന്വേഷണവും നടത്തുവാന് കഴിഞ്ഞില്ല.
ഷിയറിങ്ങ് എന്ന എഴുത്തുകാരന് തന്റെ “പടിഞ്ഞാറന് ടിബറ്റ്” എന്ന പുസ്തകത്തില് എ.ഡി.1855-നും 1860-നും മദ്ധ്യേ ബാർലിയിലെ കമ്മിഷണര് ഡ്യൂമണ്ട് മാനസസരോവറില് ബോട്ട് ഓടിച്ചതായി പറയുന്നുണ്ട്. എന്നാല് അൽമോറയില് നിന്നോ മാനസസരോവരതീരത്തില് നിന്നോ ആരും അത് സ്ഥിരീകരിച്ചിട്ടില്ല.
എ.ഡി.1864-ല് റോബർട്ട് ഡ്രമണ്ട്, ഹെൻട്രി ഹോഡിങ്ങ്സണ്, ലെഫ്റ്റനന്റ് കേണല് സ്മിത്ത്, വെബ്ബാര് എന്നിവര് മാന്ധാതാ പർവ്വതത്തിന്റെ തെക്കുഭാഗത്തുകൂടി കാട്ട് യാക്കിനെ വേട്ടയാടാന് സഞ്ചരിച്ച് ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനത്ത് എത്തിയതായി പറയുന്നു. വെബ്ബാര് മാന്ധാതാപർവ്വതത്തിന്റെ തെക്കുഭാഗത്തു നിന്നും ഗംഗയും വടക്കുഭാഗത്തുനിന്നും ഇൻഡ്യൂസും ഉത്ഭവിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
എ.ഡി.1865 ജൂണ് മാസത്തില് ക്യാപ്റ്റന് എച്ച്. ആര്. സ്മിത്ത്, എ. എസ്. ഹാരിസണ് എന്നിവര് ലിപുലേഖ് വഴി ടെർച്ചനില് എത്തി. അവര് രാക്ഷസിന്റേയും മാനസസരോവരത്തിന്റേയും വടക്കെതീരത്തുള്ള ചെർക്ക്പിഗോംപയില് താമസിച്ച് ഗാർട്ടോക്കിലേക്ക് പോയി. അക്കൊല്ലം തന്നെ ആഗസ്റില് അട്രിയില് ബന്നറ്റ,് ചോർഹോട്ടി പാസ്സിലൂടെ ഡാബാ സന്ദർശിച്ചു. ഒരു മാസത്തോളം അവിടെ താമസിച്ച് നിറ്റി പാസ്സിലൂടെ തിരിച്ചുപോയി. അദ്ദേഹത്തെ തുടർന്ന്യാത്ര ചെയ്യുന്നതിന് ടിബറ്റുകാര് അനുവദിച്ചില്ല.
എ.ഡി.1856- ല് സർവ്വേ ഓഫ് ഇൻഡ്യാ ക്യാപ്റ്റന് റ്റി.ജി.മോണ്ട് ഗോമെറിയേയും, ജോറിമോത്രാ താക്കൂര് ഹാംസിങ്ങും മാനസസരോവരം സന്ദർശിച്ചു. അദ്ദേഹം മാനസസരോവരത്തിന്റേയും, രാക്ഷസതടാക ത്തിന്റെയും മാപ്പുകള് തയ്യാറാക്കി. അദ്ദേഹം ബ്രഹ്മപുത്രയുടെ ഉത്ഭവ സ്ഥാനം നേരിട്ട് കാണാതെ ടിബറ്റുകാരിൽനിന്നും ചോദിച്ചു മനസ്സിലാക്കി ശരിക്കുളള സ്ഥാനം കണ്ടെത്തി. അദ്ദേഹം ബ്രഹ്മപുത്രയുടെ ഉത്ഭവം ടാനീചോക്ക്-കംബാകാഗ്രി ശ്ളേഷിയസ്സ് (ചീയാ-യങ്ങ്-ഡങ്ങ് നദിയുടെ തുടക്കത്തില്) നിന്നാണെന്ന് കണ്ടു. അദ്ദേഹത്തെ സർവ്വേ ഓഫ് ഇൻഡ്യാ റെക്കാർഡില് പണ്ഡിറ്റ് എ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
എ.ഡി.1867 - 68 കാലത്ത് മോണ്ട് ഗോമറി കുറേയേറെ പണ്ഡിറ്റ്മാരെ സർവ്വേക്കയച്ചു. അതില് പലരും ഇൻഡ്യൂസിന്റെ ഉത്ഭവസ്ഥാനത്തെത്തും മുൻപ് തന്നെ കൊല്ലപ്പെട്ടു. അതേ സമയത്തുതന്നെ നെയിന് സിങ്ങ്, മാൻസിങ്ങ്, ജോഹാരി ബോദ്ധ്യാ എന്നിവരെ സർവ്വെ ഓഫ് ഇന്ത്യ കൈലാസത്തിന്റെ വടക്ക് ഭാഗത്തെപ്പറ്റി അന്വേഷിക്കാന് അയച്ചിരുന്നു. മാൻസിങ്ങിന് മാനസ്സഖണ്ഡം നല്ലപോലെ അറിയാമായിരുന്നു. എന്നാല് ടിബറ്റുകാര് മാൻസിങ്ങിനെ കൈലാസത്തിലേക്കു പോകാന് അനുവദിച്ചില്ല.
എ.ഡി.1879 - 82 കാലത്ത് ജോഹാരി ബോദ്ധ്യാ, രാജ് ബഹദൂര് കൃഷ്ണസിങ്ങിനെ സർവ്വേ ഓഫ് ഇൻഡ്യാ ഓഫീസില് നിന്ന് സർവ്വേ ചെയ്യാന് അയച്ചു. അദ്ദേഹം കൂടുതലും മംഗോളിയയെപ്പറ്റിയാണ് അനേഷിച്ചത്. തിരിച്ചുപോകുമ്പോള് അദ്ദേഹം മാനസഖണ്ഡില് കൂടിവന്നു. അദ്ദേഹം തയ്യാറാക്കിയ മാപ്പും കണ്ടെത്തലുകളും സർവ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ എ.കെ.പണ്ഡിറ്റ് എന്നാണ് സർവ്വേ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുള്ളത്.
എ.ഡി.1900-03 കാലത്ത് ഇകായി-കോങ്ങ് നാച്ചി എന്ന ജാപ്പനീ സ് ബുദ്ധസന്യാസി ടിബറ്റും, മാനസസരസ്സ് തീരവും സന്ദർശിച്ചു. ബ്രഹ്മപുത്രാനദി കടന്ന് (ചീമാ-യങ്ങ് സങ്ങ്) മാനസസരസ്സില് നിന്ന് 32 കി. മീറ്റര് കിഴക്കുള്ള ഗംഗയുടെ ഉറവിടം ചൂനക്ക് തുംങ്ങ് ടോള് കണ്ടുപിടിച്ചു. തുംഗോളയിൽകൂടി കടന്ന് ഗൈമാമാണ്ഡിയിലും പിന്നീട് കൈലാസ പരിക്രമണവും നടത്തി ലാസ്സയിലേക്ക് പോയി. സത്ലജ് ഗംഗയുടെ ഒരു പോഷക നദിയാണെന്ന് അദ്ദേഹം പറഞ്ഞു. രാക്ഷസതടാകത്തില് മാനസസരസ്സിനേക്കാള് ഉയർന്ന ജലനിരപ്പ് ഉള്ളതായി അദ്ദേഹം കണ്ടു. പത്തുകൊല്ലത്തിലൊരിക്കല് രാക്ഷസ തടാകത്തില് നിന്നും മാനസസരസ്സിലേക്ക് ജലമൊഴുകി മാനസസരസ്സിന്റെ പരിധി വർദ്ധിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
എ.ഡി.1904-ല് മേജര് സി.എച്ച്.ഡി.റഡ്യാര്, ക്യാപ്റ്റന് റാവിലിങ്ങ് എന്നിവര് രണ്ട് തടാകങ്ങളുടെയും കരകളില് കൂടി സഞ്ചരിച്ച് ഗംഗയുടെ ഉത്ഭവസ്ഥാനത്ത് വെള്ളമില്ലെന്ന് കണ്ടെത്തി. എന്നാല് അവര് ആ ഭാഗം സന്ദർശിച്ചിരുന്നില്ല. ടിബറ്റുകാരില് നിന്നും കിട്ടിയ വിവരമനുസരിച്ച് റഡ്യാര് ചീമായണ്ടിങ്ങാണ് ബ്രഹ്മപുത്ര ഉത്ഭവിക്കുന്ന പ്രധാന നദിയെന്നും കൂംബി പോഷകനദിയാണെന്നും പറഞ്ഞു. അൽമോറയിലെ ഡെപ്യൂട്ടി കമ്മീഷണര് ആയ ചാർലീസ് ഷെറിങ്ങ്, ഡോ.റ്റി.ജി.ലോങ്ങ് സ്റാഫ്, എന്നിവര് എ.ഡി.1905-ല് ലിപുലേഖ് പാസ്സിലൂടെ കൈലാസ്-മാനസസരസ്സ് സന്ദർശിച്ചു. അതിനുശേഷം അവര് ഗാർടാക്കിലേക്ക് പോയി. എന്നിട്ട് ഉത്തരധ്രുവപാസ്സിലൂടെ അവര് തിരിച്ചുപോയി. ഡോ. ലോങ്ങ് സ്റാഫ് മാന്ധാതാ പർവ്വതത്തില് കയറാന് ശ്രമിച്ചിരുന്നു. ഏതാണ്ട് ലക്ഷ്യത്തിലെത്താറായപ്പോള് അപകടകാരിയായ ഒരു ഹിമാനി താഴേക്ക് വന്നതിനാല് തന്റെ ശ്രമം ഉപേക്ഷിച്ചു തിരികെപ്പോന്നു.
എ.ഡി.1907-08 കാലങ്ങളില് മിസ്റര്. കാസന്, ഗൈനി മാണ്ടി സന്ദര് ശിച്ചു. തെക്കന് ടിബറ്റിലെ ബ്രിട്ടീഷ് ട്രെയിഡ് ഏജന്റിന്റെ നിലയിലായിരുന്നു ആ സന്ദർശനം.
എ.ഡി.1907-08-ല് സ്വീഡിഷ് പര്യവേഷകന് ഡോ. ശിൽഹിഡിന് രണ്ടുവർഷം ഈ ഭാഗങ്ങളില് സഞ്ചരിച്ച് പര്യവേഷണം നടത്തി. അദ്ദേ ഹം കാശ്മീരിലെ ശ്രീനഗറില് നിന്നാണ് യാത്ര തുടങ്ങിയത്. ലഡാക്കിലൂടെ മാനസസരസ്സിന്റെ തീരത്തെത്തി. രണ്ടുമാസക്കാലം മാനസസരസ്സില് ചിലവാക്കി. അതില് ജലയാത്ര ചെയ്തു. ഒരു ക്യാൻവാസ് ബോ ട്ടില്! മാനസസരസ്സിന്റെ ഒരു മാപ്പ് അദ്ദേഹം തയ്യാറാക്കി. ഭാഗികമായി രാക്ഷസതടാകത്തിലും അദ്ദേഹം സഞ്ചരിച്ചു. അദ്ദേഹമാണ് ആദ്യമായി മാനസസരസ്സിലും, രാക്ഷസതടാകത്തിലും ബോട്ടില് ചുറ്റി സഞ്ചരിച്ച വെള്ളക്കാരന്, കൂടാതെ കൈലാസ പരിക്രമണം നടത്തിയതും. ഈ രണ്ട് തടാകങ്ങളുടേയും സൌന്ദര്യം അദ്ദേഹം ആവോളം നുകർന്നു. മാനസസ രസ്സിലെ യാത്രയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം ആരേയും ആനന്ദതുന്ദിലരാക്കുന്നതാണ്. കൂടാതെ വശ്യവും, കാല്പനികവുമാണ്. ബ്രഹ്മപുത്ര, ഇന്ദസ്, സത്ലജ് എന്നിവയുടെ പ്രഭവസ്ഥാനം കണ്ടുപിടിച്ച ആദ്യത്തെ വെള്ളക്കാരനും ഇംഗ്ളീഷ്കാരനും ആണെന്നുള്ള ഖ്യാതിയും ഇദ്ദേഹം നേടി. സർവ്വേ ഓഫ് ഇന്ത്യാ ഓഫീസ്, ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളെ സ്വീകരിച്ചു. എന്നാല് സ്വാമി പ്രണവാനന്ദ ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്തു. വിയോജിപ്പുകളും തെറ്റുകളും സ്വാമി ചൂണ്ടിക്കാണിച്ചു. ഭാവിയില് വരുന്ന പര്യവേഷകരും ഭൂമിശാസ്ത്ര പഠിതാക്കളും ഇവയുടെ ആധികാരികത കണ്ടെത്തി തീരുമാനമെടുക്കട്ടെ! ഇങ്ങനെയൊക്കെ ആണെങ്കിലും ഡോ.ശിൻഹിഡിന് ടിബറ്റിനെപ്പറ്റിയുള്ള ഭൂമിശാസ്ത്രപരമായ പല അറിയപ്പെടാത്ത കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്നതായി അവകാശപ്പെടാം. മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച “ട്രാൻസ് ഹിമാലയ” എന്ന ബുക്കും, 12 വാള്യങ്ങളുള്ള “തെക്കന് ടിബറ്റ് ”എന്ന ബുക്കും കൂടാതെ സെൻട്രല് ഏഷ്യയെപ്പറ്റിയുംമറ്റ് ഭൂവിഭാഗങ്ങളെപ്പറ്റിയും എഴുതിയ പത്തോളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
എ.ഡി.1908-ല് ബോബെക്കാരനായ ശ്രീ ഹാൻസാസ്വാമി ലിപുലേഖ് വഴി കൈലാസത്തിലെത്തി. 12 ദിവസം മാനസസരസ്സ് തീരത്ത് താമസിച്ചു. അദ്ദേഹം കൈലാസത്തെപ്പറ്റി ഒരു പുസ്തകം മറാഠിയില് എഴുതി. ആ പുസ്തകത്തിന്റെ ഒരു പരിഭാഷ ഇംഗ്ളീഷില് സ്വാമിയുടെ ശിഷ്യന് പുരോഹിത് സ്വാമി “ഹോളിമൌണ്ടന് ” എന്ന പേരില് പ്രസിദ്ധീകരിച്ചു. ഇതില് ദത്താത്രയ എന്ന ബ്രഹ്മർഷിയെ ജീവനോടെ ഗൌരീകുണ്ഡില് വച്ച് കണ്ടതായും സംഭാഷണം നടത്തിയതായും മറ്റും വിവരിക്കുന്നുണ്ട്.
എ.ഡി.1912-13 കാലങ്ങളില് “മയൂര - പാങ്ങ്ളൂബാബ ” എന്ന സാധു പലതവണ കൈലാസത്തില് വരികയും കോച്ചാറില് താമസിക്കുകയും ചെയ്തിരുന്നു. എ.ഡി.1913-ല് അദ്ദേഹം ജഗ്ദാകോമ്പയില് ഒരുവർഷം താമസിക്കുവാനുളള ഒരുക്കങ്ങൾകൂട്ടിയെങ്കിലും കടുത്ത തണുപ്പ് സഹിക്കവയ്യാതെ എ.ഡി.1914 ഫെബ്രുവരിയില് അദ്ദേഹം മരിച്ചു.
എ.ഡി.1915-ല് ശ്രീ “സത്യദേവപ്രവാജക” കൈലാസ മാനസസരസ്സ് സന്ദർശിച്ചു. അദ്ദേഹം മിലാന് വഴിവന്ന് ലിപുലേഖ് വഴി തിരിച്ചുപോയി. അദ്ദേഹം കൈലാസത്തെപ്പറ്റി എഴുതിയ പുസ്തകം ഹിന്ദിയിലെ ആദ്യത്തെ പുസ്തകമായിരിക്കണം.
എ.ഡി.1924-ല് സ്വാമി ജ്ഞാനാനന്ദജി മഹാരാജ് കൈലാസ് മാനസസരസ്സ് സന്ദർശിച്ചു. അദ്ദേഹം മാനാപാസ്സിലൂടെ വന്ന് ഹോട്ടീപാസ്സിലുടെ തിരിച്ചു പോയി. ഈ കൊടുംതണുപ്പില് ഒരു കൌപീനം മാത്രം ധരിച്ചുകൊണ്ടാണ് അദ്ദേഹം പര്യടനം നടത്തിയത്.
എ.ഡി.1922-ല് റാവൂബഹദൂര് കശ്യപ് എന്ന ലാഹോർകാരന്, കൈലാസ് മാനസസരസ്സ് സന്ദർശിച്ചു. ലിപുലേഖ്വഴി വന്ന് മാനാപാസ്സ് വഴി തിരിച്ചുപോയി. വീണ്ടും എ.ഡി.1926-ല് ലിപുലേഖ് വഴി വന്ന് മിലാന് വഴി തിരിച്ചുപോയി. അദ്ദേഹം “സംജോഗർഫിക്കല് ഒബ്സർവേഷന് ഇന് ടിബറ്റ് ”, എന്ന ഒരു ലേഖനം എഴുതി. അതില് പുതിയതായിട്ടൊന്നും ഉണ്ടായിരുന്നില്ല. തെറ്റായ ഒരു പരാമർശം ഗംഗാനദിയുടെ ഉത്ഭവസ്ഥാനത്തെപ്പറ്റി നടത്തിയതാണ്, പുതിയതായിട്ടുളളത്! അതായത് 10 കിലോമീറ്റര് നീളമുളള ഗംഗാനദിയുടെ ഉത്ഭവസ്ഥാനത്തെ അദ്ദേഹം 5 കിലോമീറ്റര് മാത്രമേ നീളമുളളൂ എന്ന് പരാമർശിച്ചിരിക്കുന്നു.
എ.ഡി.1926-ല് കാശിയിലെ സ്വാമി ജയേന്ദ്രപുരിജി മണ്ഡലേശ്വര് 25 മഹാത്മാക്കളോടുകൂടി കൈലാസ മാനസസരസ്സ് സന്ദർശിച്ചു. ഇദ്ദേഹമാണ് മണ്ഡലേശ്വരൻമാരില് ആദ്യമായി ഈ ഭാഗം സന്ദർശിച്ച മഹാന്. അതിലൊരു പണ്ഡിറ്റ് “കൈലാസമാർഗ്ഗ പ്രദീപിക”എന്ന ഒരു ബുക്ക് ഹിന്ദിയില് എഴുതി. അതിലദ്ദേഹം മാനസസരസ്സില് നീലത്താമര വിരിഞ്ഞുനിൽക്കുന്നത് കണ്ടതായി എഴുതിയിട്ടുണ്ട്. നീലത്താമര വിരിയുന്നകാലത്ത് മഞ്ഞ് വീഴ്ചയും, മേഘങ്ങളും ഉണ്ടാകാറില്ലെന്ന് അദ്ദേഹം പറയുന്നു.
എ.ഡി.1929-ല് ഗംഗോത്രിയില് നിന്നും കേരളക്കാരനായ സ്വാമി തപോവനവും, സ്വാമി കൃഷ്ണശർമ്മാജിയും കൈലാസമാനസസരോവരം സന്ദർശിച്ചതായി പറയപ്പെടുന്നു. സ്വാമി തപോവനം, കൈലാസത്തെക്കുറിച്ചൊരു പുസ്തകമെഴുതിയിട്ടുണ്ട്.
എ.ഡി.1929-ല് വാക്ക്ഫീൽഡ് ഇവിടം സന്ദർശിച്ചു. ഗാങ്ങ്ടോക്കിലെ അസിസ്റന്റ് പൊളിറ്റിക്കല് ഏജന്റായിരുന്നു അദ്ദേഹം. ഗംഗയുടെ ഉത്ഭവസ്ഥാനം ആഴമേറിയതും, വേഗത്തില് ഒഴുകുന്നതുമാണെന്ന് അദ്ദേ ഹം കണ്ടെത്തി.
എ.ഡി.1931-ല് കൃഷ്ണരാജവാദ്ധ്യാര് ബഹദൂര് എന്ന മൈസൂര് മഹാരാജാവ് കൈലാസം സന്ദർശിച്ചു. അദ്ദേഹത്തോടൊപ്പം സ്വാമിനി ശിവാനന്ദജി, സ്വാമിനി അദ്വൈതാനന്ദജി, സിംഗരി റാണി സുരത്കുമാരി എന്നിവരുമുണ്ടായിരുന്നു. രാജകീയ അലങ്കാരങ്ങളോടെ പച്ച പരിഷ്ക്കാരിയായി ആദ്യമായിട്ടാണ് കൈലാസത്തില് ഒരു റാണി സന്ദർശിച്ചത്!
അൽമോറിയിലെ ശ്രീ അൽസിംഗ് ബാബു എ.ഡി.1930-ന് മുമ്പ് രണ്ടോ മൂന്നോ പ്രാവശ്യം കൈലാസം സന്ദർശിച്ചു. എ.ഡി.1931 കാലത്ത് ഇദ്ദേഹംജങ്ങ്തയിലും ദർച്ചനിലുമായി താമസിച്ചു. ആ യാത്രയില് അദ്ദേ ഹം ഉരുളക്കിഴങ്ങും ഗോതമ്പുമാണ് ആഹാരത്തിന് ഉപയോഗിച്ചിരുന്നത്. എ.ഡി.1932-ല് അദ്ദേഹം ക്ഷീണിതനാവുകയും ഭ്രാന്തനായി മരിക്കുകയും ചെയ്തു.
എ.ഡി.1932-ല് പൊളിറ്റിക്കല് ഏജന്റായ വില്ല്യംസണും ലുഡ്ലോയും കൈലാസ് മാനസസരസ്സ് സന്ദർശിച്ചു.
എ.ഡി.1933-ലോ 1934-ലോ സ്വാമി കൃഷ്ണമാചാരി കൈലാസത്തിലേയ്ക്ക് പോകുംവഴിയില് പിടിച്ചുപറിക്കാരാല് കൊല്ലപ്പെട്ടു.
എ.ഡി.1934-ല് കൊൽക്കത്തയിലെ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സഹോദരന് ഉമാപ്രസാദ് മുഖർജി കൈലാസ മാനസസരസ്സ് സന്ദര് ശിച്ച് അദ്ദേഹത്തിന്റെ യാത്രയുടെ വിവരണം കാണിക്കുന്ന ഒരു സിനിമാ ഉണ്ടാക്കി. അരമണിക്കൂര് ദൈർഘ്യം വരുന്ന ഫിലിമിന്റെ ഒരു കോപ്പി പൊതുജനോപകാരത്തിനായി അദ്ദേഹം കൽക്കട്ടായൂണിവേഴ്സിറ്റിക്കു കൊടുത്തു.
എ.ഡി.1935-ല് ഇറ്റാലിയന് പൌരസ്ത്യഭാഷാഗവേഷകന് പ്രൊഫ. ഗുസീപ്പീതൂസി കൈലാസ മാനസസരോവരം സന്ദർശിച്ചു. കൈലാസം സന്ദർശിച്ച രണ്ടാമത്തെ വെളളക്കാരനാണിദ്ദേഹം. ഇദ്ദേഹം കൈലാസത്തെക്കുറിച്ച് സംസ്കൃതത്തില് പുസ്തകങ്ങളെഴുതിയതായി പറയുന്നു.
എ.ഡി.1936-ല് ഭൂഗര്ഭ ഗവേഷകനായ സ്വീറ്റ്സർലണ്ട്കാരന് അർനോൾഡ്ഹിം, ആഗസ്റ്റ്ഗ്യാൽസര് എന്നിവര് സെട്രല് ഹിമാലയത്തില് സന്ദർശനം നടത്തി, ഇതില് രണ്ടാമന്, മാനസഖണ്ഡില് വന്ന് പല ഭൂഗർഭനിരീക്ഷണങ്ങളും നടത്തി.
രാക്ഷസതടാകത്തിന്റെ വടക്ക് പടിഞ്ഞാറേമൂലയില് നിന്ന് ചെളിയോടുകൂടിയ വലിയ ഉറവപൊട്ടി ഉയരുന്നതദ്ദേഹം കണ്ടു. ഈ വലിയ തടാകത്തിന്റെ ഉത്ഭവം ഇവിടെ നിന്നായിരിക്കുമെന്നദ്ദേഹം ഊഹിക്കുന്നു. ഇതിന്റെ വിപരീത ദിശയിലാണിപ്പോള് നദികളൊഴുകുന്നത്. സത്ലജ്നെപ്പറ്റി ഇദ്ദേഹം കൂടുതലന്വേഷണമൊന്നും നടത്തിയല്ല. മൂന്നാം തവണയും ഇവിടം സന്ദർശിക്കുകയും ജർമ്മന് ഭാഷയില് കൈലാസത്തെപ്പറ്റി “ദൈവത്തിന്റെ സിംഹാസനം” എന്ന ഒരു പുസ്തകം എഴുതുകയും ചെയ്തു. അതു പിന്നീട് ഇംഗ്ളീഷിലേക്ക് തർജ്ജിമചെയ്തിട്ടുണ്ട്.
ഇതേവർഷംതന്നെ ഓസ്ട്രിയന് ഭൂഗർഭനിരീക്ഷകന് “ഹെര് ബർട്ട്”ഇവിടം സന്ദർശിക്കുകയും “ദി ഹോളിയസ്റ് മൌണ്ടന് ”എന്ന ഒരു പുസ്തകം കൈലാസത്തെപ്പറ്റി എഴുതുകയും ചെയ്തു,
എ.ഡി.1936-37-ല് ശ്രീ ബ്രഹ്മചാരി “ഓം സത്യം ” തീർത്ഥപുരിയില് ഒരുവർഷത്തോളം താമസിച്ചു. അദ്ദേഹം എ.ഡി.1937 അവസാനമോ 38 ജനുവരിയിലോ മാനസസരസ്സ് പരിക്രമണം നടത്തുകയും മഞ്ഞുകട്ടയില് വഴുതി മാനസസരസ്സിന്റെ വടക്കുകിഴക്കേ മൂലയായ ഗുങ്ങ്തായില് മുങ്ങിമരിക്കുകയും ചെയ്തു.
എ.ഡി.1937-ല് കിലയിലെ ശ്രീനാരായണസ്വാമിജിയുടെ ആരാധകരായ ഒരുകൂട്ടം ഗുജറാത്തി സ്ത്രീകള് കൈലാസമാനസസരോവര പരിക്രമണം നടത്തി. ഇന്ത്യന് സ്ത്രീകളുടെ ആദ്യയാത്രയായിരുന്നത്.
എ.ഡി.1938-ല് ശ്രീമതി ആനന്ദമാവിജി ഈ സ്ഥലങ്ങള് സന്ദർശിച്ചിട്ടുണ്ട്. (ഗുജറാത്തിലെ സ്ത്രീകളുടെ അകൈതവമായ കൃഷ്ണഭക്തി ഞാന് ദ്വാരകാക്ഷേത്രവും, പരിസരവും മറ്റും സന്ദർശിച്ച വേളയില് നേരിട്ട് കണ്ടിട്ടുണ്ട്. ഇത്രയും ആത്മാർത്ഥമായ ഭക്തിവഴിഞ്ഞൊഴുകുന്ന നൃത്ത വും പാട്ടും ഞാന് മറ്റെങ്ങും കണ്ടിട്ടില്ല. വയസ്സായ സ്ത്രീകൾപോലും കൃഷ്ണഭക്തിയില് ലയിച്ച് ആടിപ്പാടി നിർവൃതിയടയുന്നതു കണ്ടാല് കാണികളിൽപോലും അകളങ്കമായ ഭക്തിപ്രവാഹത്തില് ലയിച്ചു പോകും).
എ.ഡി.1940-ല് ശ്രീമതി ഉമാദാറും എം. ബി. എല്. ദാറും, ശ്രീമതി രുഗ്മിണിയും, ദീക്ഷിത്തും കൈലാസ മാനസസരസ്സ് പരിക്രമണം ചെയ്ത് താൽക്കോട്ടിലേക്ക് തിരിച്ചുപോയി. ഇവരാണ് രണ്ടാംതവണ കൈലാസ് മാനസസരസ്സ് പരിക്രമണം നടത്തിയ ഇൻഡ്യന് വനിതകള്.
എ.ഡി.1935 മുതല് ’41 വരെ കിലയിലെ നാരായണസ്വാമിജി അനേകം ആരാധകരേയുംകൂട്ടി 7 വർഷം തുടർച്ചയായി മാനസസരസ്സ് കൈലാസ പരിക്രമണം നടത്തി. കൂടാതെ മാനസസരസ്സിന്റെ തീരത്ത് “മാനസവിശ്രമശാല” എന്ന ഒരു കെട്ടിടം ഉണ്ടാക്കുകയും ചെയ്തു.
എ.ഡി.1941-ല് കൽക്കട്ടയില് നിന്ന് കൈവല്യാനന്ദജിയും ഡൽഹി യില് നിന്ന് ആര്. ഡി. ബൽവാലിയുംകൂട്ടുകാരോടുകൂടി ലിപുലേഖ്പാസ്സ് വഴി വന്ന് കൈലാസ മാനസസരസ്സ് പരിക്രമണവും, കോച്ചാർനാഥും, തീർത്ഥപുരിയും മറ്റും സന്ദർശിച്ച് മടങ്ങിപ്പോയി.
എ.ഡി.1930-’42നു മിടയില് ഒരു ലഡാക്കി ലാമ, കൈലാസത്തി ന്റെ തെക്കെചെരുവില് ആദ്ധ്യാത്മികസാധന ചെയ്തു. ആദ്ദേഹം എ.ഡി. 1942-ല് മരിച്ചു.
എ.ഡി.1942-ല് ക്യാപ്റ്റന് ആര്. കെ. എം. ശേഖര് കൈലാസ പരിക്രമണം ചെയ്തു.
എ.ഡി.1931-ലും ’42-ലും സ്റിൻനര് എന്ന അമേരിക്കന് മിഷണറി ഇവിടെ വന്ന് കൈലാസ മാനസസരസ്സ് പരിക്രമണം നടത്തുകയും മിഷണറി പ്രവർത്തനങ്ങള് നടത്താന് ശ്രമിക്കുകയും ചെയ്തു.
എ.ഡി.1943-നും ’44-നും ഇടയില് “ശ്രീ കൈലാസശരണ ”എന്ന കർണ്ണാടകക്കാരനായ ഒരു ലിംഗായത്ത് കൈലാസം 100 പ്രാവശ്യവും മാനസസരസ്സ് 12 പ്രാവശ്യവും അതിസാഹസികമായി പരിക്രമണം ചെയ്തു. ഈവിധ അത്യദ്ധ്വാനം ടിബറ്റിലെ ചില ബുദ്ധമതവിശ്വാസികള് മാത്രമേ ചെയ്യാറുളളൂ.
എ.ഡി.1944-ല് മദ്രാസിൽനിന്നും റ്റി. എന്. കൃഷ്ണസ്വാമിയും അദ്ദേഹത്തിന്റെ സഹായി കല്ല്യാണസുബ്രഹ്മണ്യവും കൈലാസ മാനസ സരോവര പരിക്രമണം ചെയ്തു. ഇവരാണ് തമിഴ്നാട്ടില് നിന്നുമെത്തിയ ആദ്യ തീർത്ഥാടകര്. എ.ഡി.1945-ല് പക്ഷിനിരീക്ഷകന് ബോംബെക്കാരനായ സലിംഅലി, തീർത്ഥാടകനായി മാനസ്സ്-കൈലാസ് സന്ദർശിച്ചു. എ.ഡി.1946-ല് അദ്ദേഹത്തിന്റെ പര്യവേക്ഷണം പ്രസിദ്ധീകരിക്കുകയും ചെയ്തു.
എ.ഡി.1945-ല് കോയമ്പത്തൂരിൽനിന്ന് റ്റി. എസ്സ്. ബ്ളാക്കിനി കൈലാസ് മാനസസരസ്സില് വന്നെങ്കിലും പാസ്സ്പോർട്ടിന്റെ തകരാറുമൂലം പരിക്രമണം ചെയ്യാന് കഴിയാതെ തിരിച്ചുപോയി.
എ.ഡി.1945-ല് ഗുണ്ടൂരില് നിന്നും ശ്രീമതി ലോപാമുദ്ര എന്ന സ്ത്രീയും കൂട്ടുകാരികളുംകൂടി കൈലാസ് മാനസസരസ്സ് സന്ദർശിച്ചു. ഇവരാണ് ആന്ധ്രായിൽനിന്നും ഇവിടം സന്ദർശിച്ച സ്ത്രീകള്.
എ.ഡി.1947-ല് ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരനായ “കാൽവാള് കൃഷ്ണ ” എന്ന ആള് ഇവിടം സന്ദർശിച്ച് വാട്ടർകളറിലും ഓയിലിലും നല്ല പെയിന്റിങ്ങുകള് ചെയ്തു.
എ.ഡി.1937-48 കാലങ്ങളില് അഹമ്മദാബാദില് നിന്ന് “ഭാസ്കർജി ” മിക്കപ്പോഴും ഇവിടെ വരുകയും കൈലാസ മാനസസരസ്സ് പ്രദക്ഷിണം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം അൽമോറാ കൈലാസ് റൂട്ടില് “ഡിസ്ഹാറ്റില് ” എന്ന ഒരു ആശ്രമം ഉണ്ടാക്കിതാമസിക്കുവാന് പരിശ്രമിക്കുകയുണ്ടായി.
ഗീതാസത്സംഗ ആശ്രമത്തിലെ സ്വാമി വിദ്യാനന്ദസരസ്വതിജി എ.ഡി.1945 കാലങ്ങളില് കൈലാസ് സന്ദർശിച്ചിട്ടുണ്ട്.
എ.ഡി.1948 ആഗസ്റ് 8-ന് മഹാത്മജിയുടെ ചിതാഭസ്മം മാനസ്സില് നിമഞ്ജനം ചെയ്തു. ഗാന്ധിമെമ്മോറിയല് കമ്മിറ്റി ഇവിടെ ഒരു സ്മാര കം പണിയാനുദ്ദേശിച്ചിരുന്നു.
എ.ഡി.1940-ല് കൽക്കട്ടാക്കാരന് ബുദ്ധബോസ,് കൈലാസ്-മാനസസരസ്സ് സന്ദർശനം നടത്തി. വീണ്ടും എ.ഡി.1948-ല് വരുകയും രണ്ടുമണിക്കൂര് നീളുന്ന ഒരു സിനിമ എടുക്കുകയും ചെയ്തു.
എ.ഡി.1928-ല് സ്വാമി പ്രണവാനന്ദജി ആദ്യമായി കൈലാസ് സന്ദർശിച്ചു. എ.ഡി.1935 മുതല് അദ്ദേഹം മാനസസരസ്സിന്റെ തീരത്ത് മാസങ്ങളോളം താമസിക്കുമായിരുന്നു. അദ്ദേഹം 23 പ്രാവശ്യം കൈലാസവും, 25 പ്രാവശ്യം മാനസസരസ്സും ഒരു പ്രാവശ്യം രാക്ഷസതടാകവും പരിക്രമണം ചെയ്തിട്ടുണ്ട്. മാനസസരസ്സിന്റെ തെക്കേതീരത്തുളള “തുഗോല് ഹോ ” എന്ന സ്ഥലത്ത് എ.ഡി.1936- ’37-ല് ഒരു വർഷവും എ.ഡി.1943- ’44-ല് ആറ് മാസവും താമസിക്കുകയുണ്ടായി. അദ്ദേഹം ഇവിടെ നിന്ന് ഉത്ഭവിക്കുന്ന ഗംഗാ, സിന്ധു, ബ്രഹ്മപുത്ര, സരയൂ എന്നീ നദികളുടെ ഉത്ഭവസ്ഥാനങ്ങള് കണ്ടെത്തി; കൈലാസ കൊടുമുടിയുടെ വടക്കും, തെക്കും, കിഴക്കും താഴ്വരയില് എത്തിച്ചേർന്നിട്ടുണ്ട്. രാക്ഷസതടാകത്തിലുളള രണ്ട് ദ്വീപും കണ്ടെത്തി. ഗൌരീകുണ്ഡിലും മാനസസരസ്സിലും മഞ്ഞ്കാലത്തുണ്ടാകുന്ന പ്രകമ്പനങ്ങളെപ്പറ്റി പഠിച്ചു. കപാല തടാകം കണ്ടെത്തി, പുരാവസ്തുക്കള് പലതും ശേഖരിച്ചു. സ്വാമി ആദ്ധ്യാത്മിക സാധനകൾക്ക് വേണ്ടിയാണ് ആദ്യം ഇവിടെ എത്തിയതെങ്കിലും പിന്നീട് അതൊരു സത്യാന്വേഷണമായി മാറി. എ.ഡി.1946, ’47, ’48, ’49 എന്നീ വർഷങ്ങളില് അദ്ദേഹം ബോട്ടില് മാനസസരസ്സിലും ഗൌരീ കുണ്ഡിലും സഞ്ചരിച്ച് വിവരങ്ങള് ശേഖരിച്ച് പ്രസിദ്ധപ്പെടുത്തി.
എ.ഡി.1950-കളില് ചൈന ടിബറ്റിനെ ആക്രമിച്ചു കീഴടങ്ങിയതിനാല് ഇന്ത്യയില് നിന്നും അപൂർവ്വം ചില സന്യാസിമാർക്ക് മാത്രമേ പിന്നീട് കൈലാസത്തില് പോകുവാന് സാധിച്ചുളളൂ. എ.ഡി.1962-ല് ചൈന ഇന്ത്യയെ ആക്രമിച്ചതോടുകൂടി കൈലാസയാത്ര മുടങ്ങി. പിന്നീട് എ.ഡി.1980 മുതലാണ് യാത്ര ആരംഭിച്ചത്. അത് ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യാഗവൺമെന്റ് കൈലാസത്തിലേക്ക് എല്ലാകൊല്ലവും ആളുകളെ തീർത്ഥാടനത്തിന് കൊണ്ടുപോകുന്നുണ്ട്. എന്നാല് പല പ്രൈവറ്റ് ഏജന് സികളും നേപ്പാള് വഴി തീർത്ഥാടകരെ കൊണ്ടുപോകാറുണ്ട്. നേപ്പാൾവഴിയുളള യാത്രയാണ് തീർത്ഥാടകർക്ക് കൂടുതല് സൌകര്യം എന്ന് ഞാന് നേരിട്ട്കണ്ട് മനസ്സിലാക്കി.
കൈലാസത്തിന്റെ കാൽചിലമ്പൊലി
ആർഷഭാരതം എന്ന പേര് ഇന്ന് നിരർത്ഥകമാണ്. കാരണം ഇപ്പോള് ഭാരതത്തില് ഋഷിമാര് വിരലിലെണ്ണാവുന്നവർപോലുമില്ല. എന്നാല് നമ്മുടെ പൂർവ്വികര് ഹിമാലയത്തിലെ മലനിരകളുടെ മുക്കിലും മൂലയിലും പോയി പ്രകൃതിയോട് സംവദിച്ചിരുന്നു. അവര് ഇവിടുത്തെ പ്രകൃതിരമണീയമായ സ്ഥലങ്ങള് കണ്ടുപിടിച്ചു. കൂടാതെ തീർത്ഥാടകര് പോകേണ്ട സ്ഥലങ്ങളെപ്പറ്റി ഒരു അവബോധം ഉണ്ടാക്കി. കയറാന് വയ്യാത്ത മലകള്, പുഴകള്, അരുവികള്,ചതുപ്പുനിലങ്ങള്, ഉറവകള്,വഴികള് എന്നിവക്കെല്ലാം അവര് പേരുനല്കി. വേദങ്ങളും, പുരാണങ്ങളും, ഉപനിഷത്തുക്കളും കവിതയും, കലയും, ജ്യോതിഷവും മറ്റും എഴുതാനുളള പ്രചോദനം ഈ പ്രകൃതി ദൃശ്യങ്ങളാണവർക്ക് നല്കിയത്.
ജഗദ്ഗുരു ആദിശങ്കരാചാര്യര് ജ്യോതിഷ്മഠം ഉണ്ടാക്കിയത് ഹിമാലയത്തിന്റെ ഹൃദയഭാഗമായ ബദരീനാഥിന് തെക്കുഭാഗത്തായാണ് . 8-ാം നൂറ്റാണ്ടിലും 10-ാം നൂറ്റാണ്ടിലും ബുദ്ധമത പ്രചാരണത്തിന് ഹിമാലയ പർവ്വതത്തിന്റെ ശിഖരങ്ങൾതാണ്ടി, ടിബറ്റില് അങ്ങോളമിങ്ങോളം സഞ്ചരിച്ച “ദീപക്ക് കരാശ്രീ ജനാന”യും ശൈലാന്തര രക്ഷിതനും മറ്റും ചെയ്തസേവനങ്ങള് അളവറ്റതാണ്.
മാനസസരസ്സാണ് ഭൂമിശാസ്ത്രത്തില് ആദ്യം അറിയപ്പെട്ട കായല്. ഹിന്ദുക്കളുടെ പുരാണങ്ങളില് ഇതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇത് മനുഷ്യസംസ്കാരം ആരംഭിച്ചത് മുതല് വാഴ്ത്തപ്പെടുന്നു!.
ആജീവനാന്തം ആ പദവി നിലനിർത്തുകയും ചെയ്യും!. ഇപ്പോള് നമ്മുടെ ഇന്ത്യാക്കാരാരും പർവ്വതാരോഹണത്തിനോ, പര്യവേഷണത്തിനോ സമയം കളയാറില്ല. അവര് പണം സമ്പാദിക്കാനുളള വഴികളിലൂടെ യും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ജീവിതം തുലച്ചുകളയുന്നു. എന്നാല് ലോകരാഷ്ട്രങ്ങളില് മിക്കയിടങ്ങളിലും സ്കൂള്, കോളേജ് തല ങ്ങളില് പർവ്വതാരോഹണവും, സ്കേറ്റിംഗും, സ്കയിങ്ങും മറ്റും പഠിക്കു ന്നുണ്ട്. യുവാക്കളും വൃദ്ധരും, കുട്ടികളും മറ്റും ഒഴിവുസമയങ്ങളില് ഈവിധ വിനോദങ്ങളില് ഏർപ്പെടുന്നു. എന്നാല് നമ്മുടെ യുവാക്കള് ഏതെങ്കിലും ഒരു പാർട്ടിയുടെ കൊടിയും താങ്ങിപ്പിടിച്ച് മറ്റുളളവർക്ക് ഉപദ്രവങ്ങളുണ്ടാക്കാന് പണിപ്പെടുന്നു.
പ്രകൃതിയുമായി സംവദിക്കാതെ വളർന്നുവരുന്ന നമ്മുടെ യുവതലമുറ സ്വാർത്ഥികളും പരോപദ്രവകാരികളുമായി മാറുന്ന കാഴ്ച നാമിപ്പോള് കണ്ടുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇപ്പോള് അനീതി നടമാടുകയാണ്. “ആർഷഭാരത”മെന്ന പേര് ഭ്രാന്തഭാരതമെന്നതിന് വഴിമാറിക്കൊടുത്തിരിക്കുന്നു. കാരണം ഇവിടെ കരുണയുടെ ഒരുകണികപോലും കാണാനില്ല. സ്നേഹം എന്തെന്ന് അമ്മയില് നിന്നുപോലും അന്യമായിരിക്കുന്നു. നേരും, നെറിയും,സത്യവും,അഹിംസ യും മറ്റും ഏടുകളില് മാത്രം ജീവിക്കുന്നു. ഇതിനൊരുമാറ്റം ആവശ്യമ ല്ലേ? എങ്കില് ഹിമാലയത്തെ തൊട്ടറിയാന് ഭാരതീയരെ സജ്ജമാക്കണം. ഇന്ത്യന് യൂണിവേഴ്സിറ്റികളില് മലകയറ്റം പാഠ്യപദ്ധതിയുടെ ഒരു ഭാഗമാക്കണം. ഹിമാലയം അവരെ കൊണ്ടുപോയി കാണിക്കുകയും അതില് കയറാന് പരിശീലിപ്പിക്കുകയും ചെയ്യണം. അവരുടെ മനസ്സില് പ്രകൃതിയുടെ കാരുണ്യം നൈർമ്മല്ല്യം വിതറി അവരെ നിസ്വാർത്ഥരാക്കട്ടെ!.
കൈലാസ മാനസസരസ്സുകള് സന്ദർശിച്ച വിദേശീയരുടെ വാക്കുകള് ഞാനിവിടെ കുറിക്കട്ടെ:-
“ഭയഭക്തി സംഭ്രമത്തോടുകൂടി മാത്രമേ കൈലാസത്തിനെ കാണാന് കഴിയൂ. താരതമ്യമില്ലാത്ത, ലോകത്തിലെ ഏറ്റവും കീർത്തികേട്ട പർവ്വതമാണിത്. എവറസ്റ് കൊടുമുടിയോ മറ്റ് കൊടുമുടികളോ ഇതിന് പകരമല്ല.
മാനസസരസ്സ് ശാന്തിയുടേയും പവിത്രതയുടേയും സങ്കേതമാണ്. ലോകത്തിലെ ഒരു ഭാഷയ്ക്കും മാനസസരസ്സിലെ കാഴ്ചകളെ വിവരിക്കത്തക്കശേഷിയില്ല. അവിടുത്തെ വിസ്മയക്കാഴ്ചകള് ഞാന് കണ്ടു. സ്വപ്നതുല്ല്യമായ കാഴ്ചകള് എന്റെ മനസ്സില് മിന്നിമറഞ്ഞുകൊണ്ടിരിന്നു. മാനസസരസ്സിൽകൂടെയുളള എന്റെ ജലയാത്ര മറ്റ് യാത്രകളെ നിഷ്പ്രഭമാക്കി. കൂട്ടംകൂട്ടമായി വാത്തുകള് മുങ്ങാംകുഴിയിടുന്നതും കുമിളകള് തെറിപ്പിക്കുന്നതും നയനമനോഹരമായിരുന്നു. ഈ കാഴ്ചകള് കണ്ട് ഞാന് ശ്വാസമടക്കി ഇരുന്നുപോയിട്ടുണ്ട്. എന്നെ ഇത്രകണ്ട് ആനന്ദതുന്ദിലനാക്കുന്നതിന് മറ്റൊരുതരത്തിലുളള ഘോഷയാത്രകൾക്കും കഴിഞ്ഞിട്ടില്ല. അതിശയകരം! ആകർഷണീയം! ആനന്ദസന്ദായകം! അതാണ് മാനസസരസ്സ്.
ഒരു കഥയുടെ തുടക്കംപോലെ, ഒരു പുരാവൃത്തംപോലെ,കൊടും കാറ്റിന്റെ കളിസ്ഥലംപോലെ, മഴവില്ലിൻതിരപോലെ, മനുഷ്യരേയും ദൈവങ്ങളേയും ആനന്ദസാഗരത്തിലാറാടിക്കുന്ന, തീർത്ഥാടകരെ സമ്പന്നമാക്കുന്ന പുണ്യങ്ങളില് വച്ച് പുണ്യമുളള തടാകം! മാനസസരസ്സ് കായലുകളുടെ രാജാവാണ.് ഏഷ്യയിലെ പഴയ നാവിക•ാര് 4 നദികളെപ്പറ്റി പറയാറുണ്ട്. ഗംഗ, സിന്ധു, ബ്രഹ്മപുത്ര, സരയു ഇവ ആ മഹാഗിരിശൃംഗ ങ്ങളിൽനിന്നും ഉത്ഭവിക്കുന്നു. മാനസസരസ്സ് ഈ ലോകത്തുളള കായലുകളില് രത്നമാണ്! വേദങ്ങളെഴുതിയകാലംമുതൽക്കുതന്നെ ഈ കായല് പരിശുദ്ധിയുടെ പര്യായമാണ്. എത്ര അതിശയിപ്പിക്കുന്ന കായല്! എനിക്ക് അത് വിവരിക്കാന് സാദ്ധ്യമല്ല! എന്റെ മരണദിവസംവരെയും എനിക്ക് ഇതിനെ മറക്കാന് പറ്റില്ല. ഇപ്പോഴും ഒരു സ്വപ്നംപോലെ, ഒരു കവിതപോലെ ഒരു ഭാവഗീതംപോലെ എന്റെ മനസ്സില് തത്തിക്കളിക്കുന്നു. കായലിലെ രാത്രിസഞ്ചാരം എന്റെ ജീവിതത്തില് ഞാന് കണ്ടകാഴ്ചകളെ എല്ലാം അതിജീവിക്കുന്നവയായിരുന്നു. പ്രകൃതിയുടെ ഹൃദയസ്പന്ദനം ആ നിശബ്ദതയിലൂടെ ഞാന് ശ്രദ്ധിക്കുകയായിരുന്നു. അയഥാർത്ഥമായി ചക്രവാളത്തില് കാലം ഇഴഞ്ഞു നീങ്ങുന്നതുപോലെ!. ഭൂമിയില് ഈ യാഥാർത്ഥ്യം കൂടുതല് നിലനില്ക്കാത്തതുപോലെ, ഭൂമിക്കപ്പുറത്ത് അപ്രകാരം പരന്ന്, സ്വർഗ്ഗത്തിനടുത്തേക്ക് വരുന്നതുപോലെ, സ്വപ്നങ്ങളും സങ്കല്പങ്ങളും നല്കുന്നതുപോലെ, പ്രതീക്ഷയും ആകാംക്ഷയും നല്കിക്കൊണ്ട്, ആദ്ധ്യാത്മിക പ്രഭവിതറി നില്ക്കുന്ന സ്വർഗ്ഗരാജ്യം പോ ലെ, പാപികളും അസത്യവാദികളുമടങ്ങുന്ന ഈ ലോക മനുഷ്യസഞ്ചയത്തിന് - മനുഷ്യത്വം മരവിച്ച ഈ ലോകത്തില് ഇങ്ങനെ ഒരു സ്ഥലം കാണാന് കഴിഞ്ഞതിന് ഞാന് സർവ്വേശ്വരനോട് നന്ദിപറയുന്നു. എന്നും ഞാനതിന്റെ തീരത്ത് ജീവിക്കും എന്ന്, എന്നില് സ്ഥിരമായ ഒരു തോ ന്നല്. എന്നാല് ഞാനാതീരത്തുനിന്നും അകലുകയാണ്; വിടപറയുക യാണ്. “ഡോ. ശിൽഹിഡന്.”
മറ്റൊരു വിദേശി “ആഗസ്റ് ഗ്യാൻസര്” പറയുന്നു, “ഏഷ്യയിലെ മതങ്ങള് ഒരു അമ്പലത്തില് എവിടെയെങ്കിലും നിലനിൽക്കുന്നതായി ഞാന് കണ്ടില്ല. സൂര്യപ്രകാശത്താല് കണ്ണഞ്ചിക്കുന്ന ഒരു പാറയും; മഞ്ഞും! അതിന്റെ ഘടനയിലെ മഹത്വവും പ്രത്യേക മാനസികോല്ലാസവും, കൈലാസമാണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മലയെന്ന് ഞാന് പറയും!. പരിശുദ്ധമായ ദൈവത്തിന്റെ ശ്രേഷ്ഠമായ സിംഹാസനമാണിതെന്ന് വിശ്വസിക്കാം.
ഹിന്ദുക്കൾക്കും, ബുദ്ധമതക്കാർക്കും, ജൈനമതക്കാർക്കും ഈ മഹാമേരു, ഒരു പുണ്യസ്ഥലം തന്നെയാണ്. ശിവലിംഗാകൃതിയില് ദൈവത്തിന്റെ പരിശുദ്ധമായ സിംഹാസനമായി പരിലസിക്കുന്ന കൈലാസം ഭൂമിശാസ്ത്രപരമായി തുല്ല്യതയില്ലാത്ത ഒരു സ്തംഭംപോലെ നില്ക്കുന്നു.
തീർത്ഥാടകരില് പലരും കുറച്ചുദിവസം ഇവിടെ തങ്ങി തിരിച്ചുപോകുന്നവരാണ്. എന്നാല് മാനസസരസ്സിന്റെ കരയില് കൈലാസം നോക്കിയോ മാനസസരസ്സ് നോക്കിയോ, ധ്യാനത്തില് ഇരുന്നാല് സാവധാനത്തില് പലതും മനസ്സിലാകും. നാമീ സഞ്ചാരം തുടങ്ങിയതെവിടെനിന്ന്? എവിടെ അവസാനിക്കുന്നു? ആരാണിതിന്റെ കപ്പിത്താന്? അദ്ദേഹം എവിടെ ഇരിക്കുന്നു? ഈ യാത്രയുടെ ഉദ്ദേശമെന്ത്? ലക്ഷ്യമെന്ത്? ഈ ബോട്ടും പ്രൊജക്ടറും തമ്മിലുളള ബന്ധമെന്ത്? ഈവിധകാര്യങ്ങള് നാം ആലോചിച്ചുപോകും!.”
വിദേശീയർപോലും നമിക്കുന്ന കൈലാസ മാനസസരോവരങ്ങളെ, 120 കോടിയോളം വരുന്ന ഭാരതജനതയില് ഒരു ശതമാനംപോലുമാളുകള് സന്ദർശിക്കുന്നില്ലന്നുളളത് കഷ്ടാല് കഷ്ടതരമാണ്. കൈലാസത്തേയും മാനസസരസ്സിനേയും മുഖത്തോടുമുഖം നോക്കി ആസ്വദിക്കുമ്പോള് ഉണ്ടാകുന്ന ഉദാത്തമായ അനുഭൂതി; മറ്റൊന്നിൽനിന്നും നമുക്കുകിട്ടില്ല. മഞ്ഞുപൊതിഞ്ഞ ആ മലയില് മഹേശ്വരന് പാർവ്വതിദേവിയോടുകൂടിയിരിക്കുന്നുണ്ടെന്ന് ഹിന്ദുക്കള് വിശ്വസിക്കുന്നു. എന്നാല് ബുദ്ധമതക്കാര്; ശ്രീബുദ്ധന് അദ്ദേഹത്തിന്റെ 500 ബോധിസത്വ•ാരോടുകൂടി ഇരിക്കുന്നതായി കരുതുന്നു. ഹിന്ദുക്കളും, ബുദ്ധമതക്കാരും, ജൈന•ാരും കൈലാസത്തെ ആരാധിക്കുന്നത് അവിടെ അവരുടെ ദൈവങ്ങളെ നേരില് കണ്ടിട്ടല്ല; പ്രത്യുത; ഈ പ്രകൃതിസൌന്ദര്യത്തെ എല്ലാവരുമംഗീകരിക്കുകയും, ആരാധിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. മാനസസരസ്സിന്റെ തീരത്തുനിന്നും കൈലാസദർശനം നടത്തുന്ന ആരുടെ ഹൃദയ വും ത്രസിച്ചുപോകും!. ഈശ്വരചൈതന്യം വഴിഞ്ഞൊഴുകുന്ന ആ കാഴ്ച മറ്റുളളവർക്ക് പകർന്നുകൊടുക്കാന് വാക്കുകളില്ല!.
പാർവ്വതിയെ ഭദ്രകാളിയാക്കിയാല്?
കൈലാസഗിരി ശൃംഗങ്ങളില് മഞ്ഞുമലരൂപം കൊളളുന്നു. ആ മഞ്ഞ് സൂര്യതാപത്താല് ഒഴുകി ജലമായി താഴേക്കൊഴുകുന്നു. ഇത് സാമാന്യദൃഷ്ടിയില് ഒരു പ്രകൃതിദൃശ്യം മാത്രമാണ്. എന്നാല് നാം നമ്മുടെ മനക്കണ്ണിലൂടെ നോക്കുമ്പോള് ഖരപദാർത്ഥമായിരുന്ന മഞ്ഞ് ദ്രാവകരൂപത്തിലേയ്ക്ക് - ജീവചൈതന്യമായി - സ്വയം ഉരുകിയൊഴുകി വെളളമായി രൂപാന്തരപ്പെട്ട് മാനസസരസ്സിലെത്തുന്നു.
അടിയില് ഗിരിശൃംഗം, അതിനുമുകളില് മഞ്ഞ്, അതിനുമുകളില് കത്തുന്ന സൂര്യന്! ഇവക്കൊന്നും ജീവനുളളതായി നമ്മുടെ സാമാന്യദൃഷ്ടിക്ക് കാണാന് കഴിയില്ല. എന്നാലിവിടെ മഞ്ഞുരുകി വെളളമായി രൂപാന്തരപ്പെടുന്നത് നാം കാണുന്നു. ആ ഒഴുക്കാണ്, ചലനമാണ് ജീവന്റെ സ്ഫുരണം!. അതിന്നാധാരമായി നില്ക്കുന്ന ഈ അചലത്തെ (ഗിരിശൃംഗ ത്തെ) ശിവനായും അതിലൊട്ടിപ്പിടിച്ചിരിക്കുന്ന മഞ്ഞിനെ പാർവ്വതിയായും അവിടെനിന്നും രൂപാന്തരം പ്രാപിച്ച് വെളളമായിവരുന്ന പ്രവാഹത്തെ ഗംഗയായും വിവേകമുളളവർക്ക് കാണാന് കഴിയും. ആ ഗംഗയാണ്; ജലമാണ് - ജീവാമ്യതമായി തീരുന്നത്!. അങ്ങനെ ജീവന്റെ - സൃഷ്ടിയുടെ - തുടക്കം നമ്മുടെ കൺമുമ്പില് വച്ചുതന്നെ അനാവരണം ചെയ്യുന്ന കാഴ്ചയാണ് നാം കൈലാസത്തില് കാണുന്നത്, അതുകൊണ്ടാണ് കൈലാസമാനസസരസ്സ് ദർശനം ഹൃദയഹാരിയാകുന്നതും സ്വപ്നസാക്ഷാത്ക്കാരമായിത്തീരുന്നതും.
ഇവിടെ ഒരു ചോദ്യമുദിക്കാം! വേറെയും മഞ്ഞുമൂടിക്കിടക്കുന്ന ധാരാളം പർവ്വതങ്ങള് ഉണ്ടല്ലോ? അതില് നിന്നൊക്കെയും മഞ്ഞുരുകി വെളളമായി രൂപാന്തരം പ്രാപിക്കുന്നില്ലേ? അപ്പോള് കൈലാസത്തിന്നുമാത്രം എന്താണിത്ര പ്രത്യേകത? പ്രത്യേകതയുണ്ട്! കൈലാസത്തെപ്പോലെ കുത്തനെ മുകളിലേയ്ക്കുയർന്നു നില്ക്കുന്ന ഉയരംകൂടിയ ഗിരിശൃംഗങ്ങള് ലോകത്ത് വേറെയില്ല. അതിന്റെ ചരിഞ്ഞ പ്രതലത്തിലൂടെ മഞ്ഞുരുകിവരുന്നതിന്റെ വേഗതയും ഓംകാരശബ്ദവും മറ്റെങ്ങും കേള് ക്കാറില്ല. നാം സാധാരണ മഞ്ഞുരുകുന്നതും, പുഴയൊഴുകുന്നതും മറ്റും കാണാറുണ്ട്. എന്നാല് നമുക്ക് ആ ഒഴുക്ക് - ആ ചലനം - ജീവന് - കാണാന് കഴിയുന്നില്ല. (ഒഴുകുന്നതു കാണാം - ഒഴുക്ക് കാണാന് കഴിയുന്നില്ല). എന്നാല് കൈലാസത്തിലെ ഒഴുക്ക് നമുക്കുകാണാം; അതാണവിടുത്തെ പ്രത്യേകത.
നാമീകാണുന്ന പ്രകൃതിയാണ്; ചരാചരങ്ങളാണ്, പാർവ്വതി. “പാര്” എന്നാല് ഭൂമി, അതിന് “വതിപ്പ്” പ്രത്യയം വെച്ചിരിക്കുന്നു. ധരിക്കുന്നതെന്നർത്ഥം. മറ്റൊരുവാക്കില് ഭൂമിയെ ആവരണം ചെയ്തുനില്ക്കുന്നത് - പാർവ്വതി.
ഭൂമി, വെളളം, തീയ്യ്, വായു, ആകാശം ഇവയില് ഭൂമി, വെളളം, തീ എന്നിവയെ നമ്മുടെ കണ്ണുകൊണ്ട് നമുക്ക് നേരിൽകാണാം. എന്നാല് വായുവിനേയും, ആകാശത്തേയും നമുക്ക് കാണാന് കഴിയുന്നില്ല. എന്നാലവ ഉണ്ടെന്ന് നമുക്കറിയാം. ശിവപാർവ്വതിമാര് എന്നാല് ജീവനും പ്രകൃതിയും എന്നാണർത്ഥം. അതിൽനിന്നാണീ ലോകസൃഷ്ടി നടക്കുന്നത്. അർദ്ധനാരീശ്വരനെന്ന് ശിവനെ പറയാറുണ്ട്. ദേഹത്തില് പാതി ശിവനും മറുപാതി പാർവ്വതിയും! നമ്മുടെ ഓരോരുത്തരുടേയും ശരീരത്തില് ജീവനുമുണ്ട്, ശക്തിയുമുണ്ട്. ഇവ രണ്ടുംകൂടി സമ്മേളിക്കുമ്പോഴേ ജീവിതം സാർത്ഥകമാവുകയുളളൂ. ജീവനുളള ആളിന്റെ ശരീരം തളർന്നുകിടക്കുകയാണെങ്കില് എങ്ങിനെ പ്രവർത്തിക്കും? അപ്പോളതിൽനിന്നും ജീവന് ശിവനും, ശക്തി പാർവ്വതിയും ആണെന്ന് മനസ്സിലാക്കണം. ജീവന് പോയാലോ? ശവമാകും! പിന്നെ ശക്തിക്ക് ആ ശരീരത്തില് തന്നത്താന് നില്ക്കാന് പറ്റില്ല. അതാണ് കാളിദാസ മഹാകവി വാക്കും അർത്ഥവും പോലെ ജഗത്പിതാക്കളായ പാർവ്വതീപരമേശ്വര•ാര് യോജിച്ചിരിക്കുന്നതായിക്കണ്ട് അദ്ദേഹത്തിന്റെ കാവ്യത്തിലൂടെ പ്രാർത്ഥിക്കുന്നത്!.
സൂര്യനും ചന്ദ്രനും ജീവനുണ്ട്. കാരണം അവരുടെ പ്രവർത്തനം കൊണ്ടാണ് ഈ ലോകത്തിലെ സർവ്വചരാചരങ്ങളും ഉണ്ടായിരിക്കുന്നത്. മരിച്ച ദമ്പതിമാരുടെ ശരീരം സംയോജിപ്പിച്ചാല് പുതിയതായി ഒരു ജീവനുണ്ടാകുന്നില്ല. അതുപോലെതന്നെ സൂര്യചന്ദ്ര•ാര് വെറും ഗോളങ്ങളോ ജീവനില്ലാത്തവയോ ആണെങ്കില് അതിന്റെ പ്രവർത്തനംകൊണ്ട് ജീവികള് ഉണ്ടാവുന്നില്ല.
നാം സാധാരണയായി ജീവനുളളതായി കണക്കാക്കുന്നത് ശ്വാസോഛ്വാസവും ഹൃദയമിടിപ്പും അടിസ്ഥാനമാക്കിയാണ്. ഈ മാനദണ്ഡങ്ങള് മനുഷ്യരിലും, പക്ഷിമൃഗാദികളിലും മാത്രമേ ജീവന്റെ അളവുകോലായി കണക്കാക്കാന് പറ്റുകയുളളൂ.
മരങ്ങളുടേയും മറ്റ് ജീവജാലങ്ങളുടേയും ഹൃദയമിടിപ്പോ, ശ്വാ സോഛ്വാസമോ നാം കണ്ടിട്ടുണ്ടോ? ഇല്ല!. ജന്തുക്കളുടെ തലത്തിലുളള ജീവനല്ല, മരങ്ങളുടേത്! അതുപോലെ, വ്യത്യസ്തമായ ഒരു ജീവതലമാണ്. സൂര്യചന്ദ്ര•ാർക്കും നക്ഷത്രങ്ങൾക്കും മറ്റും ഉളളതെന്നുകാണാം. സൂര്യചന്ദ്ര•ാര് ഭൂലോകത്തിന്റെ അച്ഛനമ്മമാരാണ്!. ഇവരുടെ അഭാവത്തില് ഈ ഭൂമുഖത്തുളള സർവ്വചരാചരങ്ങളും നാമാവശേഷമാകും.
ശാസ്ത്രീയമായി നോക്കുമ്പോള് സൂര്യചന്ദ്ര•ാരില് അടങ്ങിയിരിക്കുന്നത് കല്ലോ, മണ്ണോ, ലോഹങ്ങളോ ആകാം. മനുഷ്യനില് രക്തവും, മാംസവും, മജ്ജയും മറ്റും അടങ്ങിയിരിക്കുന്നതുപോലെ, മരങ്ങളില് തടിയും, ഇലയും, ചില്ലകളും മറ്റും ഉളളതുപോലെ; എന്നാലതിന്റെ ജീവഭാവം നാം കണ്ടറിയേണ്ടതുണ്ട്. ആ ജീവഭാവത്തെ കണ്ടെത്തുന്നതിനെയാണ് ആദ്ധ്യാത്മികമെന്ന് പറയുന്നത്. ശരീരഭാവത്തെ വിശകലനം ചെയ്യുന്നത് ശാസ്ത്രപരം; ജീവനെ വിശകലനം ചെയ്യുന്നത് ആദ്ധ്യാത്മികം. ഋഷിമാര് പുരാണങ്ങളില് പല പരാമർശങ്ങളും നടത്തിയിട്ടുണ്ട്. അതായത് ഹിമവാനെന്ന പർവ്വതത്തിന്റെ പുത്രിയാണ് പാർവ്വതി എന്ന്. നമുക്ക് ശാസ്ത്രദൃഷ്ടിയിലൂടെ നോക്കുമ്പോഴത് അസാദ്ധ്യമായ; അല്ലെങ്കില് അസംഭവ്യമായ ഒരു പ്രസ്താവനയായി കാണാം. ഒരിക്കലും ഒരു തലത്തിലും മനുഷ്യനത് ഉൾക്കൊളളാന് കഴിയില്ല. അതായത് മേനകയെന്ന സ്വർലോകസുന്ദരിയില് ഹിമവാന്പിറന്ന മകള് - പാർവ്വതി. നമ്മു ടെ ദൃഷ്ടിയില് പർവ്വതം ഒരു ജീവനില്ലാത്ത വസ്തുവാണ്. അതിന്റെ ചലനങ്ങള് നമ്മുടെ ദൃഷ്ടിക്ക് ഗോചരമല്ല. അപ്സരസ്ത്രീകളെ നാം കണ്ടിട്ടുമില്ല. പാർവ്വതിയെ നാം അറിയില്ല, കണ്ടിട്ടില്ല. എന്നാല് പാർവ്വതിയാണ് പ്രകൃതിയെന്ന് ആദ്ധ്യാത്മികവീക്ഷണമുളളവര് കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയെപ്പറ്റി നമുക്കറിയാം. ഇവിടെ ജീവനുളളതും ഇല്ലാത്തതുമായി പലതുമുണ്ട്. നമ്മുടെ ദൃഷ്ടിയില് കല്ലിനും, മണ്ണിനും വെളളത്തിനുമൊന്നും ജീവനില്ല. മരങ്ങൾക്ക് ജീവനുണ്ടെന്ന്, അവ വളരുന്നതുകൊണ്ടും ശാസ്ത്രജ്ഞ•ാരുടെ കണ്ടെത്തൽകൊണ്ടും നാം വിശ്വസിക്കുന്നു. എന്നാല് ഭൂമിക്ക് ജീവനുണ്ടെന്ന് പറഞ്ഞാല് ആരെങ്കിലും വിശ്വസിക്കുമോ?
ഹിന്ദുപുരാണങ്ങളില് ഭൂമിയെ ദേവിയായി സങ്കൽപിച്ചിരിക്കുന്നു. ഭൂമിദേവി തന്റെ ബുദ്ധിമുട്ടുകളെപ്പറ്റി ദേവ•ാരെ അറിയിച്ചിരുന്നതായി പുരാണങ്ങള് ഉത്ഘോഷിക്കുന്നു. നാം ആവിധ പ്രസ്താവനകളുളള പുരാണങ്ങള് അവിശ്വസനീയമായി കണക്കാക്കുന്നു. കാരണം നാം ജീവനുളള തായി കണക്കാക്കുന്ന വസ്തുക്കൾക്ക് ശ്വാസോഛ്വാസവും ഹൃദയമിടിപ്പുമുണ്ടാകണം. അല്ലാതെ നാം വിശ്വസിക്കില്ല. മരങ്ങൾക്ക് ജീവനുണ്ടെന്ന് ശാസ്ത്രജ്ഞ•ാര് തെളിയിച്ചിട്ടുണ്ടെങ്കിലും സാമാന്യ ജനങ്ങൾക്കത് അത്ര ദഹിച്ചിട്ടില്ല, അവര് വിശ്വസിച്ചിട്ടില്ല. എല്ലാവരും പറയുന്നതിനെ - അംഗീകരിക്കുന്നതിനെ - അവരുമംഗീകരിക്കുന്നു എന്നുമാത്രം!
ഭൂമി ഉരുണ്ടതാണെന്നും മണിക്കൂറില് 1000 കിലോമീറ്റര് വേഗത്തില് തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞ•ാര് പറയുന്നു. അതു നാം വിശ്വസിക്കുന്നുണ്ടെങ്കിലും വാസ്തവത്തില് നമുക്ക് നേര് ക്കാഴ്ചയിലത് അനുഭവത്തില് കാണുന്നില്ല. അങ്ങനെ കാണുന്നില്ലെങ്കി ലും ദിനരാത്രങ്ങളെകൊണ്ടും, കാലാവസ്ഥാവ്യതിയാനങ്ങളെകൊണ്ടും മറ്റും നാമൊരുപരിധിവരെ ആ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ അംഗീകരിക്കുന്നു.
മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് അതിന്റെതായ പരിമിതികളുണ്ട്. 1000 ഇ -ല് തിളയ്ക്കുന്ന വെളളത്തില് വേണമെങ്കില് നമുക്കൊന്ന് തൊട്ടുനോക്കി ചൂടറിയാം. എന്നാല് 10000 ഇ - ല് തിളയ്ക്കുന്ന ഒരു ലോഹമിശ്രിതത്തില് നമുക്ക് തൊട്ടുനോക്കി അതിന്റെ താപനില നിർണ്ണയിക്കാന് കഴിയില്ല. അതിന് ഉപകരണങ്ങളുടെ സഹായം വേണം. അതുപോലെ നമ്മുടെ കണ്ണുകൾകൊണ്ട് കാണുന്നതിന് ഒരു പരിധിയുണ്ട്. അതിന്നപ്പുറമുളള കാഴ്ചകൾക്ക് തൃമ്യ യും മറ്റും ഉപയോഗിച്ചാണ് നാം ശാസ്ത്രീയമായി കാണുന്നത്. അതിനെ നാം വിശ്വസിക്കുന്നുണ്ട്. അതുപോലെ നമ്മുടെ ചെവിക്ക് 20നും 20,000നും ഇടയിലുളള പ്രകമ്പനങ്ങളെ മാത്രമെ അറിയുവാന് കഴിയുന്നുളളു. 20ന് താഴെയുളളത് പട്ടി മുതലായ ജീവികൾക്കും 20,000ന് മുകളിലുളളത് വവ്വാല് മുതലായ ജീവികൾക്കും മാത്രമേ കേൾക്കാന് കഴിയുകയുളളൂ. അതിനും പരിമിതികളുണ്ട്. അപ്പോള് 20,000ന് മുകളില് പ്രകമ്പനങ്ങളുളള ശബ്ദങ്ങളൊന്നും നാം കേൾക്കുന്നില്ല, കേള് ക്കാന് പറ്റില്ല. നമുക്ക് മണത്തുനോക്കിയാല് ഗന്ധമറിയാന് പറ്റും. അതിനുമുണ്ട് പരിമിതി. അതിനപ്പുറമുളള ഗന്ധങ്ങളെ നമ്മുടെ മൂക്കുകൊണ്ടറിയാന് കഴിയില്ല. അതുപോലെ നമ്മുടെ രുചിയറിയുന്ന നാക്കിനും പരിമിതികളുണ്ട്. പൊട്ടാസ്യം സയനൈഡിന്റെ രുചിയറിയാന് ശ്രമിച്ചയാള് പെട്ടെന്ന് മരിച്ചുപോയി. അയാൾക്ക് ‘ട’ എന്ന് രേഖപ്പെടുത്താന് മാത്രമേ കഴിഞ്ഞുളളൂ.നമ്മുടെപഞ്ചേന്ദ്രിയങ്ങൾക്ക്അപ്രാപ്യമായിഅപ്പുറത്ത്
കിടക്കുന്ന വസ്തുക്കളെ നമുക്ക് ഗ്രഹിക്കാന് കഴിയുന്നില്ലെന്നുളള കാരണത്താല് അവഗണിക്കുവാനോ അവിശ്വസിക്കാനോ കഴിയുമോ? അങ്ങിനെ അവിശ്വസിക്കുന്നത് അറിവുകേടല്ലേ?
നമുക്ക് ജീവനുണ്ട്! എന്നാല് നമുക്കതിനെ കാണാന് കഴിയുന്നില്ല. മരിച്ചു എന്നുകരുതുക, അപ്പോള് ജീവൻപോയ (വേർപെട്ട) ശവമവിടെ കിടക്കുന്നുണ്ട്. അതിന്റെ അടുത്തുതന്നെ ശരീരംവിട്ട ജീവന് നില്ക്കുന്നുണ്ട്. എന്നാല് നാമത് കാണുന്നില്ല. ശരീരത്തില് നമുക്ക് ജീവനുളളപ്പോഴും, ശരീരത്തില് നിന്നും ജീവൻവിട്ട് തനിയായി നിന്നപ്പോഴും നമുക്കതിനെ കാണാനുളള കണ്ണില്ല (കഴിവില്ല). ഇതിൽനിന്നും നാം മനസ്സിലാക്കേണ്ടത് നമുക്ക് പഞ്ചേന്ദ്രിയങ്ങളിൽകൂടി കിട്ടുന്ന അറിവുമാത്രമേയൂളളൂ; മറ്റൊരു തരത്തിലും നമുക്ക് വസ്തുക്കളെ അറിയാനുളള കഴിവില്ല, എന്നതാണ്. നമുക്ക് കാണാന് കഴിയാത്തതുകൊണ്ട്, ജീവിച്ചിരിക്കുന്നഒരാളില് ജീവനില്ലെന്ന് സമർത്ഥിക്കാന് ശ്രമിച്ചാലത് അപഹാസ്യമാകും!.
ഭൂമിദേവി, സ്ത്രീകളെപ്പോലെ ഋതുമതി ആവാറുണ്ടെന്ന് പറയുന്നു. തിരുവാതിര, പുണർതം, പൂയം എന്നീ 3 ദിവസങ്ങളിലാണത്രേ അത്. അതുപോലെ കല്ലുകളില് ആണ്, പെണ്, നപും:സകം എന്നീ 3 തരമുണ്ട്. അങ്ങിനെ നോക്കുമ്പോള് നാം കാണുന്ന ഈ ചരാചരവസ്തുക്കള് ക്കെല്ലാം ജീവനുണ്ടെന്നുളളതാണ് സത്യം. വെളളത്തില് ജലജീവികളും സസ്യങ്ങളും വളരുന്നു. വെളളത്തിന് ജീവനുളളതുകൊണ്ടാണവ വളരാന് കാരണം. അപ്പോള് ഈ പ്രപഞ്ചത്തില് ജീവന് എല്ലാറ്റിലും നിറഞ്ഞിരിക്കുന്ന വസ്തുതയാണെന്ന് കാണാം. ഈ ജീവനെയാണ് ആദ്ധ്യാത്മിക ചിന്താഗതിക്കാര് ഈശ്വരന്, ദൈവം എന്നെല്ലാം പറഞ്ഞ് ആരാധി ക്കുന്നത്.
അതുകൊണ്ടാണ് മതങ്ങളെല്ലാം ഒരേസ്വരത്തില്, ഈ പ്രപഞ്ചവസ്തുക്കളെല്ലാം ഏകോദര സഹോദരങ്ങളാണെന്നും, ഒന്നിനേയും നശിപ്പിക്കരുതെന്നും, ഏവരേയും തന്നെപ്പോലെതന്നെ സ്നേഹിക്കണമെന്നും ഉദ്ബോധിപ്പിച്ചിരിക്കുന്നത്!.
നാം ഈ ലോകത്ത്കാണുന്ന വസ്തുക്കളെ നമ്മുടെ അറിവനുസരിച്ച് തരംതിരിച്ച് കാണുന്നതിനാല് എല്ലാം വേർപ്പെട്ട് നില്ക്കുന്നതായി തോന്നുന്നു. ഈ തോന്നല് ശരിയല്ലെന്ന് മേൽകാണിച്ച കാര്യങ്ങള് ചിന്തിച്ചാല് മനസ്സിലാകും. അങ്ങിനെ നാം കാര്യങ്ങള് മനസ്സിലാക്കിക്കഴിഞ്ഞാല് ഈ ലോകം ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാന് തയ്യാറാകും. സ്നേഹമെന്ന ഒരേയൊരു വികാരംമാത്രം ഈ ലോകത്ത് നിലനില്ക്കുമെന്ന് നമുക്ക് കാണുവാന് കഴിയും.
ശ്രീകൃഷ്ണന്, ശ്രീബുദ്ധന്. ശ്രീയേശു, നബിതിരുമേനി ഇവരുടെയൊക്കെ സന്ദേശങ്ങള് സ്നേഹ സന്ദേശങ്ങളാണ്. അവര് ജീവിതത്തെപ്പറ്റി ചിന്തിക്കുകയും, സന്തോഷപ്രദമായ ജീവിതത്തിന്റെ അടിവേരുകള് തേടുകയും, സ്നേഹമാണ് അതെന്ന് കണ്ടെത്തുകയും ചെയ്തു.
ഈ കാണുന്ന പ്രപഞ്ചത്തില് നിറഞ്ഞുനില്ക്കുന്നത് ജീവത്പ്രവാഹമാണ്. അതിലെ ഒരു തുളളിയാണ് നാമോരോരുത്തരും. നമ്മിലെ ജീവപ്രവാഹം നിലയ്ക്കുമ്പോള് നാം ശവമായി മാറുന്നു. ആ ശവം, പ്രകൃതിയില് ലയിക്കുകയും വീണ്ടും ജീവപ്രവാഹത്തിന്റെ വിത്തായി, പഞ്ചഭൂതങ്ങളിലൂടെ മാറുകയും ചെയ്യുന്നു. അങ്ങിനെ അന്യൂനമായ ഈ ജീവപ്രവാഹം എന്നും മാറാതെ - മരിക്കാതെ - നിലനില്ക്കുന്നു. എന്നാല് നമുക്ക് ജീവനുളളവ മരിക്കുന്നതായും, പുതിയവ ഉണ്ടാകുന്നതായും അനുഭവപ്പെടുന്നുണ്ട്. ഈ മരിച്ചവര് തന്നെയാണോ വീണ്ടുമുണ്ടാവുന്നതെന്ന് നമുക്കറിയില്ല. കാരണം, മരിക്കുമ്പോള് ശരീരം മണ്ണടിയുന്നു. ആ ശരീരം വീണ്ടും അതുപോലെ രൂപംകൊളളില്ലെന്നുളളത് ശരിയാണ്. എന്നാല് മരിച്ചപ്പോള് നമ്മിലുണ്ടായിരുന്ന ജീവന് പുറത്ത് പുതിയശരീരത്തെ തേടി നില്ക്കുന്നത് നമുക്ക് കാണാനും അനുഭവിക്കാനും കഴിയുന്നില്ല. അതുകൊണ്ട് ആ ജീവന് പുനർജനിക്കുന്നതിനെപ്പറ്റി നമുക്കറിയാന് കഴിയുന്നില്ല. എന്നാല് നമ്മില് നിന്നും പുറത്ത്പോകുന്ന ജിവന്, നാം ജീവനോടെ വർത്തിച്ചപ്പോഴുണ്ടായിരുന്ന അതേ ജീവൻതന്നെയാണെന്ന് സംശയിക്കേണ്ടതില്ല. നാം ജീവനോടെ ശരീരിയായി നടന്നിരുന്നപ്പോഴും നമ്മുടെ ചുറ്റും ജീവന്റെ പ്രവാഹം ഇടതടവില്ലാതെ ഉണ്ടായിരുന്നു.
അപ്പോള് നമ്മുടെ ശരീരം ഉപേക്ഷിച്ച ജീവന് ഈ പ്രവാഹത്തിലേക്ക് ലയിക്കുകയായിരുന്നെന്നു കാണാം. നദിയുടെ പ്രവാഹത്തില് മഴത്തുളളികള് ലയിച്ച് നദിയായിത്തീരുന്നതുപോലെ! ലയിച്ചുകഴിഞ്ഞാല് പിന്നെ വ്യക്തിത്വമില്ല. എല്ലാം ഒന്നായി ആ ഒന്നില് നിന്നാണ് വീണ്ടും വ്യക്തികള് ജനിക്കുന്നത്. ഇതിൽനിന്നും ഒരേഒരു ജീവപ്രവാഹത്തിന്റെ സ്ഫുരണകളാണ് നാം കാണുന്ന വ്യക്തികളും, വസ്തുക്കളുമെന്ന് കാ ണാന് പ്രയാസമില്ല.
അതാണ് നമ്മുടെ ഋഷീശ്വര•ാര് പണ്ടേയ്ക്കുപണ്ടേ ഒന്നിന്റെ പരിണാമമാണ് (ഈശ്വരന്റെ) ഈ കാണുന്ന ജഗത് മുഴുവനെന്ന് ഉദ്ഘോഷിച്ചത്. ഈ കാര്യങ്ങള് ചിന്താശീലമുളള മനുഷ്യർക്ക് മാത്രമേ മനസ്സിലാക്കുവാന് കഴിയൂ. മറ്റ് ജീവജാലങ്ങൾക്കൊന്നും തിരിച്ചറിവില്ല. എന്നാല് തിരിച്ചറിവുളള മനുഷ്യന് വെറും ഭൌതിക കാര്യങ്ങള് മാത്രം തേടി-സ്വന്തം കാര്യംമാത്രം നോക്കി - ജീവിക്കാനാഗ്രഹിക്കുമ്പോള് അത് ഈ ലോകത്തിന് പലവിധത്തിലുളള ക്ഷതങ്ങള് ഉണ്ടാക്കുന്നു. മറ്റ് പലർക്കും അസഹനീയമായി തോന്നുന്നു. സന്തോഷത്തിനു പകരം സന്താപമുണ്ടാക്കുന്നു. ഇത് അടിസ്ഥാന തത്വമായ സ്നേഹസാഗരത്തിന് വിലങ്ങുതടിയായി-ശാപമായി-മാറിയിരിക്കുന്നു! ഇതിന് മാറ്റം വരണമെങ്കില് നാം ഒന്നില് നിന്ന് ഉണ്ടായവരാണെന്നുളള വിവേകം എല്ലാവരിലും വളർത്തിയെടുക്കാന് നമുക്ക് കഴിയണം. അതിനുളള വിദ്യാഭ്യാസം നാം ഏവർക്കും നല്കണം. അതിന് കഴിയാത്തിടത്തോളംകാലം നാം എന്തെല്ലാം കണ്ടുപിടുത്തങ്ങള് നടത്തിയാലും, എത്രത്തോളം സുഖലോലുപരായാലും അത് മറ്റുളളവർക്കും, മറ്റുജീവജാലങ്ങൾക്കും പ്രപഞ്ചത്തിന്നു തന്നെയും നാശം വിതയ്ക്കുന്നവയായിരിക്കുമെന്നുളളതില് സംശയത്തിന്നവകാശമില്ല.
ജനനമരണങ്ങള് ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. ലോകമഹായുദ്ധങ്ങളും, പ്രകൃതിക്ഷോഭങ്ങളും മൂലം, കൂട്ടംകൂട്ടമായി ജനങ്ങ ളും ജന്തുക്കളും തിരോഭവിക്കുന്നു. എന്നാല് തൽസ്ഥാനത്ത് പുതിയവ ഉണ്ടായിവരുന്നു. നാം ഈ പ്രക്രിയ നേരില് കാണുന്നുണ്ടെങ്കിലും അത് ഉൾക്കൊളളാറില്ല. മരണം അനുപേക്ഷണീയമാണെന്നറിയാമെങ്കിലും അത് നമ്മെ ഉടനെയെങ്ങുംവന്ന് പിടികൂടുകയില്ല എന്നതാണ്, നാം ഓരോരുത്തരുടേയും ചിന്ത. എന്നാല് മരണസമയം പ്രവചനാതീതമാണ്. എപ്പോ ഴും അത് സംഭവിക്കാം. മരണശേഷം നാം ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്നതോ മുൻപ് ചെയ്തിരുന്നതോ തുടരാമെന്ന് വിചാരിക്കരുത്. ഈ ശരീരം ശവമായി കഴിഞ്ഞാല്, ജീവന് പ്രപഞ്ചജീവപ്രവാഹത്തില് ലയിക്കുന്നു. അതോടുകൂടി നമ്മുടെ വ്യക്തിത്വം അവസാനിക്കുന്നു. പിന്നീട് രൂപംകൊളളുന്ന വ്യക്തി ഈ പഴയ വ്യക്തിയുടെ തുടർച്ചയായിരിക്കില്ല. നമുക്ക് ആ പുതിയ സൃഷ്ടിയുടെ കാര്യത്തെപ്പറ്റി അറിയില്ല. എന്നാല് പ്രവൃത്തിക്ക് ഫലമുണ്ടെന്നുളളത് നമുക്ക് നേരിട്ട് ബോദ്ധ്യമുളളതാണ്. ഊണ് കഴിച്ചാല് വയര് നിറയും. അതുപോലെ നാം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും അതിന്റെതായ ഫലങ്ങളുമുണ്ടാകും. ഒന്നും ചെയ്യാതിരിക്കാന് ആർക്കും കഴിയില്ല. കാരണം മനസ്സ്, വാക്ക്, ശരീരം ഇവ മൂന്നുകൊണ്ടും കർമ്മങ്ങളുണ്ടാകും. ശാരീരികമായി ഒന്നും ചെയ്യാതിരുന്നാലും വാക്കുകൊണ്ടോ, മനസ്സുകൊണ്ടോ ചെയ്യുന്ന കർമ്മങ്ങൾക്കും ഫലങ്ങളുണ്ട്. അത് നമുക്കറിയാം ഈ കർമ്മഫലങ്ങള് മരണത്തോടുകൂടി മണ്ണടിയുമോ? ഇല്ല, കാരണം നാം ഒരു മുളച്ച മാങ്ങയണ്ടി കുഴിച്ചിട്ടതിനു ശേഷമാണ് മരിച്ചതെന്നുകരുതുക. ആ മാവ് വളർന്ന് ഫലങ്ങള് പൊഴിക്കുവാന് തുടങ്ങും. ആ ഫലം മരിച്ചയാളിന്റെ കർമ്മത്തില് നിന്നുമുണ്ടായതാണ്. മാങ്ങ മരിച്ചയാൾക്ക് ഭക്ഷിക്കാന് കഴിയുന്നില്ലെങ്കിലും, ആ മാങ്ങ ഭക്ഷിക്കുന്നവര് മനസ്സുകൊണ്ടെങ്കിലും ആ കർമ്മംചെയ്തയാളെ ചിന്തിക്കാതിരിക്കില്ല. ആ ചിന്തയുടെ ഫലം മരിച്ചുപോയ ആളെ -മരിച്ച ആളിന്റെ ജീവനെ - സ്വാധീനിക്കും. അതുകൊണ്ടാണല്ലോ ജനനാൽത്തന്നെ ചിലര് വികലാംഗരായിട്ടും, രോഗികളായിട്ടും ഭൂജാതരാകുന്നത്! മറ്റുചിലര് തടിമിടുക്കുളളവരും, രാജകീയ സുഖങ്ങളും അനുഭവിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന കാഴചയല്ലേ! കർമ്മഫലം ഇല്ലായിരുന്നുവെങ്കില് സൃഷ്ടിയില് എല്ലാവരും ഒരുപോലെ ആയിരിക്കേണ്ടതല്ലേ? അപ്പോള് കർമ്മഫലമാണ് ജീവികളുടെ ജ•കാരണമെന്ന് നാം മനസ്സിലാക്കണം. കർമ്മം നന്നായാല് ജ•വും നന്നാവും, പരോപകാരം ചെയ്താല് പാപിയാകില്ല. സ്നേഹിച്ചാല് നമുക്കും സ്നേഹം തിരിച്ചുകിട്ടും. എന്നാല് സ്നേഹത്തിന് വകഭേദങ്ങളുണ്ട്. അവിടെയാണ് പ്രശ്നം.
നാമിപ്പോള് മക്കളെ വളർത്തുന്നുണ്ട്. അവര് വളർന്ന് വലുതാകുമ്പോള് നമ്മെ സംരക്ഷിക്കുമെന്നുളള ഒരു പ്രത്യാശയോടുകൂടിയാണവരെ വളർത്തുന്നത്. ആ പ്രത്യാശ ഏറിയകൂറും ശരിയായിക്കൊളളണമെന്നില്ല.ശരിയാകാതെ വരുമ്പോള് നാം ദുഃഖിതരാകും. അപ്പോള് ദുഃഖകാരണം നമ്മുടെ പ്രത്യാശയാണെന്ന് കാണാം. അതേസമയം കോഴി മുതലായ ജന്തുക്കള് മക്കളെ ജീവനുതുല്ല്യം സ്നേഹിച്ച് വളർത്താറുണ്ട്. എന്നാലവര് മക്കളില് നിന്നും ഒന്നും കാംക്ഷിക്കുന്നില്ല. അപ്പോള് സ്നേഹത്തിന് വിലങ്ങുതടിയായി വരുന്നത് പ്രതിഫലം കിട്ടണമെന്നുളള ഉദ്ദേശത്തോടുകൂടി നാം ചെയ്യുന്ന പ്രവർത്തികളാണ്. നമ്മുടെ മാനസികസ്ഥിതി മാറ്റിയെടുത്താല്, ഞാന് ചെയ്യേണ്ടത് ചെയ്തു; ഇനി, വരുന്നത് വരട്ടെ! എന്ന ധൈര്യത്തോടുകൂടി വർത്തിക്കാന് കഴിയണം. അപ്പോള് ക്ളേശിക്കേണ്ടി വരില്ല.
ഈ ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല് എത്രയെത്ര ചക്രവർത്തിമാര്, പ്രഭുക്ക•ാര്, രാജാക്ക•ാര്, പണ്ഡിത•ാര് ജീവിച്ചു മരിച്ചു! അവരാരെങ്കിലും മരിക്കുമ്പോള് എന്തെങ്കിലും കൊണ്ടുപോയിട്ടുണ്ടോ? അവരില് പലരും പലയുദ്ധങ്ങളും കലാപങ്ങളും നടത്തി കോടിക്കണക്കിന് ആളുകളേയും, ജന്തുക്കളേയും മറ്റും കൊന്നൊടുക്കിയവരാണ്. പലതും നേടിയെന്ന് സ്വയം അഭിമാനിച്ചവരാണ്. നമുക്കറിയാം, ആരുമൊന്നും നേടിയിട്ടില്ല, ഒന്നും നേടാന് പോകുന്നില്ല എന്ന്!.
ഇപ്പോഴും ലോകജനത തിരക്കുപിടിച്ചോടിക്കൊണ്ടിരിക്കുകയാണ്. ആർക്കും ഒന്നിനും സമയം തികയുന്നില്ല. അവർക്ക് വയറാണ് വലുത്. അതിന്റെ പൂരണത്തിന് വേണ്ടി അവര് ഭൂലോകത്ത് അനവരതം ചുറ്റിത്തി രിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല് അതിന്റെ ക്ഷണികത, നിസ്സാരത- അവര് മനസ്സിലാക്കുന്നില്ല, മനസ്സിലാക്കുവാന് ശ്രമിക്കുന്നില്ല. മനുഷ്യരൂപത്തിലുളള മൃഗങ്ങളെന്നല്ലാതെ അവരെ എന്തുവിളിക്കാന്?.
മനനശീലം - ചിന്താശീലം - ഉളളവനെന്നാണ് മനുഷ്യനെന്ന വാക്കുകൊണ്ടർത്ഥമാക്കുന്നത്. എന്നാലത് മനസ്സിലാക്കാതെ - ചിന്തിക്കാതെ ജീവിതം വ്യർത്ഥമാക്കികളയുന്നതുകാണുമ്പോള് കഷ്ടം തോന്നിപ്പോകുന്നു. ജീവിതം സഫലമാകണമെങ്കില് പ്രകൃതിയെ (പാർവ്വതിയെ) സ്നേഹിക്കണം. എന്നാല് ചൂഷണം (പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങള്) അസഹനീയമായാല് പാർവ്വതിയുടെ ഭാവം മാറും. പാർവ്വതി ഭദ്രകാളിയായി മാറും, പിന്നെ പിടിച്ചാല് കിട്ടില്ല. ഈ ഭൂലോകം മുഴുവന് ചുട്ടു ചാമ്പലാക്കിക്കളയും. അതുകൊണ്ട് എല്ലാവരും പ്രകൃതി രമണീയമായ സ്ഥലങ്ങള് സന്ദർശിച്ച്, പ്രകൃതിയെ സ്നേഹിച്ച്, ഹൃദയത്തിലടിഞ്ഞുകൂടിയിരിക്കുന്ന കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യാദികള് അകറ്റി മനസ്സിനെ ശുദ്ധമായ ഗംഗാജലംപോലെ നിർമ്മലമാക്കണം. കുട്ടികളുടെ ഹൃദയംപോലെ കളങ്കരഹിതമാക്കണം. എങ്കില് മാത്രമേ ജീവിതലക്ഷ്യ ത്തിലെത്താന് പറ്റൂ. മനസ്സുഖമാണ്, മനസ്സമാധാനമാണ്, ശാന്തിയാണ് നാം ആഗ്രഹിക്കേണ്ട - എത്തിച്ചേരേണ്ട പരമപദം!. അതിനേറ്റവുമുചിതം കൈലാസ മാനസസരസ്സ് സന്ദർശനമാണ്. അത് ഭൂമിയില് ജഗദീശ്വരന് നമുക്കുവേണ്ടി വിരചിച്ച സ്വർഗ്ഗമാണ്!!.
അവതാരിക
ഇതിഹാസങ്ങളിലൂടെയും പുരാണങ്ങളിലൂടെയും സനാതനധർമ്മവിശ്വാസികൾക്ക് അദ്ഭുതരസഗിരിശൃംഗമാണ് കൈലാസം. ഈ മഹാവിസ്മയത്തിന്റെ പ്രത്യക്ഷദർശനത്തില് ആനന്ദാന്ദോളിതഹൃദയനായ ഒരു കവിയുടെ ‘സദ്യഃ പരനിർവൃതി’യിൽനിന്നുണ്ടായ കാവ്യാത്മകവിവരണമാണ് “ശിവകൈലാസം.”
കൃതിയുടെ ആദിമുതല് അവസാനംവരെ അനുവാചകരെ ആകാം ക്ഷയുടെയും ആനന്ദത്തിന്റെയും മുനയില് നിർത്തുന്നതില് ശ്രീ. മൂണ്ടൂര് ശിവൻകുട്ടി നായര് സ്തുത്യർഹമായ രീതിയില് വിജയിച്ചിരിക്കുന്നു.
ഭൂമിശാസ്ത്രപരമായി കൈലാസത്തിന്റെ കിടപ്പും അവിടേയ്ക്കുളള വഴികളും ദൂരവും, കൈലാസദര്ശനപുണ്യം, മാനസസരസ്സിലെ മായക്കാഴ്ചകള്, രാക്ഷസതടാകത്തിന്റെ സവിശേഷതകള്, മാനസസരസ്സിലെ മഹായുദ്ധം, മാനസഖണ്ഡിലെ മറ്റുചില വിശേഷങ്ങള്, കൈലാസം സന്ദർശിച്ച മഹാരഥ•ാര്, കൈലാസത്തിന്റെ കാൽച്ചിലമ്പൊലി, പാർവ്വതിയെ ഭദ്രകാളിയാക്കിയാല് എന്നീ ശീർഷകങ്ങളിലൂടെയാണ് വിവരണം നീങ്ങുന്നത്.
ഭൂമിശാസ്ത്രപരമായി കൈലാസത്തിന്റെ കിടപ്പും അവിടേയ്ക്കുളള വഴികളും ദൂരവും എന്ന സശീർഷകവിവരണത്തില് കൈലാസസ്ഥിതിയെ ആമുഖമായി, സുവ്യക്തമായി, അവതരിപ്പിക്കുന്നു.
‘കൈലാസദർശനപുണ്യത്തില്’ എന്ന ശീർഷകത്തോടുകൂടിയ വിവരണത്തില് ‘സർവ്വേശ്വരന്റെ കോൺക്രീറ്റ് ഹോമായ, ലോകജനതയുടെ തറവാടായ’ കൈലാസത്തിന്റെ മഹത്ത്വത്തെ ഗ്രന്ഥകാരന് ഉദ്ഘോഷിക്കുന്നു. കൈലാസം, മാന്ധാതാ, സുരാഗ്, കാൻഗ്ളിങ് എന്നീ പർവ്വതങ്ങളേയും ഗംഗാ, ബ്രഹ്മപുത്ര, സരയൂ, സിന്ധു എന്നീ നദികളേയും, ബുദ്ധവിഹാരകേന്ദ്രങ്ങളേയും വിവരിക്കുന്നു. ഗംഗ മുതലായ നദികളുടെ പ്രഭവവും അദ്ഭുതാവഹമായ പ്രവാഹപ്രഭാവവും ഏറെ ഹൃദ്യമായി ഗ്രന്ഥകാരന് അവതരിപ്പിക്കുന്നു.
മാനസസരസ്സിലെ മായക്കാഴ്ചകള് എന്ന സശീര്ഷക വിവരണത്തിലൂടെ ഗ്രന്ഥകാരന്റെ കവിഹൃദയം മേഘമയൂര ദർശനത്തില് മദിച്ച മയൂരംപോലെ ഉയർന്ന് വിടരുന്നു. പ്രപഞ്ചത്തിന്റെ രണ്ടവസ്ഥകളേയും -സുഖം, ദുഃഖം - ആത്മാർത്ഥതയോടെ ഉൾക്കൊണ്ട് അനുവാചകരിലേക്ക് ഗ്രന്ഥകാരന് സന്നിവേശിപ്പിക്കുന്നു.
രാക്ഷസതടാകത്തിന്റെ സവിശേഷതകള് എന്ന സശീര്ഷക വിവരണത്തില് ‘മാന്ധാതാ പർവ്വത’ത്തിന്റെ കൊടുമുടികളുടെ പ്രതിബിംബങ്ങളെ തുലിതകൈലാസനായ രാവണന്റെ നാമത്തിലറിയപ്പെടുന്ന തടാകത്തിലെ തിരമാലകള് തൊട്ടിലാട്ടിയുറക്കുവാന് ശ്രമിക്കുന്ന ഗ്രന്ഥകാരന്റെ അതിസുന്ദരമായ ബിംബം അത്യന്തം ഹൃദയാവർജകം തന്നെ.
മാനസസരസ്സിലെ മഹായുദ്ധം എന്ന സശീര്ഷക വിവരണത്തില് സാമാന്യജനങ്ങൾക്കന്യമായ ഒരു മായികലോകത്തിന്റെ യാഥാർത്ഥ്യതലത്തിലേക്ക് നമ്മെ ഗ്രന്ഥകാരന് കൊണ്ടുപോകുന്നു. പകല് കളിച്ചു തിമിർത്ത് രാത്രിയില് ശാന്തമായി ഉറങ്ങുന്ന തടാകത്തിനു ചുംബനങ്ങള് നല്കി വാത്സല്യം കാട്ടുന്ന പർവ്വതങ്ങളും, ചന്ദ്രനും താരങ്ങളും അടങ്ങിയ മനോഹരമായ ബിംബത്തിലൂടെ ഗ്രന്ഥകാരന് വീണ്ടും നമ്മെ ആനന്ദപുളകിതരാക്കുന്നു.
“മാനസഖണ്ഡിലെ മറ്റുചില വിശേഷങ്ങള്” എന്ന സശീർഷകവിവരണത്തില് ഭൂമിശാസ്ത്രത്തില് ഏറെ അവഗാഹം നേടിയ അദ്ധ്യാ പകനെപ്പോലെ അത്യന്തം അവധാനതയോടെ ഗ്രന്ഥകാരന് ഭൂമിശാസ്ത്രപാഠങ്ങള് നമ്മെ പഠിപ്പിക്കുന്നു.
“കൈലാസം സന്ദർശിച്ച മഹാരഥ•ാര്” എന്ന സശീര്ഷക വിവരണത്തില് പുരാണസത്യങ്ങളും ചരിത്രസത്യങ്ങളും മേളിക്കുന്നതു കാണാം. ചരിത്രവൈചിത്യ്രത്തിലുളള ഗ്രന്ഥകാരന്റെ സാമർത്ഥ്യത്തെ നമുക്കിവിടെ കാണുവാന് സാധിക്കൂം.
‘കൈലാസത്തിന്റെ കാൽചിലമ്പൊലി’ എന്ന സശീര്ഷക വിവരണത്തില് കൈലാസ മാനസസരോവരാദികളുടെ ദർശനലാഭത്താലുണ്ടായ ദേശവിദേശ യാത്രികരുടെ വികാരവിചാരങ്ങള് അതരിപ്പിക്കുന്നു. മാനസ സരസ്സില് നിന്നുമുളള ഈശ്വരചൈതന്യം വഴിഞ്ഞൊഴുകുന്ന കൈലാസ ദര്ശന മഹാപുണ്യത്തെ സ്വയമാവാഹിച്ച് സജ്ജനസമക്ഷമതു പ്രതിഷ്ഠി ക്കുവാന് ആഗ്രഹിക്കുന്ന ഗ്രന്ഥകാരന്റെ ആത്മാർത്ഥതയെ എത്രപ്രശംസി ച്ചാലും മതിയാവില്ല.
‘പാർവ്വതിയെ ഭദ്രകാളിയാക്കിയാല്’ എന്ന സശീര്ഷക വിവരണത്തില് പഞ്ചേന്ദ്രിയവേദ്യത്തിനുമപ്പുറമുളള പ്രപഞ്ചസത്യത്തിന്റെ സൂക്ഷ്മമായ അന്വേഷണമടങ്ങിയിരിക്കുന്നു. ഭൂമിശാസ്ത്രപരവും വാസ്തുശാസ്ത്രപരവുമായ തന്റെ പാടവം ഗ്രന്ഥകാരന് പ്രദർശിപ്പിക്കുന്നു.
വാല്മീകിയും, വ്യാസനും, കാളിദാസനും, എല്ലാം വരച്ചുകാട്ടിയ മാനസസരസ്സും കൈലാസവും ശ്രീ. മുണ്ടൂര് ശിവൻകുട്ടി നായരിലൂടെ നേരിട്ടറിയുവാന് കഴിഞ്ഞത് മഹാഭാഗ്യം തന്നെ!. മലയാളഭാഷയില് ബിരുദാനന്തരബിരുദം നേടിയ സാഹിത്യകാരനും, വാസ്തുശാസ്ത്രനിഷ്ണാതനായ സത്യനിഷ്ഠനായ ഉദ്യോഗസ്ഥനും സമർത്ഥനായ ജ്ഞാനാർത്ഥിയും, പ്രതിഭാവാനായ കവിയുമായ ശ്രീ. മുണ്ടൂര് ശിവൻകുട്ടി നായരെ പരിചയപ്പെടുവാന് സാധിച്ചതും, അദ്ദേഹത്തിന്റെ വിശിഷ്ടമായ ഗ്രന്ഥ ത്തെ ആസ്വദിക്കുവാനുളള ഭാഗ്യം എനിക്കു ലഭിച്ചത് എന്റെ അച്ഛന്റെ അനുഗ്രഹംകൊണ്ടുമാത്രമാണ്. (62949 സംസ്കൃത ശ്ളോകങ്ങളടങ്ങിയ “ശ്രീ തീർത്ഥപാദപുരാണം” എന്ന ശ്രീ ചട്ടമ്പിസ്വാമികളെപ്പറ്റിയുളള മഹാഗ്രന്ഥത്തിലൂടെ സംസ്കൃതഭാഷയെ വിസ്മയിപ്പിച്ച പ്രൊഫസര് ഏ. വി. ശങ്കരന്,) പുത്രന്റെ ഗ്രന്ഥാവതാരികാരൂപത്തിലുളള വരികൾക്ക് ചൈത ന്യം നല്കുമെന്ന വിശ്വാസത്തോടെ അത്യന്തം രസാവഹവും കാവ്യാത്മകവുമായ “ശിവകൈലാസം” എന്ന ഗ്രന്ഥത്തെ സവിനയം സജ്ജനസഹൃദയസമക്ഷം സാഭിമാനം അവതരിപ്പിക്കുന്നു.
1. സമർപ്പണം
2. ആമുഖം കത
3. അവതാരിക തഢകക
4. ഭൂമിശാസ്ത്രപരമായി കൈലാസത്തിന്റെ കിടപ്പും അവിടേക്കുളള വഴികളും ദൂരവും 21
5. കൈലാസ ദർശനപുണ്യം 22
6. മാനസസരസ്സിലെ മായക്കാഴ്ചകള് 28
7. രാക്ഷസ തടാകത്തിന്റെ സവിശേഷതകള് 34
8. മാനസസരസ്സിലെ മഹായുദ്ധം 36
9. മാനസഖണ്ഡിലെ മറ്റുചില വിശേഷങ്ങള് 42
10. കൈലാസം സന്ദർശിച്ച മഹാരഥ•ാര് 54
11. കൈലാസത്തിന്റെ കാൽച്ചിലമ്പൊലി 71
12. പാർവ്വതിയെ ഭദ്രകാളിയാക്കിയാല്? 76
പി.ശിവൻകുട്ടിനായര്
1945 ഒക്ടോബര് മാസം 9-ാം തീയതി കൊല്ലം ജില്ലയില് ശൂരനാട് വടക്ക് വില്ലേജില് ആനയടി മുറിയില് കോട്ടപ്പുറത്ത് വീട്ടില് ജനിച്ചു. അച്ഛന് പള്ളിക്കല് കലതിവിളയില് പരമേശ്വരന് നായര്, അമ്മ കോട്ടപ്പുറത്ത് ഭാരതിയമ്മ.
പള്ളിക്കല് ഗവ: എല്.പി.സ്കൂള്, പള്ളിക്കല് യു.പി.സ്കൂള്, ശൂരനാട് ഹൈസ്കൂള് എന്നിവിടങ്ങളില് പഠിച്ചു. പിന്നീട് പണ്ഡിറ്റ് കെ.കെ.പണിക്കരുടെ ശിക്ഷണത്തില് മലയാളം വിദ്വാന് പരീക്ഷ പാസ്സായി. തുടർന്ന് കോഴിക്കോട് യൂണിവേഴ്സിറ്റിയില് നിന്നും ബി.എ യും, കേരള യൂണിവേഴ്സിറ്റിയില് നിന്നും മലയാള സാഹിത്യത്തില് എം.എ. യും പ്രൈവറ്റായി പഠിച്ച് പാസ്സായി.
1967-ല് അഡീഷണല് വില്ലേജ് അസിസ്റന്റായി പാലക്കാട് ജില്ലയില് കേരളശ്ശേരി വില്ലേജില് ജോലിയില് പ്രവേശിച്ചു. 2000-ല് പാലക്കാട് കിൻഫ്ര സ്പെഷ്യല് തഹസിൽദാരായി റിട്ടയര് ചെയ്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഹിമാലയത്തിലും, കൈലാസ് മാനസസരസ്സിലും, സിംഗപ്പൂര്, മലയാ, നേപ്പാള്, ടിബറ്റ് എന്നീ രാജ്യങ്ങളിലും സന്ദർശിച്ചിട്ടുണ്ട്.
ഭാര്യ : ശാന്തലക്ഷ്മി
മക്കള് : ശ്രീജിത്ത്, ശ്രീവിദ്യ, ശ്രീനാഥ്.
വിലാസം : വരിക്കാശ്ശേരി മഠം,
മുണ്ടൂര് - പി. ഒ.
പാലക്കാട്.
കേരളം.
ഫോണ് : 0491 2832789.
</poem>
</div>All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://ml.wikisource.org/w/index.php?oldid=68797.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|